ഷഹലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

വയനാട്: ബത്തേരി ഗവ സർവജന സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനി ഷഹല ഷെറിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കുട്ടിയുടെ വീട്ടിലെത്തിയ അദ്ദേഹം സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനമായി നടപടിയെടക്കുമെും അദ്ദേഹം പറഞ്ഞു. ഷഹലയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകും. കേരളത്തിലെ സ്‌കൂളുകളിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലും എടുക്കും. അപകടമുണ്ടായ സർവജന സ്‌കൂളിന് നേരത്തേ പ്രഖ്യാപിച്ച തുകക്ക് പുറമേ വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഷെഹലയുടെ പിതാവ് അബ്ദുൾ അസീസിനെ ചേർത്തു നിർത്തിയാണ് അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് മന്ത്രി മാപ്പ് ചോദിച്ചത്. സർവജന സ്‌കൂൾ സന്ദർശിക്കാനായി മന്ത്രി എത്തിയപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധമുയർത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി സ്‌കൂൾ സന്ദർശിച്ചത്. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയും ഒപ്പം കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും ഷഹല ഷെറിന്റെ വീട്ടിലെത്തിയത്. കൽപറ്റയിൽ എം.എസ്.എഫ് പ്രവർത്തകരും ബത്തേരിയിൽ സ്‌കൂളിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിമാർക്കുനേരെ കരിങ്കൊടി ഉയർത്തി. എം.എസ്.എഫ് പ്രവർത്തകരാണ് ആദ്യം മന്ത്രിമാർക്കു നേരെ കരിങ്കൊടികാട്ടിയത്. ബത്തേരിയിൽ യുവമോർച്ച പ്രവർത്തകരും മന്ത്രിമാരെ കരിങ്കൊടി കാണിച്ചു. ഷഹല ഷെറിൻറ സഹപാഠികൾ സ്‌കൂൾ കവാടത്തിന് മുന്നിൽ ഇന്നും പ്രതിഷേധിച്ചു.