ടർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ലോകം ശ്രദ്ധ തിരിക്കുന്നു

ഹരിത സാവിത്രി
ഹെലിൻ ബോലിക്കിന്റെ കൊലപാതകം, (അതെ, ഞാനതിനെ കൊലപാതകം എന്നേ വിളിക്കൂ) മൂലം ടർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ലോകം ശ്രദ്ധ തിരിക്കുന്നു. എത്രയോ നാളുകളായി ആ രാജ്യത്തിലെ പ്രതിപക്ഷ കക്ഷികളും എഴുത്തുകാരും ഗായകരും പത്രപ്രവർത്തകരും വിദ്യാർത്ഥികളും ഈ ലോകത്തോട് അവരനുഭവിക്കുന്ന അനീതികളെ കുറിച്ച് പറയാനും നമ്മളിൽ ഓരോരുത്തരുടെയും ശ്രദ്ധ നേടിയെടുക്കാനും പെടാപ്പാട് പെടുകയായിരുന്നു എന്ന്‌ അറിയാമോ?ആ പാവം സ്ത്രീ തന്റെ ജീവൻ ബലി കൊടുത്തുകൊണ്ട് അത് നേടിയെടുത്തു.

നമ്മുടെ രാജ്യത്തിലും ജനാധിപത്യത്തിന്റെ പ്രകാശം അണയുകയാണ്. ടർക്കിയുടെ പാതയിലാണ് ഇന്ത്യയുടെയും സഞ്ചാരം.ഇന്ന് ലോകമാധ്യമങ്ങളും സോഷ്യൽ മീഡിയയും കൊണ്ടാടുന്ന ഹെലിൻ ബോലിക് എന്ന പേര് രണ്ടു ദിവസത്തിനകം വിസ്മൃതിയിലാഴും. നാം വീണ്ടും ഫാസിസത്തെ ട്രോളി രസിക്കുന്ന കലയിൽ അഭിരമിക്കും. ബുര്‍ഹാന്‍ സോന്‍മെസുമായി നടത്തിയ അഭിമുഖം. കുർദ് വംശജനായ ടർക്കിഷ് എഴുത്തുകാരനാണ് ബുർഹാൻ. 

സ്താംബുളിലെ കഡിക്കോയ് ബോട്ട് ജട്ടിയ്ക്ക് സമീപമുള്ള ‘ബലൂണ്‍’ എന്ന റെസ്റ്ററന്റിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. ടർക്കിയിലെ ഏറ്റവും സുന്ദരമായ അസ്തമയക്കാഴ്ച ആസ്വദിക്കാനും ഒരു കപ്പ് കൊഴുത്ത ടർക്കിഷ് കോഫി കുടിക്കാനും ഏറ്റവും പറ്റിയ സ്ഥലം. ബോസ്ഫറസ് നദിക്കപ്പുറം ഹയ സോഫിയയുടെയും ബ്ലൂ മോസ്കിന്റെയും മിനാരങ്ങൾ ചുവന്ന തുടങ്ങിയ ആകാശത്തിനെതിരെ തലയുയർത്തി നിൽക്കുന്നു. അൽപ്പമൊന്നു ഇരുണ്ടു കലങ്ങിയ നദിയുടെ മീതെ സീഗളുകൾ കലപില കൂട്ടിക്കൊണ്ടു താഴ്ന്നു പറക്കുന്നതും നോക്കി എനിക്കെതിരെ ഇരിക്കുകയാണ് ബുര്‍ഹാന്‍ സോന്‍മേസ്. വിവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ പ്രമുഖ ടര്‍ക്കി എഴുത്തുകാരന്‍.

2009ല്‍ പുറത്തിറങ്ങിയ ‘നോര്‍ത്ത്’, രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ ‘സിന്‍സ് ആന്റ് ഇന്നസന്‍സ്’, 2015ല്‍ ഇറങ്ങിയ ‘ഇസ്താംബുള്‍, ഇസ്താംബുള്‍’, കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട ‘ലേബ്രിന്‍ത്’ എന്നീ നോവലുകളാണ് എഴുത്തുകാരനെന്ന നിലയില്‍ ബുര്‍ഹാനെ ശ്രദ്ധേയനാക്കിയത്. ന്യൂയോര്‍ക്കിലെ വക്‌ലാവ് ഹാവല്‍ ലൈബ്രറി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഡിസ്റ്റര്‍ബിംഗ് ദി പീസ് പുരസ്‌കാരം, ലണ്ടന്‍ ആസ്ഥാനമായ ഇബിആര്‍ഡി പുരസ്‌കാരം, ടര്‍ക്കിയിലെ പ്രശസ്തമായ സാദത് സിമാവി സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ ബുര്‍ഹാന്റെ പുസ്തകങ്ങള്‍ ഇതിനകം 36 രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, കുര്‍ദ് അവകാശങ്ങള്‍ക്കു വേണ്ടി നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ മുന്‍നിരയിലുള്ള ആക്ടിവിസ്റ്റ്, മനുഷ്യാവകാശ വിഷയങ്ങളില്‍ ഗൗരവമായി ഇടപെടുന്ന അഭിഭാഷകന്‍ എന്നീ നിലകളിലും കര്‍മ്മനിരതനാണ്.

കവിതയായിരുന്നു ബുര്‍ഹാന്റെ ആദ്യ തട്ടകമെങ്കിലും പിന്നീട് അദ്ദേഹം നോവലുകളിലേക്കും കഥയെഴുത്തിലേക്കും ചുവടു മാറി. ഇതിനിടെ, നേരിട്ട ജയില്‍ വാസം, കൊലപാതകശ്രമം, ബ്രിട്ടനിലേക്കുള്ള പലായനം, ടര്‍ക്കിയിലേക്കുള്ള തിരിച്ചുവരവ്. മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. പലപ്പോഴും സ്‌റ്റേറ്റിന്റെ കണ്ണിലെ കരടായി മാറിയ ബുര്‍ഹാന്‍ നിര്‍ഭയം എഴുതുകയും സംസാരിക്കുകയും രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യുന്നു.

ടര്‍ക്കിയിലെ ഒരു കുര്‍ദിഷ് ഗ്രാമത്തില്‍, കുര്‍ദ് കുടുംബത്തില്‍ ജനിച്ച ബുര്‍ഹാനെ കഥകളുടെ അന്തംവിട്ട ലോകങ്ങളിലേക്ക് പറത്തിയത് ഉമ്മ ആയിരുന്നു. കഥകളുടെ അപാരമായ ഖനി മാത്രമായിരുന്നില്ല അവര്‍, അസാധാരണമായ വിധം കഥ പറയാനറിയുന്ന ഒരുവള്‍. ആ കഥകളില്‍നിന്നു ബുര്‍ഹാന്‍ പറന്നുയര്‍ന്നത്, ഫിക്ഷന്റെ അപാരമായ ആകാശങ്ങളിലേക്കായിരുന്നുവെന്ന് ആ നോവലുകള്‍ സാക്ഷ്യം പറയും. മറ്റ് പലയിടത്തുമെന്ന പോലെ, കുര്‍ദ് എന്ന വാക്ക് മുഖ്യധാരാ തുര്‍ക്കി സമൂഹത്തിനും അരോചകമായിരുന്നു. കുര്‍ദ് ഭാഷ വിട്ട് ടര്‍ക്കിഷില്‍ എഴുതിത്തുടങ്ങിയ ബുര്‍ഹാന്‍ കുര്‍ദ് സ്വത്വം നല്‍കുന്ന അനേകം പ്രതിസന്ധികള്‍ മുറിച്ചുകടന്നാണ് ഇന്നുള്ള സ്വീകാര്യത നേടിയെടുത്തത്.

