ഹരിയാനയില്‍ ബിജെപിയുടെ മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയായി ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ ജെജെപിയുമായുള്ള ധാരണപ്രകാരമാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം ലഭിച്ചത്. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും ചങ്ങില്‍ സന്നിഹിതരായിരുന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ,മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു.
 
            


























 
				
















