റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ; കൂടത്തായ് കൊലപാതകത്തില്‍ ചുരുള്‍ അഴിയുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ കൊല്ലപ്പെട്ട റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ. റോയിയുടെ മരണശേഷം മൊബൈൽ നമ്പർ ബി.എസ്.എന്‍.എല്‍ ജിവനക്കാരനായ ജോൺസന്റെ പേരിലേക്ക് മാറ്റിയെന്നും പൊലീസ് കണ്ടെത്തി. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയ് തോമസ്. ജോൺസൺ ഉപയോഗിച്ച് വന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം ജോൺസണെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി നേരത്തെ ജോളി മൊഴി നൽകിയിരുന്നു. ജോൺസണെ വിവാഹം ചെയ്യാനായി അദ്ദേഹത്തിന്‍റെ ഭാര്യയെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നു. ജോൺസണുമായി ജോളി നിരവധി സമയം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു.

ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.ഇരുവരും കോയമ്പത്തൂരില്‍ പോയിരുന്നതായി ജോളി മുമ്പ് വെളിപ്പെടുത്തിയിരുന്നു. കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരെ ഷാജുവിന്‍റെയും കൊല്ലപ്പെട്ട സിലിയുടെയും മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാനമ്മയായ ജോളിയില്‍ നിന്നും കഠിനമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിട്ടിരുന്നതായും അപരിചിതനെപ്പോലെയാണെന്ന് കൂടത്തായിയിലെ വീട്ടിൽ ജീവിച്ചിരുന്നതെന്നും സിലിയുടെ മകൻ അന്വേഷണസംഘത്തിന് മൊഴി നല്‍കി.