ഇസ്തംബുളില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച ബുര്‍ഹാന്‍ ടര്‍ക്കിയിലെ ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തകനാണ്. സര്‍ക്കാര്‍ വിരുദ്ധ പത്രമായ ബിര്‍ഗുന്‍ സ്ഥാപകരില്‍ ഒരാളായിരുന്നു. 1996ല്‍ പൊലീസ് അതിക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്, ബ്രിട്ടനില്‍ ചികില്‍സ തേടാനായി അദ്ദേഹം രാജ്യം വിട്ടു. ഫ്രീഡം ഫ്രം ടോര്‍ച്ചര്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായത്താല്‍ അനേകം കാലങ്ങള്‍ ബ്രിട്ടനില്‍ കഴിഞ്ഞു. ജോലിയില്ലാതെ, വരുമാനമില്ലാതെ, രോഗക്കിടക്കയില്‍ കഴിഞ്ഞ നാളുകളെ അതിജീവിക്കാനാണ് ബുര്‍ഹാന്‍ ഫിക്ഷനെഴുത്തിലേക്ക് തിരിഞ്ഞത്. ആ നോവലുകള്‍ ബുര്‍ഹാനെ ശ്രദ്ധേയനാക്കി. ലോകമെങ്ങും ആ പുസ്തകങ്ങള്‍ വായിക്കപ്പെട്ടു. വിശ്വസാഹിത്യകാരൻ എന്ന മേല്‍വിലാസവുമായാണ് പിന്നീട് അദ്ദേഹം ടര്‍ക്കിയില്‍ മടങ്ങിയെത്തിയത്.

ആ ബുര്‍ഹാനാണ് എന്റെ മുന്നില്‍, ചുവന്നു തിളങ്ങുന്ന ബോസ്ഫറസ് നദി നോക്കിയിരുന്നു ചൂടുള്ള കോഫി രുചിയോടെ ആസ്വദിക്കുന്നത്.

ചിപ്പിയുടെ ആകൃതിയിലുള്ള ആ റെസ്റ്ററന്റ് നിറയെ വിനോദ സഞ്ചാരികളായിരുന്നു. ബുര്‍ഹാന്‍ അവിടെ ഏറെ പരിചിതനാണെന്ന് തോന്നി. നാട്ടുകാരായ ആളുകള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പരിചയഭാവത്തില്‍ കൈവീശുകയും ചെയ്യുന്നുണ്ടായിരുന്നു.

ടര്‍ക്കിയുടെ ഏഷ്യന്‍ യൂറോപ്യന്‍ കരകള്‍ അവിടെയിരുന്നു നോക്കിയാല്‍ കാണാം. പ്രൗഢഗംഭീരമായ ഒരു കെട്ടിടം ദൂരെ നദീ തീരത്ത് കാണാമായിരുന്നു. എന്റെ കൗതുകം നിറഞ്ഞ നോട്ടം കണ്ടിട്ടാവണം, ഏകദേശം നൂറ്റി അന്‍പതോളം വര്‍ഷം പഴക്കമുള്ള ഒരു റെയില്‍വെ സ്‌റേഷന്‍ ആണതെന്ന് ബുര്‍ഹാന്‍ വിശദീകരിച്ചു. ‘അതൊരു ആഡംബര ഹോട്ടല്‍ ആക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ ഞങ്ങള്‍ വമ്പന്‍ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. അവസാനം അവര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു. ഇപ്പോള്‍ അത് ഒരു മ്യൂസിയമാക്കി മാറ്റുകയാണ്.”

പഞ്ച നക്ഷത്ര ഹോട്ടലുകളായി മാറിയ കേരളത്തിലെ കൊട്ടാരങ്ങളെ പറ്റി ഞാന്‍ വിശദീകരിച്ചു.

”കേരളത്തില്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മന്റല്ലേ ഭരിക്കുന്നത്?”-അത്ഭുതത്തോടെയാണ് ബുര്‍ഹാന്‍ ചോദിച്ചത്.

”അതെ.” ഞാന്‍ മറുപടി പറഞ്ഞു.

ഞങ്ങള്‍ അല്‍പ്പനേരം നിശ്ശബ്ദരായിരുന്നു.

”നീ അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കെട്ടിടമാണ് ആ റെയില്‍വെ സ്‌റ്റേഷന്റെ പിന്നില്‍ കാണുന്നത്.” വിഷയം മാറ്റാന്‍ എന്നവണ്ണം ബുര്‍ഹാന്‍ പറഞ്ഞു.
വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു നീണ്ടു വിരസമായ കെട്ടിടമായിരുന്നു അത്. ധാരാളം ജനാലകളും നാല് മൂലയ്ക്കും ചെറിയ മിനാരങ്ങളുമായി ഒരു പഴയ സ്‌കൂള്‍ പോലൊന്ന്.

”അതെന്താണെന്ന് ഊഹിക്കാമോ?”

”സ്‌കൂള്‍? യൂണിവേഴ്‌സിറ്റി?”

സദാ ഗൗരവക്കാരനായി കാണപ്പെടുന്ന ആ മനുഷ്യന്റെ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

”അല്ല, അതൊരു ജയിലാണ്. സ്വാതന്ത്ര്യം കൊതിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകളെ തല്ലിക്കൊന്ന ഇടം. ഞാനും കിടന്നിട്ടുണ്ട് അവിടെ കുറെ നാള്‍.”

മനസ്സില്‍ കൊണ്ട് നടന്ന ചോദ്യം പുറത്തെടുക്കാന്‍ കിട്ടിയ അവസരമായിരുന്നു അത്. ആ ചോദ്യത്തില്‍ അഭിമുഖം തുടങ്ങുകയും ചെയ്തു.

ജയില്‍ അനുഭവങ്ങള്‍

🌀 ജയിലില്‍ കഴിച്ചു കൂട്ടിയ കാലത്തെപ്പറ്റി പലപ്പോഴും പല വേദികളിലും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ എവിടെയും പരാമര്‍ശിച്ചു കണ്ടിട്ടില്ല. അതിനെപ്പറ്റി സംസാരിക്കാമോ?

1984-ലാണ് അത് സംഭവിച്ചത്. ടര്‍ക്കിയുടെ ഭരണം പട്ടാളം പിടിച്ചെടുത്ത് നാല് വര്‍ഷങ്ങള്‍ക്കു ശേഷം. പട്ടാള നിയമമായിരുന്നു അന്ന് രാജ്യത്തു നിലവിലുണ്ടായിരുന്നത്. ഞാന്‍ ആ സമയത്തു നിയമ വിദ്യാര്‍ഥിയായിരുന്നു. ഹയ സോഫിയയ്ക്ക് സമീപമുള്ള ഒരു തടവറയിലാണ് അവര്‍ എന്നെ അടച്ചത്. കുപ്രശസ്തമായ ഒരു പീഡന കേന്ദ്രം. ഗയ്‌റെയ്‌റ്റെപ്പെ എന്നാണ് പേര്. എന്നെപ്പോലെ അനേകം വിദ്യാര്‍ഥികള്‍ അവിടെയുണ്ടായിരുന്നു. ചിട്ടയോടു കൂടിയ പീഡന രീതികളാണ് അവിടെ അനുവര്‍ത്തിച്ചിരുന്നത്. വൈദ്യതാഘാതമേല്‍പ്പിക്കുക, കുരിശില്‍ തറയ്ക്കുക മര്‍ദ്ദിച്ച് അവശരാക്കുക തുടങ്ങിയ പല തരത്തിലുള്ള ദണ്ഡനമുറകള്‍. ആഴ്ചകള്‍ ഞങ്ങളവിടെ കുരുങ്ങിക്കിടന്നു. അതിനു ശേഷം, അതാ ആ കാണുന്ന ജയിലിലേക്കും മറ്റു ചില തടവറകളിലേക്കും എന്നെയും സുഹൃത്തുക്കളെയും മാറ്റി. കുറച്ചു നാളുകള്‍ക്കു ശേഷം എന്നെ അവര്‍ വിട്ടയച്ചു. പഠിച്ചുകൊണ്ടിരുന്ന യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു പോകാന്‍ കഴിയുമായിരുന്നില്ല. എന്നെ അവിടെ നിന്ന് പുറത്താക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസസ്ഥലത്തു നിന്നും പുറത്താക്കപ്പെട്ടു. താമസിക്കാന്‍ ഒരിടം പോലുമില്ലാതെ ഞാന്‍ നരകിച്ചു.

