പാലാരിവട്ടം പാലം; ടെണ്ടര്‍ രേഖകള്‍ തിരുത്തിയതായി വിജിലന്‍സ്

കൊച്ചി: പലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആര്‍ഡിഎസ് കമ്പനിക്ക് പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ ചുമതല നല്‍കുവാനായി ടെണ്ടര്‍ രേഖകളിലടക്കം തിരുത്തല്‍ വരുത്തിയെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. ചെറിയാന്‍ വര്‍ക്കിയെന്ന കമ്പനി 42 കോടിക്കും ആര്‍ഡിഎസ് 47.68 കോടിക്കുമാണ് പാലം നിര്‍മാണത്തിനുള്ള ടെണ്ടര്‍ ക്വോട്ട് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ അധികമായി തിരുത്തല്‍ വരുത്തി ആര്‍ഡിഎസ് കമ്പനിക്ക് 13.43 ശതമാനം ഇളവ് നല്‍കി 41 കോടിയാക്കി കാണിച്ചുവെന്നും സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ (വിജിലന്‍സ്) എ രാജേഷ് കോടതിയെ അറിയിച്ചു.

ടെണ്ടര്‍ രജിസ്റ്ററില്‍ അടക്കം തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ കയ്യക്ഷരം വ്യത്യസ്തമാണ്. ആര്‍ബിസിഡികെ കരാറുകാരനും കിറ്റ്കോ ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്നും വിജിലന്‍സ് അറിയിച്ചു.പ്രകടമായ വ്യത്യാസമാണ് രജിസ്റ്ററില്‍ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി വിജിലന്‍സ് നിയമ വകുപ്പിന്റെയും ഉപദേശം തേടി. നേരത്തെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം തേടിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് സര്‍ക്കാര്‍ അനുമതി വേണമോയെന്നതിലാണ് വിജിലന്‍സ് വ്യക്തത തേടുന്നത്. നിയമോപദേശത്തിനായി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചു. അടുത്ത ദിവസംതന്നെ നിയമോപദേശം ലഭിക്കും.