യുഎപിഎ ചുമത്തിയത് ഏതു സാഹചര്യത്തിൽ?: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവിയോടാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് വിശദീകരണം തേടിയത്. ഏത് സാചര്യത്തിലാണ് ഇവർക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും അദ്ദേഹം ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസ് നേരിട്ട് അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐജി പന്തീരങ്കാവ് സ്റ്റേഷനിലെത്തി അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പ്രതിഷേധവുമായി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞിരുന്നു. കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യുഎപിഎ ചുമത്താന്‍ പാടുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ സംഭവത്തിൽ അറസ്റ്റിലായ അലന്‍ ശുഹൈബിൻെറ അമ്മ സബിത മഠത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സബിത വ്യക്തമാക്കി. അലൻ നിരപരാധിയാണ്. മാവോയിസ്റ്റ് ബന്ധമില്ല. ആരോ കൊടുത്ത ലഘുലേഖയാണ് കയ്യില്‍ ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് നിരവധി ലഘുലേഖകള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.