കാടക ചിത്രങ്ങളുമായി ദീപയും, മിനിയും, സംഗീതയും

കാടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് .എപ്പോഴും കാഴ്ചക്കാരെ വിളിച്ചുകൊണ്ടിരിക്കുന്ന കാറ്റിൽ നിന്നും മനോഹരങ്ങളായ മാതൃത്വ ഭാവനകളുമായി മൂന്നു പെണ്ണുങ്ങൾ .അവർ ക്യാമറയിൽ ഒപ്പിയെടുത്ത വന ദൃശ്യങ്ങൾ.”വനഗീതികൾ”
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ച ചിത്ര പ്രദർശനം ഒരു നവ്യാനുഭവമാണ് .22 നു അവസാനിക്കുന്ന ചിത്ര പ്രദർശനം കാണുവാൻ നിരവധി ആസ്വാദകരാണ് ആർട്ട് ഗാലറിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് .എല്ലാ ആളുകളെയും ഒരു പോലെ ആകർഷിക്കുന്ന കാടക ചിത്രങ്ങൾ .വനഗീതികൾ

ഈ പ്രദർശനത്തിലെ ചിത്രങ്ങളുടെ പ്രധാനയാത്ര വനജീവിതങ്ങളുടെ അമ്മമനസ്സിലേക്കാണ്‌. കാടിന്റെ മക്കളുടെ മാതൃത്വത്തെ കുറിക്കുന്ന ചിത്രങ്ങളുടെ പ്രത്യേക വിഭാഗം ഈ പ്രദർശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. കുഞ്ഞുങ്ങളെ പാലൂട്ടുന്നതും പരിപാലിക്കുന്നതുമൊക്കെ അവയുടെ ആവാസഭേദങ്ങളുടെ സവിശേഷതകളിൽനിന്നാണ്‌ ചിത്രകാരികൾ പകർത്തിയിട്ടുള്ളത്‌. ഫാഷൻ, ഫിലിം ഫോട്ടോഗ്രാഫർ ദീപ അലക്‌സ്‌ (കൊച്ചി)പരിസ്ഥിതി പ്രവർത്തക കൂടിയായ മിനി ആന്റോ (ഇരിങ്ങാലക്കുട) സോഫ്‌റ്റ്‌വെയർ എൻജിനിയറുമായ സംഗീത ബാലകൃഷ്‌ണൻ (മലപ്പുറം) എന്നിവർ പകർത്തിയ എൺപതോളം ചിത്രങ്ങളാണ് വന ഗീതികളിൽ നമ്മെ വിസ്മയിപ്പിക്കുന്നത്. കാട്ടിലേക്കുള്ള യാത്രകളാണ്‌ വനിതാ ഫോട്ടോഗ്രാഫർമാർ എന്ന നിലയിൽ ഇവരെ ഒന്നിപ്പിച്ചത്‌. വനാന്തരങ്ങളിലേക്ക്‌ ഒന്നിച്ചു നടത്തിയ യാത്രകൾ കുറവ്‌. മൂവരും വെവ്വേറെ പ്രദർശനം നടത്തിയിട്ടുണ്ടെങ്കിലും വിപുലമായ ഒരു ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്‌ ഇതാദ്യമാണ്.

കേരളത്തിനകത്തും പുറത്തും രാജ്യത്തിനു പുറത്തെ ദേശീയോദ്യാനങ്ങളിൽനിന്നു പകർത്തിയ ചിത്രങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്തവയാണ്‌ പ്രദർശനത്തിലുള്ളത്‌.