പ്രതിഫലം വാങ്ങാതെ കൂടെനിന്ന, ഞെഞ്ചുനിറയെ സ്‌നേഹമുള്ളവനാണ് ഷെയ്ന്‍ നിഗം: ഷാനവാസ് കെ ബാവക്കുട്ടി

കോഴിക്കോട്: കാരവാന്‍, എ.സി സ്യൂട്ട് റൂം എന്നിവ ചോദിക്കാതെയും പ്രതിഫലം വാങ്ങാതെയും കൂടെ നിന്ന, ഞെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണ് ഷെയ്ന്‍ നിഗമെന്ന് കിസ്മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി.ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഷെയിനിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ‘ഉല്ലാസം’ ചിത്രത്തിന്റെ ഡബ്ബിങ്ങും,’വെയില്‍’, ‘കുര്‍ബാനി’ എന്നിവയുടെ ചിത്രീകരണവും പൂര്‍ത്തികരിച്ച് ‘വലിയ പെരുന്നാള്‍’ സൂപ്പര്‍ ഹിറ്റായി മലയാള സിനിമയില്‍ ഹിറ്റടിച്ച് വിജയിയായി നില്‍ക്കുന്ന ഷെയ്ന്‍ നിഗത്തെ താന്‍ സ്വപ്‌നം കണ്ടെന്നും അത് സഫലമാകുമെന്നും അദ്ദേഹം പറഞ്ഞു.’കിസ്മത്ത്’ ചെയ്യുമ്പോള്‍ അതിന്റെ ഡയറക്ടറായ ഷാനവാസ് കെ ബാവക്കുട്ടിയും, പ്രൊഡ്യൂസര്‍ രാജീവ് രവിയും അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങള്‍ കണ്ട് ഷൂട്ടിങ് കഴിഞ്ഞ് പ്രതിഫലം തരാന്‍ അവര്‍ വന്നപ്പോള്‍ ഷെയ്ന്‍ പണം വാങ്ങാതെ പോയെന്നും പിന്നീട് സിനിമ തിയ്യേറ്ററില്‍ വിജയമായപ്പോള്‍ പണം വീട്ടിലെത്തിച്ചപ്പോഴാണ് ഷെയ്ന്‍ വാങ്ങിയതെന്നും മുന്‍പ് ‘വനിത’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞിരുന്നു. ഷാനവാസ് കെ ബാവക്കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം. പ്രിയരേ …ഞാനിപ്പോൾ ഒരു മനോഹര “സ്വപ്നം” കണ്ടു !!! “ഉല്ലാസ” ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് “വെയിലും” “കുർബാനിയും” ചിത്രീകരണം പൂർത്തികരിച്ച് “വലിയ പെരുന്നാൾ” സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ .

എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം “കിസ്മത്ത്” സാക്ഷാത്കരിക്കാൻ “കാരവാൻ” ഇല്ലാതെ “ഏ സി സ്യൂട്ട് “റൂമില്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ …

NB … സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ “കിസ്മത്ത്” എന്ന സിനിമ യുടെ പ്രൊഡ്യൂസർ “ഷൈലജ മണികണ്ഠനെ” അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ …” ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ”