വാര്‍ദ്ധക്യം

സ്വപ്ന നായർ
തലയില്‍ ഇല്ലാത്ത മുടി മാടിയൊതുക്കി, തോള്‍ സഞ്ചിയിലെല്ലാം ഉണ്ടോയെന്നു ഒന്ന് കൂടി തിട്ടം വരുത്തി മുത്തശ്ശന്‍ നീട്ടിയൊന്നു വിളിച്ചു, “ദേ ഞാനിറങ്ങുന്നു..” അടുക്കളയിലെ കാലടി ശബ്ദം ഉമ്മറത്തെത്താന്‍ അല്പമൊന്നു വൈകി..വാതത്തിന്റെ അസ്കിത കാലുകളെ മുന്നിലെക്കല്ല പിന്നിലെക്കാണ് വലിക്കുന്നത്..” പുറപ്പെടുകയായോ? ഒന്നും മറന്നിട്ടില്ലല്ലോ?” ചോദ്യം മുന്നിലെത്തി..എവിടെക്കാണെന്നു ചോദിച്ചാല്‍ അലോഹ്യമാവുമോ എന്നോര്‍ത്ത് ചോദ്യം മുഖത്തൊ തുക്കി മുത്തശ്ശി നിന്നു.” അപ്പൊ എങ്ങിനെയാ പോക്ക്?”

“എന്‍റെ കൈ പിടിച്ചു താന്‍ ഈ ഒതുക്കു കല്ല്‌ ഒന്നിറക്കി വിട്ടാല്‍ മതി, പിന്നെ ഞാനങ്ങു..അത്രേയുള്ളൂ..” മുഴുമിക്കാത്ത വരികള്‍ ശീലമായതുകൊണ്ട് മുത്തശി ബാക്കി ചോദിച്ചില്ല..

“ആഹാ..വീട്ടിനുള്ളില്‍ നടക്കാന്‍ വയ്യാത്ത ഞാന്‍ എങ്ങിനെയാ അത്രടം വരിക? “ആ ചോദ്യം വല്ലാത്തതായിരുന്നു.”മഴ കാരണം മുറ്റത്തും നടയിലും വല്ലാതെ വഴുക്കും ,ഇനി വീണ് ഇടങ്ങേറായി കിടന്നാലോ? അത് പിന്നെയും ബുദ്ധിമുട്ടാവില്ലേ? കിടപ്പിലായാല്‍ ചേതമാര്‍ക്കാ?വണ്ടിയും വള്ളവുമൊക്കെ പിടിച്ചെല്ലാരും ഓടിയെത്തണ്ടേ?”

“എന്നാ പിന്നെ യാത്ര മാറ്റിവയ്ക്കാം അല്ലെ? ഇത്തവണയും കളിയോഗവും അക്ഷരശ്ലോകസദസ്സും മുടങ്ങി.. അല്ലെങ്കില്‍ എന്നാ മുടങ്ങാത്തെ അല്ലെ? ഓരോ തവണയും ഞാന്‍ യാത്രക്കൊരുങ്ങുമ്പോള്‍ നിനക്കറിയാം ഞാന്‍ പോവില്ലെന്ന്..എന്നിട്ടും അതേ ചോദ്യങ്ങള്‍ നീ ചോദിക്കും.”അച്ഛനിപ്പോഴും യാത്രക്കൊരുങ്ങലുണ്ടോ “എന്ന മക്കളുടെ ചോദ്യത്തിന് നീ മൂളലില്‍ ഉത്തരമൊതുക്കുന്നതൊന്നും എനിക്ക് മനസ്സിലാവായ്കയല്ല കേട്ടോ ? വലതു കാലിനു നീരുണ്ട്, പിന്നെ പുകവലി ശീലം തന്ന ഒരു മരവിപ്പ് ഇടത്തേക്കാലില്‍, വയസ്സ് 82,ചെവി അല്പം പതുക്കെയാണെങ്കിലും നല്ല കാഴ്ച.എന്നാലും എന്നെ അങ്ങിനങ്ങു തോല്പ്പിക്കാമെന്നാരും കരുതേണ്ട.ഞാന്‍ നിരീച്ചാലും നടക്കാന്‍ പലതുമുണ്ടുട്ടോ ഇവിടെ.”

പതിവു രംഗങ്ങള്‍ കഴിഞ്ഞു..ഇനി ചാരുകസേരയിലമര്‍ന്നുകൊണ്ട് കൈകൊണ്ടുള്ള കഥകളി മാത്രം..ഇടയ്ക്കു ആത്മഗതവും.
കളിയടക്കയും വെറ്റിലയും വച്ചൊന്നു കല്ലില്‍ ചതച്ചൊരു കൂട്ട് ,ഈ പിണക്കം മാറ്റാനത് മതി.എത്ര മനോഹരമാണീ ജീവിതം! അല്ലലും അലച്ചിലുമില്ലാതെ..ഒരു നേര്‍രേഖയിലൂടെ ഒരു ജീവിതം!

ഇന്ന് രാവിലെ കണ്ണാടിയുടെ മുന്നിലെ ഒരു സൂക്ഷ്മനിരീക്ഷണത്തിനൊടുവിലാണ് ചെവിയുടെ ഇരു വശങ്ങളിലും ഭസ്മം വീണതുപോലെ പടര്‍ന്നു കയറുന്ന നരയെ ഞാന്‍ കണ്ടു പിടിച്ചത്, നാല്പ്പതുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍..അതിനെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തക്കിടയിലാണ് മുത്തശ്ശന്‍ മനസ്സിലെത്തി യത്.

നര പണ്ടേ എനിക്കിഷ്ടമല്ല..ചിലപ്പോള്‍ വാര്‍ദ്ധക്യം ഇഷ്ടമല്ലാത്തത്‌ കൊണ്ടാവും..വാര്‍ദ്ധക്യം മനോഹരമാണെന്ന് പറയുന്നവരാണ് ഏറെയും,ജീവിതാസ്തമനത്തിലും ഉദയത്തിന്റെ ഭംഗി കണ്ടെത്തുന്നവര്‍..കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും ജീവിതത്തിനു നിറപ്പകിട്ടേറ്റുന്നവര്‍..
അവര്‍ക്കാവട്ടെ ഈ കുറിപ്പ്..