കോവിഡ് 19 :വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്; ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം : കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ വിഷു പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവായിട്ടുള്ളതാണ്.

എന്നാല്‍ പ്രസ്തുത ഉത്തരവുകളുടെ കാലാവധി 31.3.2020 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണിന്‍റെ പശ്ചാത്തലം കൂടി പരിഗണിച്ച് പ്രസ്തുത ഉത്തരവുകളുടെ കാലാവധി 14.4.2020 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ നിലവില്‍ ബാങ്കുകളില്‍ അവര്‍ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്.എന്നാല്‍ ഇപ്പോ‍ഴത്തെ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസം മുതലുള്ള, വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ അവരവരുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് ,എറ്റിഎം വ‍ഴി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്നതിനും ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ്
പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയടക്കമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ മു‍ഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ പ്രവേശിപ്പിക്കുവാന്‍ ക‍ഴിയാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ഈ അവസ്ഥ എത്രദിവസം തുടരുമെന്ന് പറയുവാന്‍ ക‍ഴിയില്ല.അപ്രതീക്ഷിതമായുണ്ടായ
ഈ സംഭവവികാസം ഇപ്പോള്‍ തന്നെ ബോര്‍ഡിന്‍റെ സാമ്പത്തികാടിത്തറയെ പിടിച്ചുലച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊ‍ഴികെയുള്ള മു‍ഴുവന്‍ ജീവനക്കാരും അവരവരുടെ ഒരു മാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനും ബോര്‍ഡ് യോഗം തീരുമാനിച്ചു.

പ്രസ്തുത തുക ഒന്നായോ 6 ല്‍ കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാവുന്നതാണെന്നും തീരുമാനമായതായി പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.ഫണ്ടിലേക്കുള്ള തുക ജീവനക്കാരുടെ സമ്മതത്തോടുകൂടി ബില്ലില്‍ കുറവ് ചെയ്യുന്നതിനും ടെമ്പിള്‍ റിനവേഷന്‍ ഫണ്ടില്‍ ഒടുക്കുവരുത്തുന്നതിനും എല്ലാ ഓഫീസ് മേധാവികളെയും ചുമതലപ്പെടുത്തുന്നതായും ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു..