കാഠ്മണ്ഡു: കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടില്‍ ഉറച്ച് നേപ്പാള്‍. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. തന്ത്രപ്രധാനമായ ഈ ഭാഗം തങ്ങളുടേതാണെന്ന് ആദ്യമായാണ് നേപ്പാള്‍ പരസ്യമായി പറയുന്നത്.
നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയായ നേപ്പാള്‍ യുവസംഘത്തിന്റെ പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് ഒലി ഇന്ത്യയ്‌ക്കെതിരെ പരസ്യമായ അഭിപ്രായപ്രകടനം നടത്തിയത്. നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും കെ.പി. ശര്‍മ ഒലി വ്യക്തമാക്കി.
ജമ്മുകശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടി നിലവില്‍ വന്നതിന് പിന്നാലെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടത്തെ ചൊല്ലിയാണ് ഇന്ത്യ- നേപ്പാള്‍ അസ്വാരസ്യം ഉടലെടുത്തത്. ഭൂപടത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായാണ് കാലാപാനി ഏരിയ ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
കാലാപാനി ഏരിയ തങ്ങളുടെ ഭാഗമാണെന്നാണ് നേപ്പാളിന്റെ അവകാശവാദം.
ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളാണെന്നും നേപ്പാളുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇന്ത്യ പറയുന്നത്. നേപ്പാളിലെ രാജാവായിരുന്ന മഹേന്ദ്ര 1962 ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ഇന്ത്യയ്ക്ക് കൈമാറിയതാണ് കാലാപാനി ഏരിയ എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഇത് നേപ്പാള്‍ ഭരണകൂടം അംഗീകരിക്കുന്നില്ല. 372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാലാപാനി ഏരിയ ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ നേപ്പാളിലെ രാഷ്ട്രീയ കക്ഷികളെല്ലാം ഇന്ത്യയ്‌ക്കെതിരാണ്.