തിരുവനന്തപുരം: ചെന്നിത്തലയുടെ മകനെതിരായ ജലീലിന്റെ ആരോപണത്തോട് വിയോജിച്ച കോടിയേരിക്ക് മറുപടിയുമായി ജലീല്‍. തന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പത്രക്കാരടക്കം തന്റെ ഭാര്യയുടെ മുന്നില്‍ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും കെ.ടി.ജലീല്‍ പറഞ്ഞു. പഴയ യുഡിഎഫുകാരനായതിനാലും ലീഗ് കാരനായതിനാലും അതിന്റെ ദൂഷ്യഫലങ്ങള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് സ്വാഭാവികമാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മകനെതിരേ താന്‍ ഉയര്‍ത്തിയത് ആരോപണമല്ല. മറിച്ച് വസ്തുതകളാണ്. എഴുത്ത് പരീക്ഷയില്‍ 608-ാം റാങ്ക് നേടിയ ഒരാള്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്കിലെത്തുന്നതില്‍ വലിയ അസ്വാഭാവികതയുണ്ടെന്നും ജലീല്‍ ആവര്‍ത്തിച്ചു.
അതേ സമയം ചെന്നിത്തല തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ സര്‍വകലാശാലയുടെ അധികാരത്തില്‍ ഇടപ്പെട്ടിട്ടില്ല. മോഡറേഷന്‍ നല്‍കുന്നതെല്ലാം യൂണിവേഴ്സിറ്റി അധികൃതരാണ്.
ഉമ്മന്‍ചാണ്ടിക്ക് അദാലത്ത് നടത്താന്‍ അനുവാദമുണ്ടെങ്കില്‍ തനിക്കും അവകാശമുണ്ട്. അത്രമാത്രമേ താനും ചെയ്തിട്ടുള്ളുവെന്നും ജലീല്‍ പറഞ്ഞു.
 
            


























 
				
















