ഭയപ്പെടുന്ന ഇന്ത്യയാണ് മോദിക്ക് വേണ്ടത്:രാഹുൽ ​ഗാന്ധി

ഭയപ്പെടുന്ന ഒരു ഇന്ത്യയാണ് നരേന്ദ്ര മോദിക്ക് വേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങൾ ദുർബലരും വിഭജിക്കപ്പെട്ടവരുമാകണമെന്ന് മോദി ആ​ഗ്രഹിക്കുന്നു. മതം, ജാതി, ദേശം എന്നിങ്ങനെ ആളുകളെ ഭിന്നിപ്പിച്ചാണ് മാത്രമാണ് മോദി പ്രധാനമന്ത്രിയായിത്തീർന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്തെ കൃഷിക്കാർ, തൊഴിലാളികൾ, തൊഴിലില്ലാത്ത യുവാക്കൾ, സ്ത്രീകൾ തുടങ്ങിയ എല്ലാവരും ദുഃഖിതരാണ്. എന്നാൽ അദാനി സന്തുഷ്ടനാണ്. ഇന്ത്യയിലെ 15-20 വ്യവസായികൾക്ക് മോദി പണം നൽകുന്നു. ഈ പണം ഇന്ത്യയിലെ ജനങ്ങളുടേതാണ്, ജാർഖണ്ഡിലെ ജനങ്ങളടുതാണ്- രാഹുൽ പറഞ്ഞു.നോട്ടു നിരോധന സമയത്ത് രാജ്യത്തെപാവങ്ങൾ ബാങ്കുകൾക്ക് മുന്നിൽ തിക്കും തിരക്കും കൂട്ടുകയായിരുന്നു.

എന്നാൽ വൻകിട വ്യവസായികൾ അവരുടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. മോദി അവർക്കതിന് അവസരം നൽകിയെന്നും രാഹുൽ ആരോപിച്ചു. ഞങ്ങൾ ഭൂമി ഏറ്റെടുക്കൽ ബിൽ കൊണ്ടുവന്നു. ഗോത്രവർഗക്കാരോടും കൃഷിക്കാരോടും ദരിദ്രരോടും ചോദിക്കാതെ അവരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. വിപണി വിലയുടെ നാലിരട്ടിയാണ് ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ മോദി അതിനെ എതിർത്തു. നമ്മുടെ സഖ്യ സർക്കാർ അധികാരത്തിലെത്തിയാലുടൻ ജാർഖണ്ഡിലെ കർഷകരുടെ വായ്പ എഴുതിത്തള്ളും. താൻ കള്ളം പറയുകയല്ല. ഞാൻ പറയുന്നത് ഞാൻ ചെയ്യും. ഇതേക്കുറിച്ച് രാജസ്ഥാനിലേയും, ഛത്തീസ്ഗഢിലേയും, മദ്ധ്യപ്രദേശിലെയും കർഷകരോട് നിങ്ങൾ ചോദിക്കണമെന്നും രാഹുൽ പറഞ്ഞു. ജാർഖണ്ഡിൽ പണത്തിന് ഒരു കുറവുമില്ല, പക്ഷേ അത് പൊതുജനങ്ങളുടെ വിഹിതത്തിൽ എത്തുന്നില്ല. കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചാലുടൻ ഈ പണം നിങ്ങളിലേക്ക് എത്താൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.