വിദ്യാഭ്യാസം തുടരാന്‍ കഴിയില്ലെന്ന് കുടുംബത്തെ അറിയിക്കുന്ന കാര്യം ആലോചിക്കാനാവില്ലായിരുന്നു. അതിനാല്‍ ഞാന്‍ ഇസ്താംബുളില്‍ തന്നെ തങ്ങി. വിദ്യാഭ്യാസം തുടരാനുള്ള അവകാശത്തിനായി എനിക്ക് മൂന്നു വര്‍ഷം പൊരുതേണ്ടി വന്നു.അന്നത്തെകാലത്ത്അത് സര്‍വ്വസാധാരണമായ ഒരു അനുഭവമായിരുന്നു. ഇന്നും അതങ്ങനെ തന്നെയാണ്. ഗവണ്മെന്റിന്റെ കണക്കു പ്രകാരം അന്ന് ആറു ലക്ഷത്തി അന്‍പതിനായിരം ആളുകള്‍ അറസ്റ്റിലായിരുന്നു. അതിനര്‍ത്ഥം അത്രയും ആളുകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തന്നെയാണ്. ഞങ്ങള്‍ അവരില്‍ ചിലര്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഈ അവസ്ഥ തികച്ചും സ്വാഭാവികമായ ഒന്നായി മാറുകയാണുണ്ടായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ദശകങ്ങളായി, തടവിലാക്കപ്പെടുക. പീഡിപ്പിക്കപ്പെടുക എന്നീ കാര്യങ്ങള്‍ ടര്‍ക്കിയില്‍ വളരെ സാധാരണമായി മാറിയിരിക്കുകയാണ്. എന്റെ തലമുറ എനിക്ക് മുന്‍പുണ്ടായിരുന്ന തലമുറ.., ഞങ്ങളെല്ലാം ഈ അവസ്ഥ അനുഭവിച്ചവരാണ്, ഇന്നും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.

🌀 ടര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും താങ്കളുടെ ജിവിതത്തിലുണ്ടായ സംഭവങ്ങളും മനസ്സിലാക്കിയ ഒരു വായനക്കാരന് ‘ഇസ്തംബുള്‍ ഇസ്തംബുള്‍’ എന്ന പുസ്തകത്തിലെ പീഡന രംഗങ്ങള്‍ എഴുത്തുകാരന്റെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണോ എന്ന് സ്വാഭാവികമായും സംശയം തോന്നും. താങ്കള്‍ അതിനെപ്പറ്റി എന്ത് പറയുന്നു?

തീര്‍ച്ചയായും അതെന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ തന്നെയാണ്. പക്ഷെ ടര്‍ക്കിയില്‍ പീഡനം വ്യക്തിപരമായതോ സ്വകാര്യമായതോ ഒന്നല്ല. അത് ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നിങ്ങള്‍ ചായകഴിക്കാനായി നാലഞ്ചു പേരുമായി ഒരു മേശയ്ക്കു ചുറ്റും ഇരിക്കുകയാണെന്നിരിക്കട്ടെ, അവരില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടുപേരെങ്കിലും ഇത്തരത്തില്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും. നേരത്തെ പറഞ്ഞതുപോലെ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വളരെ സ്വാഭാവികമായും സാധാരണവുമായ ഒന്നാണത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ പറ്റി വ്യക്തിപരമായ അനുഭവം എന്ന നിലയില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ഇത്തരം കാര്യങ്ങളെ പറ്റി വ്യക്തികളുടെ അനുഭവം എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത് അസ്വസ്ഥത ഉളവാക്കുന്നതിനാലല്ല, മറിച്ചു മറ്റുള്ളവരും ഇതേ അനുഭവങ്ങളിലൂടെ, ഇതിനേക്കാള്‍ തീക്ഷ്ണമായവയിലൂടെ കടന്നു പോയ, പോകുന്ന കാലത്ത്, സ്വകാര്യ അനുഭവങ്ങള്‍ക്ക് എന്താണ് പ്രസക്തി? എനിക്ക് ആ അനുഭവത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. അതിനു കഴിയാത്ത ധാരാളം ആളുകളെ എനിക്കറിയാം. അവരുടെ ജീവിതങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം.

ജയിലില്‍ അടയ്ക്കുന്നതിന് മുമ്പ് അവര്‍ ഞങ്ങളെ കുറച്ചു നാള്‍ ഒരു പീഡനകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്നു. ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന തടവറ ആ സ്ഥലത്തിന്റെ നേര്‍ച്ചിത്രമാണ്. പുസ്തകത്തിന്റെ ആരംഭത്തില്‍ ആ പീഡനകേന്ദ്രത്തിന്റെ ഒരു മാപ്പ് നല്‍കിയിട്ടുണ്ട്. അത് എന്റെ ഓര്‍മ്മയില്‍ നിന്ന് രൂപപ്പെടുത്തിയെടുത്തതാണ്. സാധാരണ ജനങ്ങള്‍ക്ക് ആ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദമില്ല. അന്ന് ഞങ്ങളുടെ കണ്ണുകള്‍ എപ്പോഴും കറുത്ത തുണി കൊണ്ട് കെട്ടിയിരുന്നു. ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷെ അവസാനം ഞങ്ങള്‍ കാര്യങ്ങള്‍ കണ്ടു. മനസ്സിലാക്കുന്നതില്‍ വിജയിച്ചു.

🌀 ടര്‍ക്കിയിലെ തടവറകളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? താങ്കള്‍ കണ്ടറിഞ്ഞ, അനുഭവിച്ച സമയത്തെ ജയിലുകളെ അപേക്ഷിച്ചു ഇന്ന് അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടോ?

അത് സദാ സമയവും മാറിക്കൊണ്ടേയിരിക്കുകയാണ്. ചിലയിടങ്ങളില്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ സംഗതികള്‍ വളരെ വഷളാവുകയാണ്. നമുക്ക് തിന്മയെ തിന്മയോടു താരതമ്യം ചെയ്യാന്‍ കഴിയുകയില്ല.

🌀 ജീവിതകാലം മുഴുവന്‍, അല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം ജയിലില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വരുമ്പോള്‍ ഈ തടവുകാര്‍ ആ അവസ്ഥയെ എങ്ങനെ തരണം ചെയ്യുന്നു?

അതത്ര എളുപ്പമല്ല. യൂണിവേഴ്‌സിറ്റിയിലെ എന്റെ മുറി പങ്കിട്ടിരുന്ന സുഹൃത്ത് മെഡിസിന് പഠിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി അയാള്‍ ജയിലിലാണ്. ഞാന്‍ ഇടയ്ക്ക് സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. അയാള്‍ ഒരു ഡോക്ടര്‍ ആണ്. പക്ഷെ ജയിലിലുമാണ്. നമുക്ക് അതിലൊന്നും ചെയ്യാനില്ല. അയാള്‍ക്ക് വായിക്കാം. എഴുതാം. എഴുതുന്ന കടലാസുകള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം സന്ദര്‍ശകര്‍ക്ക് നല്‍കാം. അധികൃതര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അവരത് നശിപ്പിച്ചു കളയും. അത്രമാത്രം.

