കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി

പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ സഹോദരന്റെ മകന്‍ അന്‍മ്പരസ്സിന് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ട്രിച്ചി ജയിലിലാണ്.

തിരുച്ചിറപ്പള്ളി ജയിലിലുള്ള കലയെ മൃതദേഹം കാണാന്‍ അനുവദിക്കാതെ പൊലീസിന്റെ തുടര്‍ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കുന്നു.

അതേസമയം കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക പൊലീസിന് കൈമാറി. കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികളാണ് പൊലീസ് ആരംഭിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് പ്രതികരണം ലഭിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളു.