കോട്ടകള്‍ ഇളക്കി കാപ്പന്‍; ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ നാല്‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ ലീഡ് തുടരുകയാണ്. യു.ഡി.എഫ് ശക്തികേന്ദ്രമായ ഭരണങ്ങാനത്തെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് 4,000 കടന്നു. ഭൂരിപക്ഷം പതിനായിരം കടക്കുമെന്നാണ് മാണി സി കാപ്പന്‍ പ്രതികരിച്ചിരിക്കുന്നത്. ജോസ് കെ മാണിയോടുള്ള വിരോധം പ്രതിഫലിച്ചെന്നും കാപ്പന്‍ പ്രതികരിച്ചു.

അതേസമയം പാലായില്‍ ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചു നല്‍കിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ജോസ് ടോമിന്റെ ആരോപണം.

ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്നും ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.