ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ, സംസ്ഥാനങ്ങളില്‍ പുനഃസംഘടനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. പ്രാദേശിക വന്‍തോക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്ന മാറ്റമാണ് അണിയറയില്‍ നടക്കുന്നതെന്ന് ദേശീയ മാദ്ധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് പത്തിന് സോണിയാ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് മെയ് 25ന് രാഹുല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സോണിയ വീണ്ടും അദ്ധ്യക്ഷപദത്തിലെത്തിയിരുന്നത്.
കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയും പുനഃസംഘടിപ്പിക്കും. മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകും.പല സംസ്ഥാന അദ്ധ്യക്ഷന്മാരും വകുപ്പ് മേധാവികളും രാഹുലിന്റെ രാജിക്ക് പിന്നാലെ തങ്ങളുടെ പദവികള്‍ രാജിവച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്നെപ്പോലെ എല്ലാവരും രാജി വയ്ക്കുമെന്നാണ് രാഹുല്‍ കരുതിയിരുന്നത് എങ്കിലും അതുണ്ടായിരുന്നില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, അസമിന്റെ ചുമതയുള്ള ഹരീഷ് റാവത്ത്, മദ്ധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബറിയ, ലീഗല്‍ സെല്‍ മേധാവി വിവേക് തന്‍ക, കര്‍ഷക സെല്‍ മേധാവി നാനാ പടോളെ, പട്ടിക ജാതി വകുപ്പ് ചെയര്‍മാന്‍ നിതിന്‍ റാവുത്ത്, ആന്ധ്ര പി.സി.സി അദ്ധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഢി, ഒഡിഷ അദ്ധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്, ഗോവ അദ്ധ്യക്ഷന്‍ ഗിരീഷ് ഛോഡാങ്കര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചിരുന്നത്.
മുംബൈ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മിലിന്ദ് ദിയോറയും ഉത്തര്‍പ്രദേശ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറും രാജിവെച്ചിരുന്നു. ഇതില്‍ ദിയോറയ്ക്ക് പകരം ഏക്‌നാഥ് ഗെയ്ക്‌വാദ് മുംബൈ അദ്ധ്യക്ഷനായി എത്തി. ബബ്ബറിന് പകരം അജയ് കുമാര്‍ ലല്ലുവും. യു.പിയില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തന്നെ അഴിച്ചു പണിതിട്ടുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്തിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡല്‍ഹി പി.സി.സി ഇന്‍ചാര്‍ പി.സി ചാക്കോയും സമാന ആവശ്യം ഉന്നയിച്ചതായാണ് വിവരം. എ.ഐ.സി.സിയിലും വന്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകും. ഹരിയാനയിലെ കൈതാല്‍ മണ്ഡലത്തിലേറ്റ തോല്‍വിക്ക് പിന്നാലെ സുര്‍ജേവാല ട്വിറ്ററിലെ വ്യക്തിവിവരങ്ങളില്‍ നിന്ന് പാര്‍ട്ടി കമ്യൂണിക്കേഷന്‍ വകുപ്പ് ഇന്‍ചാര്‍ജ് എന്ന പദവി നീക്കം ചെയ്തിരുന്നു. മനീഷ്തിവാരി, ആനന്ദ് ശര്‍മ്മ, അജയ് മാക്കന്‍ എന്നിവരെയാണ് സുര്‍ജേവാലയ്ക്ക് പകരമായി പരിഗണിക്കുന്നത്. ആന്ധ്രയുടെ ചുമതലയുള്ള മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മാറ്റമുണ്ടാകും. ഹരിയാന ഇന്‍ ചാര്‍ജ് ഗുലാം നബി ആസാദും മാറാന്‍ സന്നദ്ധമാണ് എന്നറിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഭൂപേന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ വന്‍ തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതാണ് പ്രാദേശിക നേതാക്കളെ വെച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആലോചനകള്‍ക്ക് വേഗം കൂടിയത്. ഇതോടെ, രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് കൊണ്ടു വന്ന മിക്ക നേതാക്കളും പുറത്തേക്കു പോകും. ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഹരിയാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുലിന്റെ ഇഷ്ടക്കാരനായ അശോക് തന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നത്.