ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു എങ്കിലും അത് ഫലവത്തായില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകും. ചില ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു നല്‍കണെന്ന ചില ആവശ്യങ്ങളിലാണ് ധാരണയാകാതെ കിടക്കുന്നത്. പിസ ചീസ് അടക്കമുള്ള വസ്തുക്കള്‍ക്കാണ് യു.എസ് തുറന്ന വിപണി ആവശ്യപ്പെട്ടിട്ടുള്ളത്. ക്രഡിറ്റ് കാര്‍ഡുകള്‍ പോലുള്ള അന്താരാഷ്ട്ര ഡിജിറ്റല്‍ സര്‍വീസുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനും യു.എസിന് പദ്ധതിയുണ്ട്.

അതേസമയം,ചില എണ്ണ, പ്രകൃതി വാതക കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവയ്ക്കാന്‍ സാദ്ധ്യതയുണ്ട്. യു.എസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്ക് ചെലവു കുറഞ്ഞത് അല്ലെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാന്‍ ഇതു സഹായിക്കും. നിലവില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ തന്ത്രപ്രധാന ഊര്‍ജ പങ്കാളിത്ത കരാറുണ്ട്.വ്യാപാരക്കരാര്‍ ദുസ്സാദ്ധ്യമായ സാഹചര്യത്തില്‍ യു.എസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റിസര്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. യു.എസില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ട്രംപിന് പ്രധാനമാണ്.

സന്ദര്‍ശനത്തിന് മുന്നോടിയായി മന്ത്രി ജയ്ശങ്കര്‍ യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി, ജിം ഇന്‍ഹോഫ് നേതൃത്വം നല്‍കുന്ന യു.എസ് കോണ്‍ഗ്രസ് സംഘം, സൈനിക സര്‍വീസ് കമ്മിറ്റികള്‍ എന്നിവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യു.എസ് സന്ദര്‍ശനത്തിലും വ്യാപാരക്കരാര്‍ ഒപ്പിടാനായിരുന്നില്ല. ന്യൂയോര്‍ക്കില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പരസ്പരം പുകഴ്ത്താന്‍ മാത്രമാണ് ഇരു നേതാക്കളും സമയം കണ്ടെത്തിയത്. വ്യാപാരക്കരാറില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ഇരു നേതാക്കളും അറിയിച്ചു. ന്യായവും യുക്തിസഹവുമായ വ്യാപാരക്കരാറിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് മാദ്ധ്യമങ്ങളുമായി സംസാരിക്കവെ വിദേശകാര്യ സെക്രട്ഠറി വിജയ് ഗോഖലെ പറഞ്ഞത്. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നും ചര്‍ച്ചയില്‍ ഒരുപാട് പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.നാല്‍പ്പതിലേറെ അമേരിക്കന്‍ കമ്പനി സി.ഇ.ഒകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വ്യാപാരക്കരാറില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കിയത്. മോദിയുടെ സന്ദര്‍ശനത്തിനിടെ യു.എസ് വാണിജ്യ സെക്രട്ടറി റോബര്‍ട്ട് ലൈറ്റിസറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റെ അന്തിമ തീരുമാനം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഉണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്.