മുംബൈ: മഹാരാഷ്ട്രയിൽ അരവിന്ദ് സാവന്തോ സഞ്ജയ് റാവുത്തോ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പദം അഞ്ച് വർഷവും ശിവസേനയ്ക്ക് തന്നെ വേണമെന്ന് നേതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പേരുകൾ ഉയർന്നുകേൾക്കുന്നത്. എന്നാൽ, ശിവസേന മേധാവി ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് എം.എൽ.എമാരുടെ താൽപര്യം. നേരത്തേ ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, പദവി ഏറ്റെടുക്കാൻ ഷിൻഡേ വിസമ്മതം അറിയിച്ചതിനെത്തുടർന്ന് റാവുത്തിന്റേയും സാവന്തിന്റേയും പേരുകൾ ഉയർന്നുവരികയായിരുന്നു.
മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം ഉപേക്ഷിക്കാനും പിന്നീട് കോൺഗ്രസ്-എൻ.സി.പി പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുമുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ് സഞ്ജയ് റാവുത്ത്. ബി.ജെ.പിയുടെ മുന്നിൽ മുട്ടുമടക്കാതെ ഉറച്ച നിലപാടെടുത്ത റാവുത്തിന്റെ നീക്കങ്ങളാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതിന്റെ പ്രധാന കാരണമെന്ന് തന്നെ പറയപ്പെടുന്നുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നില്ലെങ്കിൽ അടുത്ത നറുക്ക് സഞ്ജയ് റാവുത്തിനായിരിക്കുമെന്ന് തുടക്കം മുതലേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്നും അല്ലാത്തപക്ഷം പാർട്ടിയിൽ ഭിന്നിപ്പുണ്ടാകുമെന്നും എം.എൽ.എമാർ നിലപാടെടുത്തു. ഇതിൽ ഔദ്യോഗികമായ ഒരു തീരുമാനം അപ്പോഴും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നില്ല.
സർക്കാർ ഉണ്ടാക്കാൻ പിന്തുണ തേടി എൻ.സി.പി നേതാവ് ശരദ് പവാറിനെ സമീപിച്ചപ്പോൾ അവർ മുന്നോട്ട് വച്ച പ്രധാന ആവശ്യം ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നായിരുന്നു. ഇതേത്തുടർന്നാണ്, മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന അരവിന്ദ് സാവന്തിനെക്കൊണ്ട് ശിവസേന രാജിവയ്പ്പിച്ചത്. മഹാരാഷ്ട്രയിൽ ശിവസേന കൈക്കൊണ്ട നിലപാട് ശരിയാണെന്നും ഈ സാഹചര്യത്തിൽ താൻ കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നത് ശരിയല്ലെന്നും പറഞ്ഞാണ് സാവന്ത് രാജി വച്ചത്. ഇക്കാര്യങ്ങൾ വച്ചുനോക്കുമ്പോൾ മുഖ്യമന്ത്രി പദത്തിന് ഇവർക്ക് രണ്ടുപേർക്കും ഒരുപോലെ യോഗ്യതയുള്ളതായി കാണാനാകുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ഇതുവരെ ഇക്കാര്യത്തിൽ ശിവസേന അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ ചിത്രം ഇന്നുണ്ടാകുമെന്നാണ് മൂന്ന് പാർട്ടികളും കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ ഭാഗമായി തിരക്കിട്ട ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രി ശരദ് പവാറുമായി ശിവസേന നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. മുംബൈയിലെ പവാറിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.കഴിയുന്നതും വേഗം സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഗവർണറെ കണ്ട് ഉന്നയിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം ഉദ്ദവ് താക്കറെയും സഞ്ജയ് റാവുത്തും പവാറിനോട് പറഞ്ഞിരുന്നു.സർക്കാർ ഉണ്ടാക്കാൻ ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞത്.
            










