🌀 ടര്‍ക്കി യാത്രയ്ക്കിടെ ഞാന്‍ താമസിച്ച കുര്‍ദ് കുടുംബങ്ങളില്‍ ഒന്നിലെ ഒരു പയ്യൻ കഴിഞ്ഞ പത്തു വര്‍ഷമായി ജയിലിലാണ്. അടുത്ത പത്തു വര്‍ഷങ്ങള്‍ കൂടി അവനു ജയിലില്‍ കഴിയേണ്ടതുണ്ട്. ഭരണകൂടത്തിനു എതിരായ ഒരു പ്രകടനത്തില്‍ പങ്കെടുത്തു എന്നതാണ് അവന്‍ ചെയ്ത കുറ്റം. കണ്ടുമുട്ടിയ ഓരോ കുര്‍ദ് കുടുംബങ്ങള്‍ക്കും ഇങ്ങനെ ഒരു കഥ പറയാനുണ്ടായിരുന്നു. ഇത്തരം അനീതിയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ അന്തര്‍ദേശീയ തലത്തില്‍ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ?

വെറുമൊരു പ്രതിഷേധത്തില്‍ പങ്കെടുത്തു എന്ന കുറ്റം മാത്രമാവില്ല അവരുടെ തലയില്‍ ചുമത്തുന്നത്. ഉദാഹരണത്തിന് ഈ പ്രകടനം സംഘടിപ്പിച്ചത് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് എന്നവര്‍ക്ക് വാദിക്കാം. അതിനര്‍ത്ഥം ആ പ്രകടനത്തില്‍ പങ്കെടുത്തവര്‍ നിയമ വിരുദ്ധമായ ഒരു ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നാണു. അതുകൊണ്ട് തന്നെ ഭീകര സംഘടനകളെ സഹായിച്ചു, അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ഈ കുട്ടികളെ ജയിലില്‍ അടയ്ക്കുന്നത്. ഇത്തരം പരിഹാസ്യമായ കണ്ടെത്തലുകള്‍ ഇത്തരം കേസുകളിലെ വിധികളില്‍ സുലഭമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ കോടതികളിലെ തീരുമാനങ്ങള്‍ ഏകദേശം എല്ലാം തന്നെ ടര്‍ക്കിയ്ക്ക് എതിരാണ്. പക്ഷെ ടര്‍ക്കി അത് ശ്രദ്ധിക്കാറില്ല. അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു. യൂറോപ്യന്‍ കോടതികള്‍ ടര്‍ക്കിഷ് കോടതികളുടെ തെറ്റായ തീരുമാനങ്ങളെ അപലപിക്കുകയും പിഴ ചുമത്തുകയും ചെയ്യാറുണ്ട്. അതല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? യാതൊരു കൂസലുമില്ലാതെ ടര്‍ക്കിഷ് ഗവണ്മെന്റ്റ് പിഴ കൃത്യമായി അടയ്ക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

………………………………………………………….

എഴുത്തിലേക്കുള്ള വഴികള്‍

🌀 ജയില്‍ ജീവിതവും പരിക്കും വിദേശവാസവുമൊക്കെ സാഹിത്യം തൊഴിലായി സ്വീകരിക്കുന്നതില്‍ സ്വാധീനം ചെലുത്തിയോ?

നീ പരാമര്‍ശിച്ച സംഭവം നടക്കുന്നത് 1996-ലാണ്. രാജ്യത്ത് ആഭ്യന്തര കലാപം നടക്കുന്ന സമയമായിരുന്നു. ഞാനൊരു അഭിഭാഷകനായിരുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആയിരുന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനര്‍ത്ഥം, ഭരണകൂടത്തിന്റെ ശത്രുക്കളുടെ മുന്‍നിരയില്‍ ആണ് എന്റെ സ്ഥാനം എന്നായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാവരെയും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നെയും കൊല്ലാന്‍ ശ്രമിച്ചു. അതീവ ഭാഗ്യവാനായിരുന്നതിനാല്‍ എനിക്ക് ജീവനോടെ രക്ഷപ്പെടാന്‍ കഴിഞ്ഞു. പക്ഷെ ഈ സംഭവം എന്റെ ജീവിതം പൂര്‍ണ്ണമായും മാറ്റി മറിച്ചു.

ആരോഗ്യവാനും ചെറുപ്പക്കാരനുമായിരുന്ന എന്റെ അഭിഭാഷക ജീവിതം അതോടെ അവസാനിച്ചു. എനിക്ക് മാരകമായി മുറിവേറ്റു. ജര്‍മനിയിലും ഇംഗ്ലണ്ടിലുമായി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ചികിത്സ ഏകദേശം പത്തു വര്‍ഷത്തോളം നീണ്ടു. ആ സംഭവവുമായി ബന്ധപ്പെട്ട് ഭരണകൂടം എന്നെ ആറു മാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. ജയിലില്‍ പോകാന്‍ തയ്യാറാകാതിരുന്ന ഞാന്‍ പത്തു വര്‍ഷത്തോളം ഇംഗ്ലണ്ടില്‍ ഒളിവില്‍ കഴിഞ്ഞു. എന്റെ ഡിഗ്രിയ്ക്ക് അവിടെ അംഗീകാരമില്ലാത്തതിനാല്‍ അഭിഭാഷകനായി പണിയെടുക്കാന്‍ കഴിയില്ലായിരുന്നു. തൊഴിലില്ലാത്ത, ആരോഗ്യമില്ലാത്ത, നിരന്തരം മരുന്നുകളും ചികിത്സകളും ആവശ്യമായി വരുന്ന ആ അവസ്ഥയില്‍ എഴുതുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ ശങ്കിച്ചു.

ആരോഗ്യം അനുദിനം വഷളാവുകയായിരുന്നു. എനിക്കും അത് തോന്നിത്തുടങ്ങി. ഒളിവിലാണ്, ആരോഗ്യം നശിച്ചു കൊണ്ടിരിക്കുകയാണ്. ആ അവസ്ഥയെ മറികടക്കാന്‍ എന്നപോലെ ഞാന്‍ എഴുതാന്‍ തുടങ്ങി. ധാരാളം കുറിപ്പുകള്‍ എടുക്കുകയും കഥകള്‍ എഴുതുകയും ചെയ്തു. കുറച്ചു നാളുകള്‍ക്കു ശേഷം, ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണത്തെ അതിജീവിക്കാന്‍ കഴിയും എന്നെനിക്കു മനസ്സിലായി. അതെനിക്ക് എഴുത്തിനെ കൂടുതല്‍ തീക്ഷണമായി സമീപിക്കാനുള്ള ഊര്‍ജം നല്‍കി. ആ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ബുര്‍ഹാന്‍ എന്ന അഭിഭാഷകന് പകരം ബാക്കിയുണ്ടായിരുന്നത് ഒരു എഴുത്തുകാരനാണ്. ഇന്നും ഞാനത് തുടരുന്നു.

🌀 എഴുത്തിലേക്ക് നയിക്കാനിടയായ അപ്രതീക്ഷ സാഹചര്യങ്ങളെ കുറിച്ച് നമ്മള്‍ സംസാരിച്ചു. പക്ഷെ അതിനു മുമ്പ് എപ്പോഴെങ്കിലും താങ്കള്‍ എഴുത്തുകാരനായി മാറും എന്ന് തോന്നിയിട്ടുണ്ടോ?

എഴുതാന്‍ എന്നും ഇഷ്ടമായിരുന്നു. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്തു എനിക്ക് രണ്ടു അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഒന്ന് ചെറുകഥയ്ക്കും മറ്റൊന്ന് കവിതയ്ക്കും. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കവേ എനിക്ക് കവിതയ്ക്കു രണ്ടു നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചു. ആദ്യകാലത്തു എന്റെ പ്രണയം കവിതയോട് മാത്രമായിരുന്നു. ഒരു നോവലിസ്റ്റ് ആയി മാറും എന്ന ചിന്ത എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും കടന്നു വന്നിരുന്നില്ല

🌀 ഇത്രയേറെ പൊളിറ്റിക്കല്‍ ആയ നോവലുകള്‍ എഴുതിയിട്ടും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിട്ടും, ഭരണകൂടത്തിനെതിരെ നിര്‍ഭയം സംസാരിച്ചിട്ടും താങ്കള്‍ ഇപ്പോള്‍ ജയിലിലല്ല. ടര്‍ക്കിയില്‍ താമസിക്കാനും സ്വതന്ത്രമായ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അതെങ്ങനെ സാധ്യമാകുന്നു?

