പത്താം ക്ലാസുകാരികളെ കന്യാസ്ത്രിമാരാക്കുന്നതിനെതിരെ കത്തോലിക്ക ഫെഡറേഷന്‍ സര്‍ക്കാരിലേക്ക്

അവധിക്കാലത്ത് നടത്തുന്ന റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കണം

ദൈവവിളി ധ്യാനം എന്ന പേരിലാണ് ഒരാഴ്ചത്തെ ധ്യാനം രൂപതകള്‍ സംഘടിപ്പിക്കാറുള്ളത്

തിരുവസ്ത്രം ഉപേക്ഷിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും. മുറിവേറ്റ മനസ്സുമായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമെന്നും ഫെഡറേഷന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു

കത്തോലിക്കാ സഭ കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കന്യാസ്ത്രിമാരില്‍ 25 ശതമാനവും തങ്ങളുടെ ജീവിതത്തില്‍ തൃപ്തരല്ലെന്ന് ഫെഡറേഷന്‍

 

-പി.ബി. കുമാര്‍-

കത്തോലിക്കാ സമുദായത്തിലുള്ള രൂപതകള്‍ സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രികളാക്കാന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്‍ മുഖ്യമന്ത്രിയെ സമീപിക്കുന്നു.ഫെഡറേഷന്‍ സെക്രട്ടറി വി കെ ജോയ് വൈഫൈ റിപ്പോര്‍ട്ടറെ അറിയിച്ചതാണ് ഇക്കാര്യം.

വി.കെ. ജോയ്‌
വി.കെ. ജോയ്‌

ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ മനുഷ്യാവകാശ ലംഘനമാണെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. ദൈവവിളി ധ്യാനം എന്ന പേരിലാണ് ഒരാഴ്ചത്തെ ധ്യാനം രൂപതകള്‍ സംഘടിപ്പിക്കാറുള്ളത്. പത്താം ക്ലാസ് പൂര്‍ത്തിയാകുന്ന കുട്ടികളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കാറുള്ളത്. കന്യാസ്ത്രിമാരുടെയും പുരോഹിതന്‍മാരുടെയും ജീവിതം തെരഞ്ഞടുത്താലുണ്ടാകുന്ന മേന്മയും നേട്ടവും ക്ലാസുകളില്‍ വിശദീകരിക്കും.

ഉച്ചസ്ഥായിയിലുള്ള ബഹുമാധ്യമ അവതരണത്തിലൂടെ നടത്തുന്ന ഇത്തരം ക്ലാസുകള്‍ കൗമാരക്കാരുടെ ഇളം മനസ്സിനെ സ്വാധീനിക്കുമെന്ന് കാത്തലിക് ഫെഡറേഷന്‍ പറയുന്നു. അവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്.ജീവിതമേഖല തെരഞ്ഞടുക്കാനുള്ള വിവേകമുണ്ടാകുന്നതിനു മുമ്പ് ഏതെങ്കിലുമൊരു മേഖല തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് അനഭിലഷണീയമാണെന്ന് ഫെഡറേഷന്‍ പറയുന്നു.

കന്യാസ്ത്രി ജീവിതത്തിനു വേണ്ടിയുള്ള ക്യാമ്പുകള്‍ 21 വയസിന് താഴെയുള്ളവര്‍ക്കായി സംഘടിപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സഭയില്‍ തന്നെ എതിര്‍പ്പുണ്ട്. എന്നാല്‍ കത്തോലിക്കാ മെത്രാന്‍മാരുടെ സാമ്പത്തിക -രാഷ്ട്രീയ സ്വാധീനം കാരണം അത്തരം എതിര്‍പ്പുകള്‍ വിജയിക്കില്ലെന്നാണ് ആക്ഷേപം.
പൗരോഹിത്യ ജീവിതത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് അത്തരം ജീവിതം തെരഞ്ഞടുക്കുന്നവര്‍ തിരിച്ചറിവ് നേടുമ്പോള്‍ തങ്ങളുടെ തീരുമാനം വിവേകരഹിതമായിരുന്നുവെന്നു കണ്ട് നിരാശരാകുന്ന സംഭവങ്ങള്‍ വിരളമല്ലെന്ന് ഫെഡറേഷന്‍ ആരോപിക്കുന്നു.

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ്‌
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ്‌

തിരുവസ്ത്രം ഉപേക്ഷിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും. മുറിവേറ്റ മനസ്സുമായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമെന്നും ഫെഡറേഷന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. കത്തോലിക്കാ സഭ കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കന്യാസ്ത്രിമാരില്‍ 25 ശതമാനവും തങ്ങളുടെ ജീവിതത്തില്‍ തൃപ്തരല്ലെന്ന് ഫെഡറേഷന്‍ പറയുന്നു. സി.എം.ഐ സന്യാസ വര്യനായ ഫാദര്‍ ജോയ് കളിയത്ത് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപം പീന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കന്യാസ്ത്രിമാരില്‍ 80 ശതമാനവും സാമ്പത്തികമായി പരിതാപകരമായ അവസ്ഥയിലുള്ളവരാണ്. ദരിദ്രരായ മാതാപിതാക്കളാണ് ഇവരെ കന്യാസ്ത്രി ജീവിതത്തിലേക്ക് തള്ളിവിടുന്നത്
സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മഠങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഓരോ വര്‍ഷവും നിരവധി കന്യാസ്ത്രികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്.സഭകള്‍ക്കെതിരെ പറയുന്നവരെ മാനസിക രോഗിയായി ചിത്രീകരിക്കുമെന്നും ഫെഡറേഷന്‍ ആരോപിക്കുന്നു.
ക്രൈസ്തവ സഭകളില്‍ നടക്കുന്നത് ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം പരാതികള്‍ കത്തോലിക്കാ സഭയിലെ ഉന്നതര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കന്യാസ്ത്രിമഠങ്ങളില്‍ നടക്കുന്നത് ദേവദാസി സമ്പ്രദായത്തെക്കാളും വഷളായ കാര്യങ്ങളാണെന്ന് ഫെഡറേഷന്‍ സെക്രട്ടറി വി.കെ.ജോയ് ആരോപിച്ചു. സിസ്റ്റര്‍ അഭയ കൊല്ലപെടുമ്പോള്‍ 19 വയസായിരുന്നു പ്രായം. പണ്ട് കന്യാസ്ത്രിമാരാകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും പത്രപരസ്യംവഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.ഇന്ന് അത് നിന്നു. കൂലി കൊടുക്കാതെ ജോലിക്ക് ആളെ നിയോഗിക്കുക എന്നതാണ് കന്യാസ്ത്രി പട്ടത്തിന്റെ ഉദ്ദേശം.ശമ്പളം സഭയില്‍ അടയ്ക്കണം. 138 ബിഷപ്പുമാര്‍ അവരുടെ സ്വകാര്യ സ്വത്ത് പോലെയാണ് സഭ ഭരിക്കുന്നത്.

മൊത്തം ജനസംഖ്യയുടെ ഒന്നേകാല്‍ ശതമാനമാണ് കത്തോലിക്കക്കാര്‍.ബിഷപ്പുമാരുടെ ഭരണം കാരണം ഇത് ഒരു ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ക്രൈസ്തവ സ്വത്തകള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടമുണ്ടാകണമെന്നും ജോയ് ആവശ്യപ്പെട്ടു.