രാജേന്ദ്രമൈതാനിയിലെ ലേസര്‍ ഷോ : കോടികളുടെ ക്രമക്കേട്. വിജിലന്‍സ് അന്വേഷണം തുടങ്ങി

കോടികള്‍ മുടക്കി കൊച്ചിയെ മനോഹരമാക്കാന്‍ തുടങ്ങിയ ലേസര്‍ ഷോ പദ്ധതി അവതാളത്തില്‍.

സര്‍ക്കാര്‍ പണം ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിക്കുന്നതിന്റെ ഉത്തമ ഉദാഹരണം.

വ്യവസ്ഥയും നിയമങ്ങളും കാറ്റില്‍പ്പറത്തി സ്വന്തകാര്‍ക്ക് പണം വാരിക്കോരി നല്‍കി.

-വികാസ് രാജഗോപാല്‍ –

രണ്ടു വര്‍ഷം മുമ്പ് കൊച്ചിയെ ടൂറിസം ഭൂപടത്തിന്റെ മുകളിലെത്തിക്കാനായി തുടങ്ങിയ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ) രാജേന്ദ്രമൈതാനിയില്‍ ലേസര്‍ ഷോ ആരംഭിച്ചത്. മഴവില്ല് മിഴിയഴക് എന്ന പേരില്‍ നടത്തിയ ഉദ്ഘാടന ചടങ്ങിന് സംഗീതം ഒരുക്കിയത് ബിജിബാല്‍ ആയിരുന്നു. സിനിമാ കലാരംഗത്തെ പ്രമുഖരുടെ സാന്നിധ്യം എന്നിങ്ങനെ പൊലിമ ഒട്ടും തന്നെ കുറഞ്ഞില്ല.

മൂന്നര കോടി രൂപയായിരുന്നു പദ്ധതിയുടെ ചെലവ്. ദിനംപ്രതി അമ്പതിനായിരം രൂപ ടിക്കറ്റ് ഇനത്തില്‍ കളക്ഷനായി ലഭിക്കുമെന്നും രണ്ടര വര്‍ഷം കൊണ്ട് ലാഭകരമാക്കാമെന്നും പറഞ്ഞ് ആരംഭിച്ച പദ്ധതി ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്.

ഷോ കാണുവാന്‍ ആളു കയറാത്ത കാരണം ലാഭകരമായി നടത്താനാകാത്തതാണ് കാരണം. ഫൗണ്ടന്റെ പമ്പ് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ഔദ്യോഗിക വിശദീകരണം. രണ്ടായാലും പ്രശ്‌നം സങ്കീര്‍ണ്ണമാണ്. സര്‍ക്കാര്‍ വക പണം ചെലവഴിക്കുമ്പോള്‍ പദ്ധതിക്കാവശ്യമായ സാമ്പത്തിക സാധ്യതാ പഠനം നടത്തണം. ജി.സി.ഡി.എ ഈ മേഖലയില്‍ പ്രാവീണ്യമുള്ള ആരെ കൊണ്ടും ഇത്തരമൊരു പഠനം നടത്തിയിട്ടില്ല. പകരം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് പഠനം നടത്തി റിപ്പോര്‍ട്ട് വാങ്ങി. പദ്ധതി എങ്ങിനെയെങ്കിലും നടത്താനുള്ള ത്വരയായിരിക്കണം ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. നിലവാരമില്ലാത്ത ഉപകരണങ്ങള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങിയെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ല. ജി.സി.ഡി.എ ചെലവഴിച്ച തുകയ്ക്ക് ഇപ്പോള്‍ ഓഡിറ്റ് റിപ്പോര്‍ട്ടും ഇല്ല.

സാമ്പത്തിക നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജി.സി.ഡി.എ രാജേന്ദ്ര മൈതാനിയില്‍ ലേസര്‍ ഷോ ആരംഭിച്ചത്. ഏറ്റെടുത്ത ഭൂമി ഏത് ആവശ്യത്തിനാണോ എടുത്തത് അതിന് മാത്രമേ ഉപയോഗിക്കുവാന്‍ ജി.സി.ഡി.എയ്ക്ക് നിയമം അനുശാസിക്കുന്നുള്ളൂ. ടൗണ്‍ പ്ലാനിംഗ് ആക്ട് പറയുന്നതും അങ്ങനെ തന്നെ. അത് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

ആദ്യഘട്ടത്തില്‍ ജി.സി.ഡി.എ തന്നെയാണ് ടിക്കറ്റ് അച്ചടിയും വില്പനയും നടത്തിയിരുന്നത്. പിന്നീട് ഇപ്പോള്‍ അത് കടവന്ത്രയിലെ ധനലക്ഷ്മി ബാങ്ക് ശാഖയിലേക്ക് ഏല്‍പ്പിച്ച് കൈയൊഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ജനുവരിയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം  ടിക്കറ്റ് വില്പനയിലൂടെ ദൈനംദിന കളക്ഷന്‍ കേവലം 7000 രൂപ മാത്രമാണ്. ആറു മാസമായപ്പോഴേക്കും പ്രതിദിന വരുമാനം 2250 രൂപയായി കുറഞ്ഞു. പൂര്‍ണ്ണമായും ഡീസല്‍ ജനറേറ്ററിലാണ് ലേസര്‍ സംവിധാനങ്ങളും ഫൗണ്ടനുകളും പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസത്തെ ഡീസലിന് വേണ്ട തുക മാത്രം മൂവായിരത്തിലധികം വരും. കൂടാതെ മൂന്നു തൊഴിലാളികളുമുണ്ട്.

രാജേന്ദ്ര മൈതാനം ജി.സി.ഡി.എയ്ക്ക് പൊതുപരിപാടികള്‍ നടത്തുവാന്‍ വേണ്ടി യാതൊരു തുകയും മുടക്കാതെ വാടകയ്ക്ക് നല്‍കി മാത്രം 12 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്നു. ഇത് കളഞ്ഞു കുളിച്ചാണ് ലേസര്‍ ഷോ ആരംഭിച്ചത്. ഇത്രയും നാള്‍ മഴവില്‍ അഴക് ജനങ്ങളെ കാണിച്ച ഇനത്തില്‍ മൂന്നു കോടിയിലധികം രൂപയുടെ ബാധ്യതയും ജി.സി.ഡി.എയ്ക്കുണ്ട്. ഇതുവരെ ഇവിടെ നിന്നും പിരിഞ്ഞു കിട്ടിയത് 13 ലക്ഷം മാത്രമാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ നല്‍കിയിരിക്കുന്നത് 20 ലക്ഷം രൂപയ്ക്കും. ഇതിനു പിന്നിലും അഴിമതിയുടെ കൈകളുണ്ടെന്ന് ആരോപണം ഉയരുന്നു.

രാജേന്ദ്രമൈതാനിയുടെ തൊട്ടടുത്തു തന്നെയാണ് നാഫ്തയുടെ പമ്പിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ വേണ്ട സുരക്ഷ മുന്‍കരുതലുകള്‍ എടുത്തിട്ടില്ലെന്ന്  ആരോപണവുമുണ്ട്. നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പ്പറത്തി ചിലരുടെ കീശ വീര്‍പ്പിക്കാന്‍ നടപ്പിലാക്കിയ ഈ പദ്ധതി അഴിമതി ആരോപണങ്ങള്‍ നീളുന്നത് ജി.സി.ഡി.എ മുന്‍ ഭാരവാഹികള്‍ക്ക് നേരെയാണ്. ഈ ആരോപണങ്ങളെ കുറിച്ച് വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.