അത് ടര്‍ക്കിഷ് സാഹിത്യത്തിന്റെ സ്വഭാവം മൂലമാണ്. എന്റെ എഴുത്ത് പൊളിറ്റിക്കല്‍ ആണെന്ന് നീ പറയുന്നു. പക്ഷെ ടര്‍ക്കിയിലെ മറ്റു എഴുത്തുകാരുമായി താരതമ്യം ചെയ്താല്‍ ഞാന്‍ വളരെ മൃദുവായി കാര്യങ്ങളെ സമീപിക്കുന്നവനാണ് എന്ന് നിനക്ക് മനസ്സിലാവും. കഴിഞ്ഞ നൂറ്റിയമ്പതു വര്‍ഷങ്ങളായി ടര്‍ക്കിയിലെ എഴുത്തുകാര്‍ വളരെ ശക്തമായാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. അതിശക്തമായാണ് ഭരണകൂടത്തിന്റെ രാഷ്ട്രീയ നയങ്ങളെ ആക്രമിക്കുന്നത്. തീര്‍ച്ചയായും അവര്‍ക്കതിന്റെ പരിണിത ഫലങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഗവണ്മെന്റ് അവരെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും തിരിച്ചാക്രമിക്കുന്നു. പക്ഷെ ഇവിടെ നൂറുകണക്കിന് എഴുത്തുകാരുണ്ട്. അവരുടെ ശക്തി ചെറുതല്ല. ഇവരെയെല്ലാം ഭരണകൂടത്തിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗവണ്മെന്റിന്റെ വശത്ത് നിന്നുള്ള പ്രതികാര നടപടികളെയും ജയില്‍ ഭീഷണിയെയും അവഗണിച്ചു കൊണ്ട് എഴുതുന്നതാണ് ടര്‍ക്കിഷ് എഴുത്തുകാരുടെ ശീലം. എന്നെ വേണമെങ്കില്‍ അവര്‍ക്ക് ജയിലില്‍ അടയ്ക്കാം. പക്ഷെ അത് എന്റെ പ്രശ്‌നമല്ല. ഭരണകൂടത്തിന്‍ന്റെ പ്രശ്‌നമാണ്. ആവശ്യമെന്ന് തോന്നിയാല്‍ അവരത് ചെയ്‌തോട്ടെ. ഞങ്ങള്‍ അതിനെക്കുറിച്ചു ചിന്തിക്കാറില്ല. ജയിലോ അതോടനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളോ.. എന്തുമാകട്ടെ. അതൊക്കെ ഗവണ്മെന്റിന്റെ തലവേദനയാണ്.

🌀 രാഷ്ട്രീയം താങ്കളുടെ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? എഴുതാനുള്ള പ്രേരകമായി അത് മാറുകയാണോ അതോ ടര്‍ക്കിയിലെ ജീവിതവും സംസ്‌കാരവും സമൂഹവുമെന്നത് പോലെ രാഷ്ട്രീയവും സ്വാഭാവികമായി എഴുത്തില്‍ കടന്നു വരികയാണോ?

എഴുതുന്ന നേരത്ത് രാഷ്ട്രീയം എന്റെ മനസ്സില്‍ കടന്നു വരാറില്ല. ആ നേരത്ത് പേനത്തുമ്പില്‍ ജീവിതം മാത്രമേയുള്ളൂ. ജീവിതത്തിലെ മറ്റു ഘടകങ്ങളെപ്പോലെ രാഷ്ട്രീയവും സ്വാഭാവികമായി വരികള്‍ക്കിടയില്‍ കടന്നു വരുന്നെന്നു മാത്രം.

🌀 ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പ് താങ്കളുടെ രചനകളെ പ്രതികൂലമായി ബാധിക്കാറുണ്ടോ? ഇത്തരം കാര്യങ്ങള്‍ മൂലം എഴുത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരാറുണ്ടോ?

അത്തരം കാര്യങ്ങള്‍ ഒരിക്കലും എന്റെ എഴുത്തിനെ ബാധിച്ചിട്ടില്ല. ഭരണകൂടഭീകരതയെ ഭയന്ന് എഴുത്തില്‍ സ്വയം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന രീതി ടര്‍ക്കിയിലെ സാഹിത്യകാരന്മാര്‍ക്കിടയില്‍ ഇല്ല. എഴുതാനുള്ളത് ഞങ്ങള്‍ എന്ത് തന്നെയായാലും എഴുതും. ഗവണ്മെന്റ് അതിനെതിരെ ആവുന്നത്് ചെയ്യട്ടെ എന്ന മനോഭാവമാണ് ഇവിടെ എഴുത്തുകാര്‍ക്കുള്ളത്. ആയിരക്കണക്കിന് എഴുത്തുകാര്‍ ഭരണകൂടത്തിനെതിരെ വിമര്‍ശന മനോഭാവത്തോടെ എഴുതുന്നുണ്ട്. അവരെയെല്ലാം നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.

🌀 മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു അഭിഭാഷകനായിരുന്നു എന്നത് എഴുത്തിന് സഹായകമാണോ?

ഒരു എഴുത്തുകാരന്റെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ക്കു യാതൊരു സ്ഥാനവുമില്ല എന്നാണ് എന്റെ വിലയിരുത്തല്‍. രചനയിലുള്ള കഴിവ് മാത്രമാണ് അത്തരമൊരാളിന്റെ ഏക സമ്പത്ത്.

………………………………………………………….

കുര്‍ദ് പ്രതിസന്ധികള്‍

🌀 ടര്‍ക്കിയില്‍ ഇന്ന് കുര്‍ദിഷ് സാഹിത്യത്തിന്റെ സ്ഥാനമെന്താണ്? എന്തെല്ലാം പ്രയാസങ്ങളാണ് നിലനില്‍ക്കാന്‍ വേണ്ടി അത് നേരിടേണ്ടി വരുന്നത്?

പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തു കുര്‍ദിഷ് സാഹിത്യത്തിന് യാതൊരു സ്ഥാനവുമില്ല എന്നതാണ് പ്രഥമമായ പ്രശ്‌നം. കുര്‍ദിഷ് വായിക്കാനും എഴുതാനും ആളുകള്‍ നേരിടേണ്ടി വരുന്ന പ്രയാസത്തിന് കാരണം അതാണ്. വാ്‌മൊഴിയായി മാത്രമാണ് ഇന്ന് കുര്‍ദിഷ് ഭാഷ കൂടുതലും ഉപയോഗിക്കുന്നത്. കുര്‍ദിഷ് ഭാഷയിലെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണശാലകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. ഈ രാജ്യം മുഴുവനുള്ള പുസ്തകശാലകള്‍ തിരഞ്ഞാലും കുര്‍ദിഷ് ഭാഷയിലെഴുതിയ പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമാണ്. പക്ഷെ എനിക്ക് ഞങ്ങളുടെ പുതു തലമുറയില്‍ വിശ്വാസമുണ്ട്. അവര്‍ കുര്‍ദിഷ് പഠിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ഞങ്ങള്‍ സാംസ്‌കാരിക നവോത്ഥാനത്തിന്റെ പാതയിലാണ്. അത് കുര്‍ദിഷ് സാഹിത്യത്തിനും പുതുജീവന്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

🌀 ടര്‍ക്കിഷ് സാഹിത്യകാരന്മാര്‍ കുര്‍ദുകളുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വമാണോ തങ്ങളുടെ രചനകളില്‍ ഉള്‍പ്പെടുത്താറുണ്ടോ?

