സെറ്റിൽ നിന്ന് ഷെയിൻ ഇറങ്ങി പോയി ;പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് നിർമാതാക്കൾ

കൊച്ചി :  ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെയ്ൻ നിഗമിനെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ, താര സംഘടന എഎംഎംഎയെ അറിയിച്ചു.

സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തിയെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിര്‍മാതാക്കളുടെ സംഘടന കുറ്റപ്പെടുത്തി.

വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ഷെയ്ൻ നിഗം ലംഘിച്ചെന്നാണ് ആരോപണം. സെറ്റിലെത്തിയ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് ഒരു സൈക്കിളെടുത്ത് സെറ്റിൽ നിന്ന് പോയെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ഷെയ്നിനെ അന്വേഷിച്ച സംവിധായകൻ ശരതിന് ഷെയ്ൻ അയച്ചു നൽകിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോൾ അനുഭവിച്ചോളും എന്നും ഷെയ്ൻ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

നിർമാതാക്കളുടെയും അമ്മയുടെയും സംഘടന ഇടപെട്ടാണ് വെയില്‍ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നത്.

വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കഴിഞ്ഞ മാസം ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു പരാതി നൽകുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ശരത്, മുൻ നിർമാതാവ് സന്ദീപ്, നിലവിലെ നിർമാതാവ് ജോബി ജോർജ് എന്നിവർ ആരോപണം തട്ടിപ്പാണെന്നും പണം വാങ്ങിയ ശേഷം ഷെയ്ൻ സഹകരിക്കുന്നില്ലെന്നും വിശദീകരിച്ച് മാധ്യമങ്ങൾക്കു മുന്നിലെത്തി.

ഇതിനെത്തുടർന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഒത്തുതീർപ്പനുസരിച്ച് ഷെയ്ൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുർബാനി’ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ജോബി നിർമിക്കുന്ന വെയിലിന്റെ ഷൂട്ടിങ്ങിനെത്തുമെന്നായിരുന്നു വ്യവസ്ഥ. കുർബാനിക്കായി ഷെയ്ൻ മുടിമുറിച്ചതു മൂലം വെയിലിലെ കഥാപാത്രത്തിന്റെ രൂപമാറ്റം സംഭവിച്ചെന്നും ഇത് കരാറിന് വിരുദ്ധമാണെന്നുമായിരുന്നു ജോബിയുടെ പരാതി.