വീട് ജീവിതം;ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവർ !

മീനു എലിസബത്ത്
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുമ്പോൾ ഇത് വരെ നേരം വെളുത്തിട്ടില്ലാത്തവരെക്കുറിച്ചു കേരളത്തിന്റെ മുഖ്യ മന്ത്രി തന്റെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി. അന്നത് ഒരു ചെറു ചിരിയോടെയാണ് കേട്ടതെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ ആ പ്രയോഗം കടമെടുത്തു കൊണ്ട് പറയേണ്ടി വരുകയാണ്. ഇവിടെ അമേരിക്കയിലും ചിലർക്കെങ്കിലും ഇത് വരെ നേരം വെളുത്തിട്ടില്ല.

ഈ ലോക് ഡൌൺ കാലത്തു ആർക്കാണ് പ്രധാനമായും നേരം വെളുക്കാത്തതു ? അമേരിക്കയിലും മറ്റു പാശ്ചാത്ത്യ രാജ്യങ്ങളിലും ഇനിയും നേരം വെളുക്കാത്തതു പ്രധാനമായും ഇവിടുത്ത കുറെ ചെരുപ്പക്കര്ക്കും കൗമാരക്കാർക്കുമാണ്.
വിദ്യാഭ്യാസ സ്ഥാപങ്ങൾ മാർച്ച ആദ്യത്തെ ആഴ്ച സ്പ്രിങ് ബ്രേക്ക് കാലത്തു അടച്ചതാണ്. ആ സമയങ്ങളിലെല്ലാം കൊറോണ വുഹാനിൽ അതിന്റെ മൂര്ധന്യത്തിൽ താണ്ഡവമാടുന്ന സമയം. ഇറ്റലിയിലേക്കും ഫ്രാന്സിലേക്കും സ്പെയിനിലേക്കും മെല്ലെ മെല്ല കോവീട് കടന്നു വന്നു വരുന്നതിന്റെ വാർത്തകൾ. അന്ന് കൂട്ടും കൂടി സ്പ്രിങ് ബ്രേയ്ക്ക് ആഘാഷിക്കാൻ പോയ നല്ല ശതമാനം ചെരുപ്പക്കര്ക്കും ഇപ്പോൾ അസുഖ ലക്ഷണങ്ങൾ കണ്ടെത്തിയതായി കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ കാണുന്നു.

അതും കഴിഞ്ഞു ആഴ്ചകൾ കടന്നു പോയി. മിക്ക സസ്‌ഥാനങ്ങളിലും ഒന്നര ആഴ്ചയായി സമ്പൂർണ്ണ ലോക് ഡൌൺ ഗവര്ണര്മാരും സിറ്റി മേയര്മാരും മുൻ കരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങിയാൽ മതിയെന്നുള്ള ഓർഡർ ഇറങ്ങി. എവിടെ ? മിലേനിയൽസ് എന്ന് ഓമന വിളിപ്പേരുള്ള ഈ യുവജനതക്കു ഇത് വല്ലതും തലയിൽ കയറുമോ? രാത്രി മുഴുവൻ ഫോണിലും, ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളിലും കളിച്ചിരിക്കുന്ന മിക്ക മിലേനിയൽസും ഉറങ്ങിയെഴുന്നേറ്റു വരുമ്പോൾ പന്ത്രണ്ടു ഒരു മണി. ഈ ലോകത്തെന്തു നടക്കുന്നുവെന്നോ, ലോക്ക് ഡൌൺ ആണെന്നോ ഉള്ള വിവരമൊക്കെ അറിഞ്ഞാൽ തന്നെ, ഒരു “ഹു കെയർസ്” മനോഭാവം. വണ്ടിയുമെടുത്തു പിന്നെയങ്ങു ഇറങ്ങുന്നു. കൂട്ടുകാരുടെ വീടുകളിലോ വല്ല പാർക്കുകളിലോ ഒക്കെ കറക്കം. റസ്റ്റോറന്റുകൾ അടവായതിനാൽ ഡ്രൈവ് ത്രൂ കളിലൂടെ ഭക്ഷണം വാങ്ങി. പാർക്കുകളും ഒഴിഞ്ഞ കടകളുടെ പാർക്കിങ് ലോട്ടുകളിലും കൂട്ടും, കൂടി സൊറ പറച്ചിൽ. ഞങ്ങളുടെ പ്രദേശമായ വൈലിയിലോ അതിന്റെ അടുത്ത പ്രദേശങ്ങളിലോ ഒന്നും ഇത് വരെ ഇവിടെ ഒരു പോലിസും ഇവരെയൊന്നും, തടഞ്ഞു നിർത്തുന്നതായോ, എവിടെ പോകുന്നു എന്തിന് പോകുന്നുവെന്ന് തിരുക്കുന്നതായി കാണുന്നില്ല. വീട്ടിലിരിക്കാത്തവരെ കേരളാ പോലീസ് തല്ലിയും അടിച്ചും, വീട്ടിലിരുത്തുന്നത് കണ്ടാപ്പോൾ ഇവിടെയും പോലിസുകാർ എന്തെ ഒന്ന് തടഞ്ഞു നിർത്തുക പോലും ചെയ്യുന്നില്ലയെന്നു ആലോചിച്ചു പോയി.

