അമ്മയെയും, സഹോദരിയെയും, സഹോദരന്റെ ഭാര്യയെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്യപാനിയായ മകനെ കൊലപ്പെടുത്തിയ നാലംഗ കുടുംബം അറസ്റ്റില്‍. മധ്യപ്രദേശിലെ ദാതിയയിലാണ് ഞെട്ടിക്കുന്ന സംഭവം. കുടുംബത്തിലെ സ്ത്രീകളെ മദ്യപിച്ച് ലക്കുകെട്ട് ഇയാള്‍ പലതവണ അക്രമിച്ചതോടെയാണ് സഹിക്കെട്ട പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.
നവംബര്‍ 12ന് ഗോപാല്‍ദാസ് മലനിരകളില്‍ നിന്നും ഇവരുടെ കുടുംബത്തിലെ 24കാരനായ മകന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തുവന്നത്. ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയവെയാണ് കൊലപാതകം നടത്തിയതാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്.
‘നവംബര്‍ 12നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരണം നടന്നതെന്ന് തെളിഞ്ഞു. തിരിച്ചറിയല്‍ നടത്തിയ ശേഷമാണ് ഇയാള്‍ കടുത്ത മദ്യപാനി ആണെന്നും, കുടുംബാംഗങ്ങള്‍ ഇയാളെ കൊണ്ട് സഹിക്കെട്ട അവസ്ഥയിലാണെന്നും മനസ്സിലാക്കി. കുടുംബത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മദ്യപിച്ച് ലക്കുകെട്ട് അമ്മയെയും, സഹോദരിയെയും, സഹോദരന്റെ ഭാര്യയെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു’, പോലീസ് വ്യക്തമാക്കി.
നവംബര്‍ 11ന് സഹോദരന്റെ ഭാര്യക്ക് നേരെ അക്രമം നടത്താന്‍ ശ്രമിക്കവെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് പിതാവ് കുറ്റസമ്മതത്തില്‍ പറഞ്ഞു. മുന്‍പ് പല തവണ ഇത്തരം അക്രമം നടന്നു. പക്ഷെ അന്ന് മകനെ കൊല്ലാനാണ് തീരുമാനിച്ചത്. ഇതിന് ശേഷം മൃതദേഹം കുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണ്.











































