മോദി സൗദിയില്‍: ആരാംകോ റിലയന്‍സില്‍ മുതല്‍ മുടക്കും

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ദ്വിദിന സന്ദര്‍ശനത്തിനിടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്ന സ്വകാര്യ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സൗദി ആരാംകോയുമായി റിലയന്‍സ് ഒപ്പുവയ്ക്കുന്ന കരാറാണ് ഇന്ത്യ ഒപ്പുവയ്ക്കുന്ന 12 തന്ത്രപ്രധാന ധാരണാപത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ഊര്‍ജ്ജം, പെട്രോളിയം, പ്രതിരോധം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലയിലാണ് മോദി കരാര്‍ ഒപ്പുവയ്ക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കരാറാണ് മോദിയുടെ സന്ദര്‍ശനത്തില്‍ സുപ്രധാനമായത്. ആവശ്യമായ 80 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമെന്ന നിലയില്‍, ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദിയുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സൗദി ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്.
ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണ ശേഖരത്തില്‍ സൗദി കമ്പനികള്‍ക്ക് നിക്ഷേപമിറക്കാനുള്ള ധാരണാ പത്രം ഈ സന്ദര്‍ശനത്തില്‍ ഒപ്പുവച്ചേക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയായ സൗദി ആരാംകോയുമായി ആണ് കരാര്‍ ഉണ്ടാക്കുക. നിലവില്‍ ഇന്ത്യയിലെ തന്ത്രപ്രധാന എണ്ണ കരുതല്‍ ശേഖരത്തിലേക്ക് പ്രവേശനമുള്ളത് അബൂദബി ആസ്ഥാനമായ നാഷണല്‍ ഓയില്‍ കോര്‍പറേഷനു മാത്രമാണ്. കര്‍ണാടകയിലെ മംഗളൂരു റിസര്‍വുമായാണ് യു.എ.ഇ കമ്പനി ധാരണാ പത്രം ഒപ്പുവച്ചിട്ടുള്ളത്.

ഈ സന്ദര്‍ശനത്തിനിടെ, സൗദി ആരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പെട്രോ കെമിക്കല്‍ റിഫൈനിങ് ബിസിനസില്‍ ഇരുപത് ശതമാനം ഓഹരി വാങ്ങാനുള്ള കരാറില്‍ ഒപ്പു വയ്ക്കും. നേരത്തെ, ഇക്കാര്യത്തില്‍ ഇരുകക്ഷികളും ധാരണയില്‍ എത്തിയിരുന്നു. ഏകദേശം 75 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമാണ് ഈ ഓഹരികള്‍ക്ക് കണക്കാക്കുന്നത്. 2021 ഓടെയാണ് ഏറ്റെടുക്കല്‍ പൂര്‍ണമാകുക.15 ബില്യണ്‍ യു.എസ് ഡോളറിന്റെ കരാറാകും ആരാംകോ റിലയന്‍സുമായി നടത്തുക. കരാറിന്റെ ഭാഗമായി അഞ്ചു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് റിലയന്‍സ് ആരാംകോയില്‍ നിന്ന് വാങ്ങുക. റിലയന്‍സിന് പുറമേ, പൊതുമേഖലാ എണ്ണക്കമ്പനികളും ആരാംകോ നിക്ഷേപമിറക്കുന്നുണ്ട്. ബി.പി.സി.എല്ലില്‍ ഓഹരി എടുക്കാന്‍ സൗദി കമ്പനി താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. മോദി പങ്കെടുക്കുന്ന പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് (ദാവോസ് ഓഫ് ദ ഡിസര്‍ട്ട്) പരിപാടിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും സംസാരിക്കുന്നുണ്ട്. ദ നക്‌സ്റ്റ് ഡികേഡ്: ഹൗ വില്‍ എ ന്യൂ ഇറ ഓഫ് എകണോമിക് അംബിഷന്‍ ഷെയ്പ്പ് ദ ഗ്ലോബല്‍ എകോണമി?’ എന്നതാണ് അംബാനിയുടെ വിഷയം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം സൗദി ഇന്ത്യയില്‍ നടത്തുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു.