ചുവപ്പിനെ കൈവിട്ട് അരൂര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ക്ക് ജയം

അരൂര്‍: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിജയം. എല്‍.ഡി.എഫും യു.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലായിരുന്നു ഷാനിമോളുടെ എതിരാളി.അഡ്വ.പ്രകാശ് ബാബു വായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്നു അരൂര്‍. എംഎല്‍എയായിരുന്ന എഎം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് അരൂരിലാണ്. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും വലിയ പ്രതീക്ഷയാണ് മുന്നണികള്‍ വെച്ചു പുലര്‍ത്തിയത്.

ഏക സീറ്റിങ്ങ് സീറ്റായതിനാല്‍ മറ്റ് മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിനേക്കാള്‍ അരൂര്‍ നിലനിര്‍ത്തുക എന്നത് ഇടതുമുന്നണിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38519 വോട്ടുകള്‍ക്കായിരുന്നു എഎം ആരിഫ് വിജയിച്ചത്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോറ്റിട്ടും അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നേടിയത് ഇടതുമുന്നണിയെ ഞെട്ടിച്ചു. 648 വോട്ടിന്റെ ലീഡായിരുന്നു മണ്ഡലത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. ഇത് തന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചത്. ബൂത്ത് ലെവലില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ 5000 വോട്ടിന്റെ ലീഡ് വരെയാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.