മാണി ഇടതുപാളയത്തിലേക്ക്

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അണിയറയില്‍ മുന്നണിപ്രവേശ ചര്‍ച്ച സജീവം 

ജോസഫ് ഗ്രൂപ്പിന് അതൃപ്തി

മാണിയുടെ ഇടതുമുന്നണി പ്രവേശത്തിന് കത്തോലിക്കാ സഭയുടെ ആശീര്‍വാദം

മാണിക്കുവേണ്ടി ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശം വൈകിപ്പിക്കുന്നു

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

ബാര്‍ കോഴക്കേസുകളില്‍ കെ.എം. മാണിക്ക് പങ്കില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തലോടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് നീങ്ങുന്നതിന്റെ അണിയറ ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

ഇരുമുന്നണിയിലും ചേരാതെ സ്വതന്ത്ര്യ നിലപാടുമായി തുടരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള നീക്കങ്ങള്‍ ശക്തമായിത്തുടങ്ങി. മാണിക്ക് മുന്നണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ  ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇടതുമുന്നണിയില്‍ ഘടകകക്ഷി സ്ഥാനം നല്‍കാത്തത്. ഇപ്പോള്‍ നിലവില്‍ സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസിന് മാത്രമാണ് ഇടതുമുന്നണിയില്‍ ഘടകകക്ഷി എന്ന അംഗീകാരമുള്ളത്. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസും, ജനാധിപത്യ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫുമായി സഖ്യത്തിലായിരുന്നെങ്കിലും മുന്നണി പ്രവേശം നല്‍കിയിട്ടില്ല. ഈ രണ്ട് കേരള കോണ്‍ഗ്രസ് കഷ്ണങ്ങള്‍ സ്‌കറിയ തോമസിന്റെ പാര്‍ട്ടിയില്‍ ലയിച്ചു ഒന്നായി നില്‍ക്കാന്‍ സി.പി.എം ഉപദേശിച്ചെങ്കിലും ഇരുക്കൂട്ടരും ആ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ല. പിള്ളക്കും ഫ്രാന്‍സിസിനും ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.

ബാര്‍ക്കോഴ കേസില്‍ നിന്ന് ഊരിക്കൊടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാണി യു.ഡി.എഫ് മുന്നണി വിട്ടതെന്ന ആരോപണം ശരിയായി വരികയാണ്. അവശേഷിക്കുന്ന കേസുകളില്‍, നിന്ന് തടിയൂരിക്കഴിഞ്ഞാല്‍ ‘അഴിമതി മുക്ത’ പ്രതിഛായയോടെ മാണിക്ക് ഇടതുമുന്നണിയില്‍ ചേക്കാറാമെന്നാണ് സി.പി.എം നല്‍കിയിരിക്കുന്ന വാഗ്ദാനം. ഈ നീക്കത്തിന് പി.ജെ. ജോസഫിന്റേയും കൂട്ടരുടെയും പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല.

ജോസഫിനെ കൂടി കൂട്ടിവരാതെ മുന്നണി പ്രവേശനം സാധ്യമല്ലെന്ന സൂചനയും ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന ജോസഫ് ഗ്രൂപ്പിലെ ഉന്നതര്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. യു.ഡി.എഫ് വിട്ടു പോകാന്‍ ജോസഫിന് താല്‍പര്യമില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്ന ജോസഫിനും കൂട്ടര്‍ക്കും എല്‍.ഡി.എഫിലേക്ക് പോകാന്‍ നിലവിലെ സാഹചര്യത്തില്‍ താല്‍പര്യമില്ലെന്ന കാര്യം മാണിയെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ജോസ്. കെ. മാണിയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അവരോധിക്കുന്നതിനെതിരെ മാണി ഗ്രൂപ്പിലും, ജോസഫ് ഗ്രൂപ്പിലും അസ്വസ്ഥരായ നിരവധി പേരുണ്ട്. അവരുടെ നിലപാടുകളും മുന്നണി മാറ്റത്തിന് നിര്‍ണ്ണായകമാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിലവില്‍ ഏഴ് കേരള കോണ്‍ഗ്രസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാണി, പിള്ള, സ്‌കറിയ തോമസ്. അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി.സി. തോമസ്, പി.സി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസുകളാണ് ആക്ടീവായി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മാണിയെക്കൂടി ഒപ്പം നിര്‍ത്തി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റു നേടുക എന്ന തന്ത്രമാണ് സി.പി.എം പയറ്റാനുദ്ദേശിക്കുന്നത്. ദേശീയ പാര്‍ട്ടി എന്ന സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ പരമാവധി എം.പിമാരെ ലോക്‌സഭയിലെത്തിക്കണം. നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ സീറ്റില്‍ ജയിക്കാനേ ബംഗാളില്‍ നിന്ന്  കഴിയുകയുള്ളൂ. അതുകൊണ്ട് കേരളത്തില്‍ നിന്ന് പരമാവധി പേരെ ജയിപ്പിച്ചാലെ മതിയാവുകയുള്ളൂ.

മാണിയുടെ ഇടതു പ്രവേശനത്തിനോട് കത്തോലിക്ക സഭയും താല്‍പര്യം പ്രകടിപ്പിച്ചതായാണറിയുന്നത്. ഇതിനിടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരള കോണ്‍ഗ്രസിലും പൊട്ടലും ചീറ്റലും തുടങ്ങിയതായി കേള്‍ക്കുന്നുണ്ട്. ഡോ. കെ.സി. ജോസഫും, പി.സി. ജോസഫും ഒരു ഗ്രൂപ്പായും ഫ്രാന്‍സിസും ആന്റണി രാജുവും മറു ഗ്രൂപ്പായും നീങ്ങുകയാണിപ്പോള്‍. ഇടതുമുന്നണി ഇപ്പോഴും തങ്ങളെ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്നതില്‍ ഇവര്‍ ദുഃഖിതരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് വിട്ട ഫ്രാന്‍സിസ് ജോര്‍ജ്ജിനും കൂട്ടര്‍ക്കും നാല് സീറ്റുകള്‍ നല്‍കിയെങ്കിലും ആര്‍ക്കും ജയിച്ചു കയറാനായില്ല. പാര്‍ട്ടി പിളര്‍ത്തി ഇടതിനൊപ്പം വന്നെങ്കിലും ഇനിയുമൊരു പാര്‍ട്ടിയുടെ രൂപം കൈവരിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനായിട്ടില്ല. മിക്ക ജില്ലകളിലും ജില്ലാ കമ്മിറ്റി പോലും രൂപികരിച്ചിട്ടില്ല.