മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ഐ ഗ്രൂപ്പിനും ചെന്നിത്തലക്കും തിരിച്ചടിയാവുന്നു

കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ഐ ഗ്രൂപ്പിനും ചെന്നിത്തലക്കും തിരിച്ചടിയാവുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന 5 നിയമസഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പില്‍ യോഗ്യത മാനദണ്ഡമാക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞും കഴിഞ്ഞു.

ഐ ഗ്രൂപ്പിനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തീരുമാനമാണിത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്ന നാലു സീറ്റുകളും ഐ ഗ്രൂപ്പ് അവരുടെ സീറ്റുകളായി കാണുന്നവയാണ്. ഇവിടെ യോഗ്യത മാനദണ്ഡമാക്കിയാല്‍ സീറ്റുകള്‍ എ വിഭാഗം തട്ടിയെടുക്കുമെന്ന ഭീതിയിലാണ് ഐ വിഭാഗം നേതാക്കള്‍.

തന്റെ നോമിനിയെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മുല്ലപ്പള്ളി അവതരിപ്പിക്കാനുള്ള സാധ്യതയും ഗ്രൂപ്പ് മാനേജര്‍മാര്‍ തള്ളിക്കളയുന്നില്ല. എ വിഭാഗവും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് സംയുക്തമായി നീങ്ങിയാല്‍ ഐ ഗ്രൂപ്പിനെ സംബന്ധിച്ച് പിടിച്ച് നില്‍ക്കാനും ബുദ്ധിമുട്ടാകും. ഇക്കാര്യത്തില്‍ വലിയ ആശങ്ക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഇപ്പോഴുണ്ട്.

സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്തില്ലങ്കില്‍ എ ഗ്രൂപ്പ് പാലം വലിച്ചാല്‍ 4 ഇടത്തും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി തോല്‍ക്കുമെന്ന കാര്യവും ഉറപ്പാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ പറ്റുമോ എന്ന ആശങ്ക ഇപ്പോള്‍ തന്നെ യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷം സ്വാധീനം തിരിച്ച് പിടിച്ചാല്‍ പണി പാളുമെന്ന മുന്നറിയിപ്പ് ഘടക കക്ഷികളും കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ കാവിയണിയുന്ന പ്രവണത കൂടുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് പോയത് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രചരണമാക്കുമെന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഇടതുപക്ഷത്തിന് സിറ്റിംഗ് സീറ്റായ അരൂര്‍ നിലനിര്‍ത്തിയാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വലിയ രാഷ്ട്രീയ വിജയമായി മാറും. അരൂരിന് പുറമെ കോന്നി മണ്ഡലം ഇടതുപക്ഷം പിടിച്ചെടുക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും നിലവില്‍ തള്ളിക്കളയുന്നില്ല.

വട്ടിയൂര്‍ക്കാവ്, അരുര്‍ ,കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ മഞ്ചേശ്വരമൊഴികെയുള്ള 4 സീറ്റിലും കോണ്‍ഗ്രസ്സാണ് മത്സരിക്കുന്നത്. അരുര്‍ ഒഴികെ മറ്റുള്ളവ സിറ്റിംഗ് സീറ്റുകളുമാണ്. ഐ വിഭാഗം നേതാക്കളാണ് ഈ മണ്ഡലങ്ങളെയെല്ലാം പ്രതിനിധീകരിച്ചിരുന്നത്.

വടിയൂര്‍ക്കാവില്‍ കെ.മുരളീധരനും, കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനുമാണ് ഐ ക്വാട്ടയില്‍ എം.എല്‍.എമാരായിരുന്നത്. എന്നാല്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെ ഗ്രൂപ്പില്‍ നിന്നും പൂര്‍ണ്ണമായും ഇവര്‍ മൂന്ന് പേരും അകന്ന് നില്‍ക്കുകയാണ്. മുരളീധരനും അടൂര്‍ പ്രകാശിനും താല്‍പ്പര്യം ചെന്നിത്തലയേക്കാള്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയോടാണ്. ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണ്ടായ മാറ്റമാണെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്. ഹൈബി ഈഡനും പഴയ താല്‍പ്പര്യം ഇപ്പോള്‍ ചെന്നിത്തലയോടില്ല.