ധാരാളം ടര്‍ക്കിഷ് സാഹിത്യകാരന്മാര്‍ കുര്‍ദുകളുടെ പ്രശ്‌നങ്ങളെയും സമാനമായ കാര്യങ്ങളെയും പറ്റി തീക്ഷ്ണമായ ഭാഷയില്‍ എഴുതാറുണ്ട്.

🌀 കുര്‍ദ ഭാഷയോട് സര്‍ക്കാറിന്റെ സമീപനം എന്താണ്?

ഏകദേശം നൂറു വര്‍ഷത്തോളം കുര്‍ദ് ഭാഷയുടെ ഉപയോഗം നിരോധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അത് ഉപയോഗിക്കുന്നതിനു നിയമപരമായി വിലക്കുകളില്ല. പക്ഷെ സ്‌കൂളുകളില്‍ കുര്‍ദ് ഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നില്ല. ആശുപത്രികളില്‍ ഞങ്ങള്‍ക്കത് ഉപയോഗിക്കാന്‍ കഴിയുകയില്ല. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാന്‍ ഞങ്ങള്‍ക്കത് വേണമെങ്കില്‍ ഉപയോഗിക്കാം. ഗവണ്മെന്റിന്റെ വകയായ ഒരു കുര്‍ദിഷ് ടിവി ചാനല്‍ ഉണ്ടെന്നു നിനക്കറിയാമോ? ഗവണ്മെന്റിന്റെ പ്രോപ്പഗാണ്ട കുര്‍ദുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ഇസ്ലാം മത പ്രചരണത്തിനും അവരത് ഉപയോഗിക്കുന്നു. ഭരണകൂടത്തിന്റെ ആശയപ്രചരണത്തിനായി മാത്രമാണ് ടര്‍ക്കിഷ് ഗവണ്മെന്റ് ഞങ്ങളുടെ ഭാഷ ഉപയോഗിക്കുന്നത്. അതൊഴിച്ചാല്‍ മറ്റെല്ലാം രീതിയിലും കുര്‍ദിഷ് ഭാഷയുടെ അസ്തിത്വം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ നഗരങ്ങളില്‍, അതായാത് ടര്‍ക് ഭൂരിപക്ഷപ്രദേശങ്ങളില്‍ തെരുവുകളില്‍ കുര്‍ദിഷ് ഭാഷ ഉപയോഗിക്കുന്നത് പോലും അപകടകരമാണ്. നിങ്ങള്‍ ആക്രമിക്കപ്പെടാനും ക്രൂരമായി തല്ലിച്ചതയ്ക്കപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

🌀 കുര്‍ദ് ഭാഷ പഠിക്കുന്ന ധാരാളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഈ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടി. ഉപയോഗിക്കാന്‍ കഴിയാത്ത ഈ ഡിഗ്രികള്‍ കൊണ്ട് അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?

സ്‌കൂളുകളില്‍ കുര്‍ദ് ഭാഷ പഠിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. ഔദ്യോഗികമായി ഈ ഭാഷ ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇവിടെ ടര്‍ക്കിഷ് പഠനം നിര്‍ബന്ധമാണ്. എല്ലാവരും ടര്‍ക്കിഷ് ഭാഷ പഠിച്ചിരിക്കണം. സ്വന്തം താല്‍പ്പര്യപ്രകാരം കുര്‍ദിഷ് ഭാഷ പഠിക്കുകയാണെങ്കില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ക്കത് ഉപയോഗിക്കാം.പക്ഷെ ആ ഡിഗ്രി ഉപയോഗിച്ചു അവര്‍ക്കൊരു ജോലി നേടാന്‍ കഴിയില്ല.

………………………………………………………….

പ്രതിഷേധിക്കുന്ന യുവത്വം

🌀 കുര്‍ദ് യുവത്വം ഈ അവസ്ഥയെ എങ്ങനെയാണ് കാണുന്നത്? അവര്‍ക്ക് ശുഭപ്രതീക്ഷയുണ്ടോ?

അത് വിശദീകരിക്കാന്‍ പ്രയാസമാണ്. അവരുടെ പൊതുവേയുള്ള വികാരം കോപമാണ്. ഗവണ്മെന്റിനോടുള്ള പ്രതിഷേധം ദേഷ്യം എന്നിവയാണ് കുര്‍ദ് യുവാക്കളെ നയിക്കുന്നത്. ഈ രാജ്യത്ത് അവര്‍ക്ക് ഒരു ജോലി കണ്ടെത്താനോ സന്തോഷമായി ജീവിക്കാനോ രാഷ്ര്ട്രീയ പ്രതീക്ഷകള്‍ നിറവേറ്റാനോ കഴിയില്ല. പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ലാത്ത അവസ്ഥ അവരെ വല്ലാത്ത നിരാശയിലേക്കാണ് നയിക്കുന്നത്.

🌀 വിപ്ലവകാരികളുടെ ഒരു തലമുറയാണ് നിങ്ങളുടെത്. പുതിയ തലമുറയെ അതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്താണ് താങ്കള്‍ കാണുന്ന വ്യത്യാസം?

എന്റെ തലമുറയിലെ യുവാക്കള്‍ വളരെ ശുഭാപ്രതീക്ഷയുള്ളവരായിരുന്നു. അവസാനം നമ്മള്‍ ഇതിനൊരു പരിഹാരം കണ്ടെത്തും എന്ന് ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് സമീപഭാവിയില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ശുഭപര്യവസായിയായ ഒരു അവസാനം ഉണ്ടാകും എന്ന പ്രതീക്ഷയില്ല. അവര്‍ക്ക് ഈ സമൂഹത്തില്‍ സ്ഥാനമില്ല എന്ന് യുവാക്കള്‍ മനസ്സിലാക്കുന്നു.

………………………………………………………….

സ്വതന്ത്ര്യദാഹികളായ സ്ത്രീകള്‍

🌀 കുര്‍ദിസ്ഥാനില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടികളെല്ലാം വിപ്ലവ വീര്യം നിറഞ്ഞ മനസ്സുമായി, സമൂഹത്തില്‍ മാറ്റം വരുത്താന്‍ വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. മറിച്ചു ആണ്‍കുട്ടികളാകട്ടെ വല്ലാത്ത ഒരു തരം രാഷ്ട്രീയ അലസതയില്‍ മുഴുകി ജീവിക്കുന്നവരാണ്. എന്തെങ്കിലും കച്ചവടമോ മറ്റോ തുടങ്ങി സ്ഥിരമായ ഒരു വരുമാനമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യബോധമൊന്നും എനിക്കവരില്‍ കാണാന്‍ കഴിഞ്ഞില്ല. എന്താണിതിനു കാരണം?

പൂര്‍ണ്ണമായും യോജിക്കുന്നു. ഈയിടെ നടന്ന ചില സമ്മേളനങ്ങളില്‍ ഞാന്‍ ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. അവിശ്വസനീയമെന്നു തോന്നാം, പക്ഷെ ടര്‍ക്കുകള്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള പ്രദേശങ്ങളിലെ കുര്‍ദ് സ്ത്രീകള്‍ വളരെ ശക്തരാണ്. തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും കഴിവുള്ളവര്‍. രണ്ടു കാരണങ്ങളാണ് ഇതിനു പിന്നില്‍ എന്നാണു ഞാന്‍ കരുതുന്നത്. ഞങ്ങള്‍ വര്‍ഷങ്ങളായി നരകിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം കഷ്ടപ്പാടുകളില്‍ പിടിച്ചു നില്‍ക്കാനും ദുരന്തങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുമുള്ള കഴിവ് സ്ത്രീകള്‍ക്കാണ് കൂടുതല്‍. രണ്ടാമത്തെ കാരണം, ഞാന്‍ കരുതുന്നത് ഭാവിയില്‍ കുര്‍ദുകള്‍ക്കെതിരെ ഭീകരമായ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കുള്ള സാധ്യത പുരുഷന്മാര്‍ക്കെതിരെയുള്ളതിനേക്കാള്‍ അനേക മടങ്ങ് കൂടുതലാണ്. സാമുദായികമായ അടിച്ചമര്‍ത്തലും രാഷ്ട്രീയ കാലാവസ്ഥയും ഏറ്റവും കൂടുതലായി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നത്. അബോധതലത്തില്‍ അവരത് മനസ്സിലാക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പുരുഷന്മാരേക്കാള്‍ വേഗത്തില്‍ അവര്‍ പ്രതികരിക്കുന്നു. അതവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍ സ്വതന്ത്ര്യദാഹികളാണ് സ്ത്രീകള്‍. ടര്‍ക്കിയില്‍ എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരവസ്ഥയുണ്ടാവുകയാണെങ്കില്‍ അതിനു പിന്നില്‍ സ്ത്രീകളായിരിക്കും പ്രവര്‍ത്തിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.

