വീണ്ടും പിളർപ്പിലേക്ക് കേരള കോൺഗ്രസ്

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ.മാണിക്ക് കനത്ത തിരിച്ചടി. കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരായ വിലക്കു തുടരുമെന്നു കട്ടപ്പന സബ്കോടതി ഉത്തരവ്. കേസിൽ നേരത്തെ ഇടുക്കി മുൻസിഫ് കോടതി പുറപ്പെടുവിച്ച ഉത്തരവ് കട്ടപ്പന സബ്കോടതി ശരിവെച്ചു. മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ജോസ് കെ.മാണി കട്ടപ്പന കോടതിയിൽ സമർപ്പിച്ച അപ്പീലാണ് തള്ളിയത്. ഫലത്തിൽ, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചേർന്ന് ജോസ് കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി റദ്ദായി.

സബ്കോടതി വിധി വന്നതിനു പിന്നാലെ പാർട്ടിയിൽ പിടിമുറുക്കി പി.ജെ.ജോസഫ് വിഭാഗം. കോടതി ഉത്തരവുണ്ടായ സാഹചര്യത്തിൽ ഇന്നുതന്നെ പാർലമെന്ററി പാർട്ടി യോഗം ചേർന്നു നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ജോസഫ് ഗ്രൂപ്പ്. ഇന്നു വൈകിട്ടു പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നു പി.ജെ ജോസഫ് അറിയിച്ചു. കോടതി ഉത്തരവോടെ പാർട്ടി വൈസ് ചെയർമാൻ എന്ന നിലയ്ക്കു പാർലമെന്ററി പാർടി യോഗം വിളിക്കാനുള്ള അധികാരം തനിക്കാണെന്നും ജോസഫ് വ്യക്തമാക്കി. പാർലമെന്ററി പാർട്ടി യോഗത്തിൽ ജോസ് കെ.മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജ് എന്നിവർ പങ്കെടുക്കില്ല. കേരളാ കോൺഗ്രസ് ഭരണഘടനപ്രകാരം പാർലമെന്ററി പാർട്ടിയിൽ പാർട്ടി ചെയർമാനും പാർലമെന്റ് അംഗങ്ങളും പങ്കെടുക്കേണ്ടത്. ഇവർക്കൊന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ജോസ് കെ.മാണി പക്ഷം പറയുന്നത്. മുൻസിഫ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന സാഹചര്യത്തിൽ കോടതിയുടെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും അന്തിമ തീർപ്പിനു ശേഷം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാം എന്ന നിലപാടിലാണ് ജോസ് കെ.മാണി പക്ഷം. കേരളാ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ ജയിച്ചു വന്ന എം.എൽ.എമാരിൽ നിലവിൽ ഭൂരിപക്ഷം ജോസഫ് വിഭാഗത്തിനൊപ്പമാണ്. സി.എഫ് തോമസ്, മോൻസ് ജോസഫ് എന്നീ എം.എൽ.എമാർ പി.ജെ. ജോസഫിനൊപ്പമാണ്. പാലാ ഉപതെരഞ്ഞെടുപ്പു തോൽവിക്കു ശേഷം തൽക്കാലത്തേക്കു ശമിച്ച കേരളാ കോൺഗ്രസിലെ തർക്കം കട്ടപ്പന കോടതി വിധിയോടെ വീണ്ടും രൂക്ഷമാവുകയാണ്.

കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം പാർട്ടിയിലുണ്ടായ അധികാരത്തർക്കത്തെ തുടർന്നു ജൂണിലാണ് കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം ജോസ് കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതു ചോദ്യം ചെയ്തു പി.ജെ.ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. മുൻസിഫ് കോടതി തെരഞ്ഞെടുപ്പു നടപടി സ്റ്റേ ചെയ്തു. തുടർന്നാണ് സബ് കോടതിയിൽ അപ്പീൽ നൽകിയത്. ചിഹ്നം സംബന്ധിച്ച ഇരു വിഭാഗവും നൽകിയ ഹർജികൾ തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയിലാണ്.

തെറ്റ് ആവർത്തിക്കുന്നു, ഭരണഘടന അംഗീകരിക്കണം: പി.ജെ. ജോസഫ്

ജോസ് കെ. മാണി വിഭാഗം തെറ്റ് ആവർത്തിക്കുകയാണ്. പാലാ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായത് ഇത്തരം തെറ്റുകളാണ്. ചെയർമാൻ തെരഞ്ഞെടുപ്പ് ഭരണഘടനാ പ്രകാരമല്ലെന്നു കോടതി വ്യക്തമാക്കി കഴിഞ്ഞു. ഇവിടെ പാർട്ടി ഭരണഘടന അംഗീകരിക്കുകയാണ് വേണ്ടത്. പാർലമെന്ററി പാർട്ടി യോഗം നേരത്തെ തീരുമാനിച്ചതാണ്. റോഷി അഗസ്റ്റിനും ജയരാജും ആവശ്യപ്പെട്ടതു പ്രകാരമാണ് മാറ്റിയത്. ഇന്നത്തെ യോഗത്തിൽ അവർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കും: ജോസ് കെ.മാണി

ഇപ്പോഴത്തേത് ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലുണ്ടായ ഉത്തരവാണ്. അതു സംബന്ധിച്ച് വിധി പകർപ്പു കിട്ടിയ ശേഷം പ്രതികരിക്കാം. യഥാർത്ഥ കേരളാ കോൺഗ്രസ് ഏതെന്നു തീരുമാനിക്കുന്നത് അന്തിമമായി തെരഞ്ഞെടുപ്പു കമ്മിഷനാണ്. അവിടെ പാർട്ടിയും ചിഹ്നവും ആരുടെതെന്നു വ്യക്തമാകും. കട്ടപ്പന കോടതി ഉത്തരവിനെതിരെ മേൽ കോടതിയെ സമീപിക്കും.