ലോക കേരള തീറ്റ പണ്ടാരങ്ങൾ

വിശപ്പുകാരണം പിഞ്ചു കുഞ്ഞുങ്ങള്‍ മണ്ണ് തീരുന്ന കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ധൂര്‍ത്തിന്റെ മാമാങ്കം. ലോക കേരള സഭയുടെ പേരില്‍ ഖജനാവില്‍ നിന്ന് പൊടിപൊടിച്ച കോടികള്‍ക്ക് ശേഷം ഇപ്പോള്‍ പുറത്തുവരുന്നത് ഭക്ഷണത്തിനും താമസത്തിനുംവേണ്ടി ചെലവിട്ട ധൂര്‍ത്തിന്റെ കണക്കുകള്‍. ഈ വര്‍ഷം ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നിയമസഭാ മന്ദിരത്തില്‍ നടന്ന ലോകകേരള സഭയുടെ മീറ്റിങിന്റെ ധൂര്‍ത്തിന്റെ കണക്കുകള്‍ പുറത്തു വന്നുതുടങ്ങി. പ്രതിനിധികളെ താമസിപ്പിച്ച ഹോട്ടല്‍ ബില്ല് മാത്രം 23 ലക്ഷം രൂപ ചിലവായതായാണ് രേഖകള്‍ തെളിയിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളടക്കമുള്ള എട്ട് സ്ഥലങ്ങളില്‍ താമസിച്ചതിന് 23, 42, 725 രൂപ ചിലവായതിന്റെ ബില്ല് സംഘാടക സമിതി ചെയര്‍മാന്‍ നോര്‍ക്കയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതിനേക്കാള്‍ ഭീമമായ തുകയാണ് ഭക്ഷണത്തിനും മറ്റും ചിലവായിരിക്കുന്നത്. ലോക കേരള സഭയുടെ സംഘാടക സമിതി അംഗമായ രവി പിള്ളയുടെ കോവളത്തുള്ള റാവിസ് ഹോട്ടലില്‍ നിന്നാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തത്. 1700 രൂപയും ടാക്‌സും ചാര്‍ജ് ചെയ്യുന്ന അത്താഴമാണ് 850 പ്രതിനിധികള്‍ക്ക് വിതരണം ചെയ്തത്. അതുപോലെ തന്നെ പ്രഭാത ഭക്ഷണത്തിന് 550 രൂപയും ടാക്‌സും, ഉച്ചഭക്ഷണത്തിന് 1700 രൂപയും ടാക്‌സും, 250 രൂപ വീതമുള്ള റിഫ്രഷ്‌മെന്റുമൊക്കെയാണ് ഓരോ ദിവസവും ഏതാണ്ട് 800 പ്രതിനിധികള്‍ക്ക് മൂന്ന് ദിവസവും വിതരണം ചെയ്തത്. ഇതിനായി 59,82,600 രൂപ ഭക്ഷണത്തിന് മാത്രം ചെലവായി. സംസ്ഥാന സര്‍ക്കാരിന്റെ ഹോട്ടലുകളെ മറികടന്നുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലിനെ ഭക്ഷണ വിതരണം ഏല്‍പ്പിച്ചത്. ഈ ഇനത്തിലും ലക്ഷങ്ങളാണ് പൊടിച്ചത്.

47 രാജ്യങ്ങളില്‍ നിന്നുള്ള 351 പ്രതിനിധികളാണ് ലോക കേരള സഭയില്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടത്. ഇത്രയേറെ പണം ചിലവാക്കി നടത്തിയ ഈ മാമാങ്കം കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും ഗുണമുണ്ടായതായി ആര്‍ക്കും അറിയില്ല. പ്രവാസികളുടെ സുരക്ഷാ, ഭാവി, പുന:രധിവാസം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് ലോക കേരള സഭ സംഘടിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശവാദം. പക്ഷേ, കോടികള്‍ ചിലവാക്കിയതല്ലാതെ ഗുണപരമായ ഒരു മാറ്റവും സംസ്ഥാനത്തിന്റെ ഒരു മേഖലയിലും കാണാന്‍ കഴിഞ്ഞിട്ടില്ല.