പല സംസ്ഥാങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ് സ്ഥിതിഎന്ന് പലരിൽ നിന്നും അറിയാൻ കഴിഞ്ഞു.
അമേരിക്കയിലെ ചെറുപ്പക്കാർക്ക് കൊറന്റീനോന്നും ഒരു പ്രശനമായി തോന്നുന്നില്ല. കൊറോണ തന്നെ അവർക്കൊരു പ്രശനമല്ല. ആരെയും കൂസലില്ലാത്ത ആറ്റിട്യൂട് നല്ലതു തന്നെ. പക്ഷെ അവർ വെളിയിൽ ഇറങ്ങി നടന്നു കൂട്ടിക്കൊണ്ടു വരുന്ന കോവിഡ് 19 വൈറസിന്റെ ആക്രമണം നേരിടുന്നത് പ്രായമുള്ള മാതാപിതാക്കളും, മറ്റു അണ്ടർലൈൻ ആരോഗ്യ പ്രശ്ങ്ങളുള്ളവരുമായിരിക്കും. ഇവർക്ക് യാതൊരു രോഗ ലക്ഷങ്ങളും, കാണണമെന്നില്ലങ്കിൽ കൂടി ഇവർ വാഹകരായിരിക്കും. ഇവർക്കൊരു പക്ഷെ കൊറോണപ്പനി വന്നു കൊള്ളണമെന്നു കൂടിയില്ല. എന്തിനു ഒരു തല വേദന പോലും കാണില്ല. പക്ഷെ ആരോഗ്യപ്രശനങ്ങൾ ഉള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ. ഇറ്റലിയിലെ ജനങ്ങൾക്ക് സംഭാവിച്ചതും ഇത് തന്നെയായാരിന്നു. കൊറന്റിൻ സമയം അവർ കൂട്ടും കൂടി പാർട്ടി നടത്തി നടന്നുവെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതാരാണ് ഈ ചെറുപ്പക്കാരെ ഒന്ന് മനസിലാക്കി കൊടുക്കുക. ? അമേരിക്കയിലെ മലയാളി മത സ്ഥാപനങ്ങളിലൊക്കെ കുറെ ചെറുപ്പക്കാർ സജീവമായി പങ്കെടുക്കുന്നവരാണ്. അത് പോലെ സ്പോർട്സ് ക്ലബ്ബ്കളും. മാതാപിതാക്കൾ പറഞ്ഞു വിലാക്കാഞ്ഞിട്ടാണെന്നു തോന്നുന്നില്ല. തൽക്കാലം ഇവരുടെ യൂത്ത് വിങ്ങുകളുടെ നേതൃ നിര തന്നെ ഈ ബോധവൽക്കരണത്തിനു മുന്നോട്ടു വന്നേ പറ്റു.

ഇത് കാണുമ്പോൾ കിലുക്കം സിനിമയിലെ വളരെ തമാശ നിറഞ്ഞ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്. .
“അയ്യോ ആരെങ്കിലും ഈ യുവതലമുറയോടൊന്നു പറയു..ഇങ്ങിനെ വെളിയിൽ ഇറങ്ങി നടന്നു നടന്നു നിങ്ങൾ വീട്ടിലേക്കു കോവിഡിനെ കൂട്ടിക്കൊണ്ടു വരുമെന്ന്.”

