ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകില്ല, ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും- ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇടക്കാലത്ത് തെരഞ്ഞെടുപ്പുണ്ടാകില്ല എന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അഞ്ചു വര്‍ഷം ഭരിക്കുമെന്നും പവാര്‍ വ്യക്തമാക്കി. നാഗ്പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂട്ടുകക്ഷി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. ഇടക്കാല തെരഞ്ഞെടുപ്പിന്റെ സാദ്ധ്യതയേ ഉയരുന്നില്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മുഖ്യമന്ത്രി പദം വേണമെന്ന ശിവസേനയുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരെങ്കിലും അത്തരൊരു ആവശ്യം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യും എന്നായിരുന്നു മറുപടി. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സംസ്ഥാന ഭരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്നാണ് നിലവില്‍ വരുന്ന സൂചന. ശിവസേനയില്‍ നിന്ന് തന്നെയായിരിക്കും മുഖ്യമന്ത്രിയുണ്ടാകുക. ഈ സ്ഥാനം രണ്ടര വര്‍ഷം പങ്കുവയ്ക്കണമെന്ന ഉപാധി ഇല്ലാതായി. പകരം സര്‍ക്കാര്‍ കാലാവധി തീരുന്നതുവരെ ശിവസേന അംഗം തന്നെ മുഖ്യമന്ത്രി പദത്തില്‍ തുടരും. അതേസമയം, രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ടാമത്തെയാള്‍ എന്‍.സി.പിയില്‍ നിന്നുമാകും ഉണ്ടാകുക. ശിവസേനയില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും 14 പേര്‍ വീതവും കോണ്‍ഗ്രസില്‍ നിന്ന് 12 പേരുമാണ് മന്ത്രിസഭയിലേക്ക് എത്തുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് തയ്യാറാക്കിയ പൊതു മിനിമം പരിപാടിയില്‍ കര്‍ഷകരേയും യുവാക്കളേയുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഹിന്ദുത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതില്‍ പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സി.പി നേതാവ് ശരദ് പവാറും ഈ ആഴ്ച അവസാനം കൂടിക്കാഴ്ച നടത്തും.