🌀 കുര്‍ദുകളുടെ സ്വാതന്ത്ര്യ ദാഹത്തിന്റെ പ്രതിരൂപമായ അബ്ദുള്ള ഒഹ്ജലാന്‍ സ്ത്രീകളുടെ സ്വതന്ത്ര്യത്തിലൂന്നിയുള്ള ഫിലോസഫിയാണ് ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. വളരെ പരമ്പരാഗതമായ ചിന്താഗതി വച്ചു പുലര്‍ത്തുന്ന കുര്‍ദ് സമൂഹത്തില്‍ ഈ ചിന്താഗതിയ്ക്ക് എത്രമാത്രം വേരോട്ടം ഉണ്ട്?

കുര്‍ദ് രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ ശബ്ദത്തിനാണ് പ്രാധാന്യം കൂടുതല്‍. ടര്‍ക്കിഷ് പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ട് കുര്‍ദ് അനുകൂല പാര്‍ട്ടികളെ അനുകരിക്കാന്‍ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷങ്ങളായി ടര്‍ക്കിഷ് സൈന്യവും കുര്‍ദ് വിപ്ലവകാരികളുമായി ആഭ്യന്തരയുദ്ധം നടന്നു കൊണ്ടിരിക്കുകയാണു. ഞങ്ങളുടെ ഈ പോരാളികളില്‍ പകുതിയോളം സ്ത്രീകളാണ്. സിറിയയില്‍ ഒഴിച്ചാല്‍ നമുക്കിത് മറ്റു രാജ്യങ്ങളില്‍ കാണാന്‍ കഴിയുകയില്ല. മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുരുഷമേധാവിത്വസ്വഭാവമുള്ള സമൂഹമാണ് നിലനില്‍ക്കുന്നത്. കുര്‍ദ് വിപ്ലവത്തില്‍ അവര്‍ക്ക് തുല്യ സ്ഥാനമാണുള്ളത്. സ്ത്രീപുരുഷ സമത്വം എന്ന ആശയം നടപ്പില്‍ വരുത്താന്‍ ഞങ്ങള്‍ക്ക് ആ രീതിയില്‍ കഴിഞ്ഞിട്ടുണ്ട്. കുര്‍ദ് സമൂഹത്തെയാകെ ഈ വിപ്ലവകാരികള്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു.

🌀 എന്താണ് ഇസ്തംബുള്‍ പോലെയുള്ള വന്‍ നഗരങ്ങളില്‍ കുര്‍ദുകളുടെ ജീവിത സാഹചര്യം?

അവര്‍ വിഷമഘട്ടങ്ങളില്‍ തങ്ങളുടെ വീടും നാടും വിട്ടു ഓടി വന്നവരാണ്. താമസിക്കാനൊരു ഇടവും ചെറിയ ജോലികളും കണ്ടെത്തി ജീവിതം തുടങ്ങിയവര്‍. അവരെല്ലാം അങ്ങേയറ്റം ദരിദ്രരാണ്. നഗരത്തിലെ ഏറ്റവും വൃത്തികെട്ട ജോലികള്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. കുടുംബങ്ങളെ തീറ്റിപ്പോറ്റേണ്ടതുള്ളത് കൊണ്ട് മടിയേതുമില്ലാതെ അവര്‍ തൊഴിലാളി സമൂഹത്തിന്റെ ഭാഗമായി മാറുന്നു.

🌀 കുര്‍ദിസ്ഥാനിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളം സിറിയന്‍ അഭയാര്‍ഥികളെ കണ്ടുമുട്ടിയിരുന്നു. അവര്‍ക്കായി ടര്‍ക്കി ഭരണകൂടം എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് സിറിയന്‍ അഭയാര്‍ഥികള്‍. യൂറോപ്യന്‍ യൂണിയനും ടര്‍ക്കിയിലെ ഭരണകൂടവും കൂടി അവരെ പന്തുതട്ടുകയാണ്. അഭയാര്‍ഥിപ്രശ്‌നം ഉണ്ടായപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ടര്‍ക്കിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടത്തി വിടാതെ അഭയാര്‍ഥികളായ സിറിയക്കാരെ ടര്‍ക്കിയില്‍ തടഞ്ഞു നിറുത്തുക. അതിനു പകരം അവര്‍ ടര്‍ക്കി ഗവണ്മെന്റിനു ധാരാളം പണം വാഗ്ദാനം ചെയ്തു. എര്‍ദോഗന്‍ പണം വസൂലാക്കാനുള്ള അവസരമായി കണ്ടു മാത്രമാണ് ഈ ഉടമ്പടിയ്ക്ക് സമ്മതം മൂളിയത് . യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി പണം പിടിച്ചു പറിക്കാനുള്ള ഒരു ഉപായമായാണ് ആ സാധുക്കളെ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായി ആശയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന നേരത്ത് എര്‍ദോഗന്‍ പത്രക്കാരെ വിളിച്ചു കൂട്ടി ഭീഷണിപ്പെടുത്താന്‍ തുടങ്ങും. ”എന്നെ ദേഷ്യം പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഞാന്‍ യൂറോപ്പിലേക്കുള്ള അതിര്‍ത്തി കവാടങ്ങള്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും.” എന്ത് തരം മാനസികാവസ്ഥയാണ് ഇത്? സിറിയയിലെ യുദ്ധത്തിന്റെ ഇരകളായല്ല അവരെ ഈ ഭരണകൂടം കാണുന്നത്. നിഷ്‌കളങ്കരും നിരാലംബരും നിസ്സഹായരുമായ ഒരു കൂട്ടം മനുഷ്യരായല്ല അവരെ ഇവര്‍ കണക്കാക്കുന്നത്. ഭരിക്കുന്നവരുടെ ഈ മാനസികാവസ്ഥ സമൂഹത്തെയും ബാധിക്കുന്നു. ചിലപ്പോള്‍ നീയതിനു സാക്ഷ്യം വഹിച്ചിട്ടുണ്ടാവും. ആളുകള്‍ സിറിയക്കാരെ വെറുപ്പോടെയാണ് കാണുന്നത്. ടര്‍ക്കിയിലെ ജനങ്ങള്‍ക്ക് അവരുടെ സാന്നിധ്യം ഇഷ്ടമാകുന്നില്ല. ശരി. പക്ഷെ നിങ്ങള്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവര്‍ ഇവിടെ താമസിക്കേണ്ടി വരുന്നത് നിങ്ങളുടെ ഭരണകൂടത്തിന്റെ തീരുമാനം മൂലമാണ്. ടര്‍ക്കിഷ് ഗവണ്‍മന്റ് സിറിയയിലെ യുദ്ധത്തിനെ പിന്തുണയ്ക്കുകയായിരുന്നു. ആ പിന്തുണ കൊണ്ട് കൂടിയാണ് അവര്‍ക്ക് സ്വന്തം രാജ്യം വിട്ടു ഓടി രക്ഷപ്പെടേണ്ടിവന്നത്. ആ തരത്തിൽ ചിന്തിച്ചാൽ അവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് ടർക്കിഷ് ഭരണകൂടം കൂടി ഉത്തരവാദിയാണ്.

