വിഗ്രഹങ്ങൾ എത്ര പെട്ടെന്നാണ് ഉsയുന്നത്

റോയ് മാത്യു

മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം ഏബ്രഹാം, മാന്യനും, അഴിമതി വിരുദ്ധ ന്നും, അമേരിക്കയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണെന്നുമുള്ള വാഴ്ത്തു പാട്ടുകൾ സോഷ്യൽ മീഡിയായിൽ ആടി തിമിർക്കുകയാണ്. ചീഫ് സെക്രട്ടറി പദവി ഒഴിഞ്ഞതിന്റെ പിന്നാലെ അദ്ദേഹം കിഫ് ബി യുടെ സിഇഒ ആയി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ഇംഗിതമനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകൾ പ്രകാരമായിരുന്നു നിയമനം.
അദ്ദേഹം ധനകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് വിരമിച്ച ഉദ്യോഗസ്ഥരെ പുനർ നിയമനം നടത്തുമ്പോൾ പാലിക്കേണ്ട മാർഗനിദ്ദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് ഏബ്രഹാമിനെ കിഫ് ബി സി ഇ ഒ ആയി നിയമിച്ചത്.ചീഫ് സെക്രട്ടറിയുടെ ശമ്പളത്തേക്കാൾ ഉയർന്ന സ്കെയിലിലാണ് കിഫ് ബി യുടെ സിഇഒയെ നിയമിച്ചിരിക്കുന്നത് .. ഫിനാൻസ് സെക്രട്ടറി എന്ന നിലയിൽ താനിറക്കിയ ഉത്തരവ് കേവലം സാങ്കേതികമെന്നാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ സായ് കിരണി നോട് പറഞ്ഞത്. പക്ഷേ, തന്നെ കിഫ് ബി യിൽ നിയമിച്ചത് സർക്കാരാണ്. സർക്കാരിന് ഇഷ്ടം പോലെ നിയമിക്കാമെന്നും ഏബ്രഹാം പറയുന്നു. ആദിമ ക്രൈസ്തവ പിതാവായ അബ്രഹാമിനെക്കുറിച്ച് ദൈവം പറഞ്ഞിരിക്കുന്നത് കേരള സർക്കാരിലും സംഭവിച്ചു എന്നു തോന്നുന്നു – ” അബ്രഹാം എന്റെ വാക്ക് കേട്ട് എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ട് ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു. നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും . നിന്റെ സന്തതി മുഖാന്തിരം ഭുമിയിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും (ഉല്പത്തി അധ്യായം 26. വാക്യങ്ങൾ 5 – 7 ) സകല ജാതികളിൽ പെട്ട ചിലർ കിഫ് ബി മുഖാന്തിരം അനുഗ്രഹിക്കപ്പെടുകയാണ്. പക്ഷേ, ദേശം മാത്രം അനുഗ്രഹിക്കപ്പെടുന്നില്ല.

