തോന്നൽ(കവിത )

ജിഷ രാജു

രണ്ട് പേർ ചാരുബഞ്ചിൽ ഇരിക്കുന്നു…
എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.
അവരുടെ ചിന്ത
രണ്ടാണങ്കിലും
അവർ കാണുന്നത്
ഒറ്റയൊരു ആകാശത്തെയാണ്.

അതൊരു…
വെളുപ്പാൻക്കാലമാവാം.
ചിലപ്പോൾ ….
രാത്രിയുമാവാം.

കുട്ടികൾ കളിച്ച് തീർന്ന,
ആൾക്കൂട്ടം നടന്ന് തീർത്ത,
പ്രണയിനികൾ സല്ലപിച്ച് നടന്ന,
ഒഴിഞ്ഞൊരു പാർക്കിന്റെ ബഞ്ചാവാം…
അല്ലങ്കിൽ
കടൽത്തീരവുമാവാം.
ചിലപ്പോൾ റയിൽവേ സ്‌റ്റേഷനിലെ കാത്തിരിപ്പ്
ബഞ്ചുമാവാം.

അവർ രണ്ട് പേർ
ഏകാന്തതയെ
ചേർത്തു പിടിക്കേണ്ടി വന്നവർ..

ഒരാൾ
ഏകാന്തതയെ
ഇഷ്ടപ്പെടുന്ന ആൾ

മറ്റെയാൾ ഒറ്റപ്പെടലിലൂടെ ഏകാന്തതയിൽ
എത്തിപ്പെട്ട ആൾ.

ഒറ്റപ്പെടുക എന്നാൽ ചിന്തകളുടെ ലോകത്തിന് തീപിടിക്കലാണ്.

ഭ്രാന്തിന്റെ ലോകത്തോടുള്ള പ്രണയമാണ്.

കുന്നുകൂടിയ സ്വപ്നങ്ങളുടെ ഛായം ഒലിച്ച് പോവുക എന്നതാണ്.

സ്വയം സംവദിക്കുന്ന അവരുടെ കാഴ്ചകൾ മങ്ങിയിരിക്കാം.

മഞ്ഞാവാം, മഴക്കാറാവാം. അല്ലങ്കിൽ ഉറക്കാത്ത ദ്യഷ്ടിയുമാവാം.

ചിലപ്പോൾ വെളിച്ചം വരുന്നേ ഉണ്ടാവൂ. (അങ്ങിനെ കാണാനാണ് എനിക്കിഷ്ടം). ചുറ്റും മറ്റു മനുഷ്യർ കാഴ്ചക്കാരായില്ല.

ഒരു മഞ്ഞ കണ്ണുള്ള പൂച്ചയും, കറുത്ത അവശനായ നായയും അവിടെ ക്ഷീണമുള്ള നോട്ടം പായിച്ചു കിടപ്പുണ്ട്.

നായക്ക് കുരയ്ക്കാനുള്ള ശേഷിയില്ല. പൂച്ചയ്ക്ക് ആലസ്യമാണ്.

കാറ്റൂതുന്നുണ്ട്.
ആ ശബ്ദം അവർ കേൾക്കുന്നുമുണ്ട്. രണ്ടാമൻ മിണ്ടരുതെന്ന് ഒന്നാമൻ ആഗ്രഹിക്കുന്നുണ്ട്.
:’

ഒന്നാമൻ മനപ്പൂർവ്വം നോട്ടം നീക്കി പിടിക്കുന്നുണ്ട്. അകലമുണ്ടാക്കാൻ നോക്കുന്നുണ്ട്. മരിച്ചത് പോലുള്ള തണുപ്പ് അയാൾക്ക്‌ പ്രവഹിപ്പിക്കാനാവുന്നുണ്ട്.
ഒറ്റപ്പെടേണ്ടവനാണ്. അവനതേ ചെയ്യാനാവൂ.

രണ്ടാമൻ നേർത്തു നേർത്തു പോകുന്നു. അവനൊറ്റപ്പെടേണ്ടവനല്ല എന്നാണവന് തോന്നുന്നത്.
ഒറ്റപെട്ടു പോയതിന്റെ കാരണങ്ങൾ
അയാളുടെ നാവിൻ തുമ്പിൽ പറച്ചിലുകളായി വന്ന്
ഉറയ്ക്കാതെ ആടി നിൽക്കുന്നുണ്ട്.

ചിലപ്പോൾ അവിടെ മൗനം വിള്ളുമായിരിക്കും.
അവർ മിണ്ടാതെ
രണ്ടു വഴിക്ക്
പിരിയുമായിരിക്കും.
. അപ്പോഴും അവിടെ
ചാര നിറമുള്ള വെളിച്ചം
കാലു നീട്ടി കിടപ്പുണ്ടാവും.

ആ നേരം മഞ്ഞ കണ്ണുള്ള പൂച്ചയും അവശനായ നായയും
നിർവ്വികാരമായി പരസ്പരം നോക്കുന്നുണ്ടാവാം…

ചില തീവണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും ആളെയിറക്കാനില്ലാത്ത സ്റ്റേഷനിലൂടെ പോയിട്ടുണ്ടാകും.

അപ്പോഴൊക്കെ ഞാൻ രണ്ടാമനായി അവിടെയൊക്കെ ‘നടന്നിട്ടുമുണ്ട്..❣️

ഈ പടത്തെ പറ്റിയുള്ള തോന്നലുകൾ പങ്കുവെയ്ക്കൂ….