യുഎപിഎ അറസ്റ്റ്: പുനഃപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോഴിക്കോട്ട് പന്തീരാങ്കാവിൽ സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി വിശദമായി പരിശോധിക്കുമെന്ന്​ ഡിജിപി ലോക്​നാഥ്​ ബെഹ്​റ. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിൽ ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. ഇതിന് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദമായതോടെയാണ് ഡിജിപിയുടെ ഇടപെടൽ. പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.