‘പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷത്തിനൊപ്പം സമരത്തിനില്ല’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷത്തിനൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി യു.ഡി.എഫ് സ്വന്തം നിലക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോകും. നിയമത്തെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ആശയക്കുഴപ്പമില്ല. സമരം ചെയ്യുന്നവരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. യെദ്യൂപ്പയുടെ നയം ഇവിടെ പിന്തുടരരുത്. എല്‍.ഡി.എഫ് മനുഷ്യച്ചങ്ങലയിലേക്ക് വിളിച്ചത് ഔചിത്യമില്ലായ്മയാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിനു വേണ്ടി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും മത, സാമൂഹിക നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഡിസംബര്‍ 29 ന് രാവിലെ 11 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്ന് രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തിരുവനന്തപുരത്ത് പ്രതിപക്ഷ കക്ഷികള്‍ അടക്കമുള്ളവരുമായി യോജിച്ച് സത്യഗ്രഹം സംഘടിപ്പിച്ചതിന് വലിയ പിന്തുണ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പുതിയ തീരുമാനവുമായി രംഗത്തത്തിയിരിക്കുന്നത്.