ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം ആളിക്കത്തുന്ന അസമിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ ജനതയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കാനുള്ള സാധ്യതകളുണ്ടെന്നും ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നു. അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ് ഇന്ന്. എന്നാല്‍ ചെറിയ രീതിയില്‍ പ്രക്ഷോഭങ്ങള്‍ക്ക് അയവു വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമില്‍. ഇന്നു വൈകീട്ടോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചേക്കും.











