കോണ്‍ഗ്രസ്സിന്റെ ഒരു സെറ്റപ്പ് വച്ച് നോക്കിയാല്‍ ഈ മൂന്ന് എം.പിമാര്‍ക്കും അവര്‍ മുന്‍പ് പ്രതിനിധീകരിച്ച നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പങ്കുണ്ടാകും. അത് പക്ഷേ ഒരിക്കലും ഐ ഗ്രൂപ്പിന് അംഗീകരിക്കാവുന്ന പേരുകളായിരിക്കില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോറ്റെങ്കിലും ഐ ഗ്രൂപ്പുകാരിയായ ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ ഒരു കൈ നോക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അരൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ട് ലഭിച്ചതാണ് ഈ താല്‍പ്പര്യത്തിന് കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല കാലുവാരിയെന്ന ആക്ഷേപമുള്ളതിനാല്‍ എ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ഷാനിമോളുടെ കരു നീക്കം. ഇവിടെ സീറ്റിനായി മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും രംഗത്തുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മേധാവിത്വം എന്തായാലും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്. കോണ്‍ഗ്രസിലാവട്ടെ ഉപതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഇപ്പോഴേ അടി തുടങ്ങി കഴിഞ്ഞു. പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇത് രൂക്ഷമാകാനാണ് സാധ്യത.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ കെ.മുരളീധരന്റെ വട്ടിയൂര്‍ക്കാവ്, അടൂര്‍ പ്രകാശിന്റെ കോന്നി, ഹൈബി ഈഡന്റെ എറണാകുളം മണ്ഡലങ്ങളിലും. സി.പി.എമ്മിലെ ആരിഫിന്റെ അരൂരിലുമാണ് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിമോഹികള്‍ അടിതുടങ്ങിയത്. ആലപ്പുഴയില്‍ ആരിഫിനോട് പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന് അരൂര്‍ സീറ്റ് നല്‍കണമെന്ന ആവശ്യം മഹിളാകോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. കാലുവാരലെന്ന ഷാനിമോളുടെ പരാതി പരിഹരിക്കാന്‍ അരൂരില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കി തലയൂരാനാണ് ചെന്നിത്തലയിപ്പോള്‍ ശ്രമിക്കുന്നത്.

മുരളീധരന്‍ രണ്ടുതവണ വിജയിച്ച വട്ടിയൂര്‍ക്കാവിനുവേണ്ടി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലും രംഗത്തുണ്ട്.അടൂര്‍ പ്രകാശിന്റെ സീറ്റായ കോന്നിക്കുവേണ്ടിയാണ് നേതാക്കളുടെ തമ്മിലടി രൂക്ഷമായിരിക്കുന്നത്. പത്തനംതിട്ട ലോക്‌സഭാ സീറ്റിനായി ശ്രമിച്ച ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജ്, പി.സി വിഷ്ണുനാഥ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവരും സജീവമാണ്.

ഇതിനിടെ കോന്നി സീറ്റ് ഐ ഗ്രൂപ്പിനാണെന്നു പറഞ്ഞ് സീറ്റിനായി ഗ്രൂപ്പ് നേതൃത്വം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍ അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് വിട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമായിരുന്നു. അതിനാല്‍ കോന്നിയില്‍ എ ഗ്രൂപ്പും പിടിമുറുക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ മത്സരിക്കാതെ മാറിനിന്ന പി.സി വിഷ്ണുനാഥിന് തിരുവനന്തപുരമോ കോന്നിയോ നല്‍കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.

ഹൈബി ഈഡന്റെ എറണാകുളം സീറ്റിനായി ലോക്‌സഭാ സീറ്റ് നഷ്ടമായ മുന്‍ കേന്ദ്രമന്ത്രികൂടിയായ പ്രൊഫ. കെ.വി.തോമസ്, ഡൊമനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവരെല്ലാം രംഗത്തുണ്ട്. കോണ്‍ഗ്രസിലെ ഈ തമ്മിലടിയിലും മഞ്ചേശ്വരത്തെ ലീഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിമോഹികളാരും ഇതുവരെ രംഗത്ത് വന്നിട്ടില്ല. എന്നാല്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ശക്തമായി രംഗത്ത് വരാനാണ് യൂത്ത് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഉപതെരഞ്ഞെടുപ്പില്‍ നിലവിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെങ്കില്‍ അത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ അവരുടെ പ്രതീക്ഷകളെയാണ് തകര്‍ക്കുക.

അതേസമയം തിരിച്ചുവരവിനുള്ള തെരഞ്ഞെടുപ്പായി കണ്ട് സകല ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് സി.പി.എം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശക്തമായ സംഘടനാ സംവിധാനം ഇക്കാര്യത്തില്‍ സി.പി.എമ്മിന് തുണയാകും. ബി.ജെ.പിയും കേഡര്‍ സംവിധാനം ഉപയോഗിച്ച് കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ്.

കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ അഞ്ച് മണ്ഡലങ്ങളിലും നിര്‍ത്തുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന. പാലാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഉടന്‍ ഇടത്പക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കും. പാലായില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടിയാല്‍ അത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പ്രതിഫലിക്കും. ഇനി പരാജയപ്പെടുകയാണെങ്കില്‍ അത് മാണിയോടുള്ള സഹതാപ തരംഗമായി വ്യാഖ്യാനിക്കാനും ഇടതുപക്ഷത്തിന് കഴിയും.