എത്ര മനോഹരമായ ഉത്തരവുകൾ – ഇഷ്ടം പോലെ വളയ്ക്കാം – ഒടിക്കാം –

കിഫ് ബി യിൽ ഇമ്മാതിരി ഒരു പാട് പുനർ നിയമനങ്ങളും, കരാർ നിയമനങ്ങളും അല്ലാത്ത നിയമനങ്ങളും നടക്കുന്നുണ്ട്. . മാധ്യമ പ്രവർത്തനം അങ്ങാടി മരുന്നോ, പച്ചമരുന്നോ എന്നറിയാത്ത ഒരുത്തനെ വരെ മീഡിയാ കോർഡിനേറ്ററായി കിഫ് ബി യിൽ നിയമിച്ചിട്ടുണ്ട്. എല്ലാ സർക്കാരിന്റെ കാലത്തും ഇത്തരം വഴിവിട്ട നിയമനങ്ങൾ നടക്കാറുണ്ട്. അതു വെച്ചുള്ള സാമാന്യ വൽക്കരണമാണ് മിക്കപ്പോഴും നടക്കുന്നത്.
ഏബ്രഹാം പുണ്യാളനാണെന്ന മട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ കിഫ് ബി യിലെ ശിങ്കിടികൾ വാഴ്ത്തുെ പാട്ടുകൾ ഇറക്കിയിട്ടുണ്ട്. ഈ പാട്ടെഴുതിയത് ആരാണെന്ന് അറിഞ്ഞു കൂടാ – “അമേരിക്കയിൽ നിന്ന് ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (FCA) യോഗ്യത നേടിയ വ്യക്തിയാണ്. അന്താരാഷ്ട ചാർട്ടേർഡ് ഫിനാൻഷ്യൽ ലൈസൻസുള്ള ഈ മനുഷ്യൻ ലോക പ്രശസ്തമായ മിഷിഗണ്ണിൽ നിന്ന് പ്ലാനിംഗ് ടെക്നോളജിയിൽ Phd യും നേടിയിട്ടുണ്ട്. ”
ഇങ്ങനെ പോകുന്നു ഏബ്രഹാമിനെക്കുറിച്ചുള്ള സ്തുതി ഗീതങ്ങൾ. അമേരിക്കയിൽ നിന്ന് യോഗ്യതകൾ നേടിയാൽ എന്തു കൊള്ളരുതായ്മയും ചെയ്യാമെന്നാണോ ഇതിനർത്ഥം?
അമേരിക്കയിലെ ഹാവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രശസ്തമായ നിലയിൽ എം ബി എ നേടിയ പളനിയപ്പൻ ചിദംബരം എന്ന മുൻ ധനകാര്യ മന്ത്രി ഇപ്പോൾ തീഹാർ ജയിലിൽ കിടപ്പുണ്ട്.

പൊതുപണം ഇഷ്ടം പോലെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോഭാവത്തിനാണ് അറുതി വരേണ്ടത്. രാഷ്ട്രീയ നേതൃത്വവുമായി ഒത്തുകളിച്ച് അവർ ഖജനാവിലെ പണം സ്വന്തക്കാർക്കും ശിങ്കിടികൾക്കുമായി വീതം വെക്കുന്നു. അതു കൊണ്ടാണല്ലോ വ്യവസ്ഥാപിതമായ CAG ഓഡിറ്റിനെ ഏബ്രഹാമും സർക്കാരും എതിർക്കുന്നത്-
പാലാരിവട്ടം പാലം മോഡൽ വികസനങ്ങൾക്കുണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല – മരട് ഫ്ളാറ്റുകളുടെ നിർമ്മാണത്തിലും ഇമ്മാതിരി നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് നടന്നത്. ഒത്തുകളി രാഷ്ട്രീയമാണ് എന്നും എപ്പോഴും കേരളത്തിൽ നടക്കുന്നത്. ഏബ്രഹാമിന്റെ സ്പോൺസേർസ് യു ഡി എഫിലുമുണ്ട്. ഇവർ രണ്ട് വശത്തേക്കുമുള്ള പാലം പണിയാൻ മിടുക്കരാണ്.
ഇപ്പോൾ കി ഫ്ബിക്കെതിരെ ചന്ദ്രഹാസ മിളകുന്ന പ്രതിപക്ഷം നാളെ അധികാരത്തിൽ വന്നാലും ഒന്നും സംഭവിക്കില്ല. – ഉമ്മൻ ചാണ്ടി സർക്കാരിന്റെ കടുംവെട്ട് അന്വേഷണം LDF സർക്കാരിന്റെ ഫ്രീസറിൽ ഉറങ്ങുകയാണ്.
പണ്ട് എം ജി ആർ തമിഴ് നാട് ഭരിക്കുന്ന കാലത്ത് കാര്യ സാധ്യത്തിനായി എത്തുന്ന ബിസിനസുകാരോട് ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് –
“അന്ത കണ്ണാടിയെ ( കരുണാനിധി) പാത്താച്ചാ” ?.
അവിടെ കൊടുക്കാനുള്ളത് കൊടുത്താ പിന്നെ യാതൊരു പ്രശ്നവുമില്ല
ഇങ്ങ് കേരളത്തിലേയും നാട്ട് നടപ്പ് ഇതാണ്.