കരമനയിലെ മരണങ്ങളില്‍ ദുരൂഹതകള്‍ ഏറെ; സ്വത്തുക്കള്‍ വീതം വച്ചു, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കരമന കുളത്തറയില്‍ ഒരു കുടുംബത്തിലെ ഏഴ് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. വില്‍പത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പിട്ട സാക്ഷികള്‍ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്. ജയമാധവന്‍ നായര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ അയല്‍വാസികളെപ്പോലും അറിയിക്കാതെ രവീന്ദ്രന്‍നായര്‍ എന്നൊരാള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തി. ജയമാധവന്‍ നായര്‍ ജീവിച്ചിരിക്കെത്തന്നെ രവീന്ദ്രന്‍ നായര്‍ സ്വത്തുക്കളില്‍ ചിലതു തന്റെ പേരിലേക്ക് മാറ്റിയിരുന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കരമനയിലെ കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥര്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തല്‍ മരിച്ചത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് കേസിലെ പരാതിക്കാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍ കുമാറും പരാതി നല്‍കിയിരുന്നു.

ജയമാധവും ജയപ്രകാശും മാനസിക രോഗികളായിരുന്നുവെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു കളഞ്ഞിരുന്നുവെന്നും പ്രസന്നകുമാരി പറയുന്നു. ഇവരുടെ പേരില്‍ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും പ്രസന്നകുമാരി പറഞ്ഞു.

ഗോപിനാഥന്‍ നായരുടെ മക്കളാരും വിവാഹം കഴിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്ന ജോലിക്കാരില്‍ ചിലരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും ഇവര്‍ക്കും ചില ബന്ധുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നുമാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയിരിക്കുന്ന മൊഴി.

കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളും ബാങ്കു നിക്ഷേപവും ഇവര്‍ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. വീട്ടിലെ കാര്യസ്ഥര്‍ക്കു മാത്രമാണ് കുടുംബത്തിലെ കാര്യങ്ങള്‍ അറിയാമായിരുന്നത്. ഇവര്‍ നാട്ടുകാരായ ആരെയും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥന്‍മാരും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നും അനില്‍കുമാറിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.