കുമ്മനത്തെ വെട്ടിയത് തന്റെ പേരുമായി സാമ്യമുള്ളയാൾ; കെ. മുരളീധരന്‍

കേരളത്തില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി കൂട്ടുകെട്ട് അല്ല മാര്‍ക്‌സിസ്റ്റ് ബിജെപി കൂട്ടുകെട്ടാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. ന്യൂനപക്ഷ വോട്ട് വാങ്ങി അധികാരത്തിലെത്തിയ പിണറായി വിജയന്‍ കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. വട്ടിയൂര്‍കാവില്‍ സിപിഎം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാണ് ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. രണ്ടാം രാജഗോപാല്‍ ആവാനുള്ള വലിയ പരിശ്രമത്തിലായിരുന്നു കുമ്മനം രാജശേഖരന്‍. തോറ്റ് തോറ്റ് ചരിത്രം കുറിക്കാനായിരുന്നു കുമ്മനം കുപ്പായം തയ്ച്ചത്. എന്നാല്‍ കേരളത്തിലെ ഉന്നതനായ ബിജെപി നേതാവ് ആ കുപ്പായം വെട്ടിമാറ്റുകായിരുന്നു. അയാളുടെ പേരൊന്നും താന്‍ പറയുന്നില്ലെന്നും എന്നാല്‍ തന്റെ പേരുമായി സാമ്യമുള്ള ആളാണ് ഇത് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. മുരളീധരനെ വെട്ടാന്‍ കുമ്മനത്തെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഡ്ജസ്റ്റാണന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍കാവില്‍ ബിജെപി ദുര്‍ബലനായ സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കും. പകരം വി മുരളീധരന്റെ വിശ്വസ്തനായ കോന്നിയിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുകള്‍ മറിച്ച് നല്‍കാനാണ് തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.