ഒരു രാജ്യം, ഒരു ഭാഷ; ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകണമെന്നും ഹിന്ദിക്ക് അതിനുള്ള ശേഷിയുണ്ടെന്നും ഹിന്ദി ദിവസ് ആഘോഷ ദിനമായ ഇന്ന് ഷാ ട്വീറ്റ് ചെയ്തു.

ധാരാളം ഭാഷകളുള്ള രാഷ്ട്രമാണ് ഇന്ത്യയെന്നും ഓരോന്നിനും അതിന്റേതായ പ്രാധാന്യം ഉണ്ട് എന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ച സെപ്തംബര്‍ 14നാണ് ഓരോ വര്‍ഷവും രാജ്യം ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. ഹിന്ദിയെ കൂടാതെ ഇംഗ്ലീഷാണ് മറ്റൊരു ഔദ്യോഗിക ഭആഷ. രാജ്യത്ത് സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ട 22 ഭാഷകളുമുണ്ട്.

ഹിന്ദിയെ രാഷ്ട്രഭാഷയാക്കണം എന്നത് മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നമാണ്. രാജ്യത്ത് ധാരാളമായി സംസാരിക്കപ്പെടുന്ന ഭാഷയാണ് ഹിന്ദി. അതു കൊണ്ട് രാഷ്ട്രത്തെ ഏകീകരിക്കാനുള്ള ശേഷി അതിനുണ്ട്- അദ്ദേഹം വ്യക്തമാക്കി.

ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ വിദ്യാഭ്യാസ കരടു നയത്തില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തീരുമാനത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടന്ന തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ രാഷ്ട്രീയ കക്ഷികള്‍ തീരുമാനത്തെ അപലപിച്ചിരുന്നു. ബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജിയും കേന്ദ്രനീക്കത്തെ എതിര്‍ത്തിരുന്നു. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ ഭാഷയുണ്ട്. പ്രാദേശിക ഭാഷയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ മുന്‍ മേധാവി കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് കരട് വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയിരുന്നത്.