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് കോവിഡിനങ്ങിനെ വലുപ്പച്ചെറുപ്പം ഒന്നുമില്ലന്നാണ്. ഏത് പ്രായക്കാരും കോവിഡിന് പ്രിയം. അത് കൊണ്ട് എല്ലാവരും ജാഗരൂഗരായിരിക്കുക.

ഈ കാര്യങ്ങളെഴുതുന്നതു വഴി അമേരിക്കയെ താഴ്ത്തിക്കെട്ടുകയാണ് എന്നുള്ള വാദവുമായി ദയവു ചെയ്തു വരാതിരിക്കുക. ലേഖിക മുപ്പത്തി അഞ്ചു വർഷമായി അമേരിക്കയിൽ താമസിക്കുന്നവരും ഇന്ത്യയെയും അമേരിക്കയെയും ഒരു പോലെ സ്നേഹിക്കുന്നയാളുമാണ്. സമൂഹ നൻമ്മയെ മുൻ നിർത്തി പറയേണ്ട ചില കാര്യങ്ങൾ പറഞ്ഞെ പറ്റു. എഴുത്തുകാരുടെ പടലപ്പിണക്കങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ലിത്.
ലോക ആരോഗ്യ മേഖലയും ഇന്ത്യൻ സമൂഹവും സാഹിത്യ ലോകവും ഒരു പോലെ അംഗീകരിച്ച ചില മലയാളികൾ ദൃശ്യ മാധ്യമങ്ങളിലൂടെയും അക്ഷര മാധ്യമങ്ങളിലൂടെയും ലോകത്തിനു അറിവ് പകർന്നു കൊടുക്കുമ്പോൾ അവർ അമേരിക്കൻ മലയാളികളാണെന്നുള്ളത് നമുക്ക് അഭിമാനത്തിന് വകയേകുന്നു.

ഇവിടെ നിന്നും ഇന്ത്യയിലേക്ക് വരുന്ന ചില റിപ്പോർട്ടുകളിൽ ചില അതിശയോക്തികളും അമേരിക്കൻ വിരുദ്ധതയുമിക്കെ ഉണ്ടെന്നുള്ളതിനെ കുറച്ചു കാണുന്നില്ല. എങ്കിലും സത്യങ്ങളും വസ്തുതകളും കാണാതെ പോകരുത്. ഇക്കാര്യങ്ങളൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ ഭരണാധികാരികളോട് നിരന്തരം ചോദിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഭരണകൂടത്തിനെതിരെ ലോകമെമ്പാടും നിന്നും വന്ന തരാം വിമര്ശങ്ങളിലൂടെയും ശബ്ദമുയർത്തലിലൂടെയുമാണ് വൈകിയാണെങ്കിലും രാജാവ് തന്റെ നഗ്നത തെല്ലൊന്നു മറക്കാൻ തീരുമാനിച്ചത്.

ഇതെല്ലാം പറയുമ്പോഴും ഒരു കാര്യം പറയാതെ വയ്യ. അമേരിക്കയിലെ ഭരണകൂടത്തിനും സാരഥിക്കും സമയത്തിനും കാലത്തിനും നേരം വെളുത്തിരുന്നെങ്കിൽ ഇന്നിപ്പോൾ ന്യൂ യോർക്കിലെ സ്ഥിതി ഇങ്ങിനെആകുമായിരുന്നില്ല. മൂന്നാഴ്ചയിലെ കാലതാമസത്തിനു നമ്മൾ കൊടുക്കാൻ പോകുന്ന വില…ഓരോരുത്തരുംഊഹിച്ചു കൊണ്ടാൽ മതി. ഭരണാധികാരികളുടെ ചില പ്രസ്താവനകൾ വരികൾക്കിടയിലൂടെ വായിക്കാതെ തന്നെ ഭീതി ഉളവാക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് പറയുന്നത് നമുക്ക് അതി ജീവിക്കണം. അതിജീവിച്ചെ പറ്റു. ലോക്ക് ഡൌൺ നിയമങ്ങൾ അനുസരിച്ചു തന്നെ മുന്നോട്ടു പോകാം. കാരണം നമ്മുടെ ജീവൻ കാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പകച്ചു നിൽക്കുന്ന അവസ്ഥയിൽ നമുക്ക് നാം മാത്രമേ ഉണ്ടാവു.