………………………………………………………….

മതവും ഏകാധിപത്യവും തമ്മില്‍

🌀 ടര്‍ക്കിയുടെ പുതിയ സാമൂഹ്യ ജീവിതത്തില്‍ മതത്തിന്റെ റോള്‍ എന്താണ്?

മതത്തിന് ഈ രാജ്യത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളിലും വലിയ സ്ഥാനമുണ്ട്. രാഷ്ട്രീയക്കാര്‍ അത് അവരുടെ കാര്യസാധ്യത്തിനായി കൗശലത്തോടെ ഉപയോഗിക്കുന്നു.

🌀 അതൊന്ന് വിശദീകരിക്കാമോ?

നമ്മളെല്ലാം മുസ്ലീങ്ങളാണ് എന്ന് പറഞ്ഞു കൊണ്ട് അവര്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നു. വേണമെങ്കില്‍ നിങ്ങളുടെ ഗ്രാമത്തില്‍ അവര്‍ ഒരു പള്ളി കൂടി പണിഞ്ഞു തരും അതോടെ അതുവരെ സഹിക്കേണ്ടി വന്ന അനീതിയും ചൂഷണവും സാമ്പത്തിക പ്രശ്‌നങ്ങളും സാമൂഹിക അസമത്വവും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും ജനങ്ങള്‍ മറക്കും.

🌀ടൈഗ്രിസിന്റെ കരയിലൂടെ നടക്കുമ്പോള്‍ പട്ടണത്തില്‍ നിന്ന് വളരെയകലെ നദിയുടെ മറുകരയില്‍ ഒരു പുതിയ പള്ളി കണ്ടു. അവിടെയ്ക്ക് പോകാന്‍ ഒരു പാലമുണ്ടായിരുന്നു. എന്നിട്ടും ആ സ്ഥലം വളരെ വിജനമായി തോന്നി. പട്ടണത്തിലെ ആളുകള്‍ ആരാധനയ്ക്കായി അവിടെ പോകാറുണ്ടോ എന്ന് ഞാന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അന്വേഷിച്ചു. എങ്ങോട്ട് തിരിഞ്ഞാലും പള്ളികളുള്ള ഒരിടത്തു നിന്ന് ഇത്രയേറെ ദൂരെ എന്തിനു പ്രാര്‍ത്ഥിക്കാനായി വരണം എന്നാണു അയാള്‍ ചോദിച്ചത്.

അതിനു ഒരു കാരണമേയുള്ളൂ. ജനങ്ങള്‍ക്ക് തന്നെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള അവസരമൊരുക്കുന്നതിനായാണ് എര്‍ദോഗന്‍ ഈ പള്ളികള്‍ പണിയുന്നത്. ഈ ആരാധനാലയങ്ങളെ ജനങ്ങള്‍ എര്‍ദോഗന്റെ പള്ളി എന്നാണു വിളിക്കുന്നത്.

‘സംസാരിച്ചു കൊണ്ടിരിക്കെ, ദൂരെയുള്ള ഒരു മലമുകളില്‍ അവ്യക്തമായി കാണുന്ന പള്ളിയുടെ രൂപത്തിലേക്ക് ബുര്‍ഹാന്‍ വിരല്‍ ചൂണ്ടി)

നിനക്ക് ആ പള്ളി കാണാമോ? അത് പൊതുജനങ്ങള്‍ക്കായി കഴിഞ്ഞ മാസം തുറന്നു കൊടുത്ത ഇസ്തംബുള്‍ നഗരത്തിലെ എര്‍ദോഗന്റെ ഏറ്റവും പുതിയ പള്ളിയാണ്. ആ മലയുടെ മുകളിലേക്ക് പ്രാര്‍ത്ഥിക്കാനായി ആരും പോകാറില്ല. എല്ലാ മതപണ്ഡിതന്‍മാര്‍ക്കും ഈ പള്ളിയിലേക്ക് നഗ്‌നപാദരായി ഒരു തീര്‍ഥയാത്ര നടത്താന്‍ നിര്‍ദ്ദേശം കൊടുക്കുകയും അതില്‍ പങ്കെടുക്കാതിരുന്ന ഇമാമുകളെ പറ്റി അന്വേഷണം നടത്തുകയും ചെയ്തു. അവര്‍ ഇപ്പോള്‍ അച്ചടക്ക നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? ഇസ്താംബുള്‍ നഗരത്തില്‍ ആയിരക്കണക്കിന് പള്ളികളുണ്ട്. എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു? ഒരു കാരണമേയുള്ളൂ. ഒരു സ്വേച്ഛാധിപതി സ്വന്തം സ്മാരകങ്ങള്‍ നിര്‍മ്മിക്കുകയാണ്.

ദൈവത്തിനു പകരം എര്‍ദോഗന്റെ പേരില്‍ ഈ പള്ളികള്‍ അറിയപ്പെടുന്നു. ദൈവത്തെക്കാള്‍ ഒരു വ്യക്തിക്ക് പ്രാധാന്യം ലഭിക്കുന്നത് അത്ര നിസ്സാരമായ ഒന്നാണോ?
അയാള്‍ അല്ലാഹുവിനെ വകവയ്ക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? ദൈവഭയമോ വിശ്വാസമോ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്കെതിരെ ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ ഒന്ന് മടിക്കും. എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് ഇന്ന് ഈ രാജ്യം ഭരിക്കുന്നത്.

🌀 ഐ എസ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ രാജ്യത്തിലെ ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെടുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് അവരുടെ റോള്‍?

ഞാന്‍ വിശ്വസിക്കുന്നത്, ഐ എസ് ടര്‍ക്കിയില്‍ സ്വതന്ത്രരായല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ്. ടര്‍ക്കിഷ് ഇന്റലിജന്‍സ് വിഭാഗവുമായി യോജിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സിറിയന്‍ യുദ്ധത്തില്‍ അവര്‍ ഒരുമിച്ചായിരുന്നുവല്ലോ. ഈ തീവ്രവാദികള്‍ ടര്‍ക്കിയില്‍ എന്ത് ചെയ്താലും അത് ഇവിടുത്തെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറിവോടെയാണ് നടക്കുന്നത്. ഈ രാജ്യത്തിലെ ഐഎസിന്റെ കഴിഞ്ഞ നാലഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാന്‍ എളുപ്പമാണ്. അവര്‍ ബോംബുകളുമായി ചാവേറുകളെ അയക്കുന്നു. പക്ഷെ ഈ ചാവേറുകള്‍ ഉന്നം വയ്ക്കുന്നത് ഇടതുപക്ഷരാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളെയും കുര്‍ദുകളുടെ യോഗങ്ങളെയും യൂറോപ്യന്‍ സഞ്ചാരികളുടെ കൂട്ടങ്ങളെയും മാത്രമാണ്. സര്‍ക്കാറിന് താല്‍പ്പര്യമില്ലാത്തവരെ മാത്രമാണ് ഐഎസ് ആക്രമിക്കുന്നത്. ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് അവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തന്നെയാണ്.

………………………………………………………….

മാധ്യമങ്ങള്‍, സിനിമ, കല

🌀 ടര്‍ക്കിയിലെ മാധ്യമങ്ങളുടെ അവസ്ഥ എന്താണ്? മാധ്യമങ്ങളുടെ മേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണത്തെ കുറിച്ചു താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

മാധ്യമങ്ങളുടെ തൊണ്ണൂറു ശതമാനത്തോളം ഗവണ്‍മെന്റിന്റെ കയ്യിലാണ്. നേരിട്ടോ അല്ലാതെയോ അവര്‍ വാര്‍ത്ത വിതരണ സംവിധാനങ്ങളെ നിയന്ത്രിക്കുന്നു. ഞങ്ങളുടെ അവസാനത്തെ ആശ്രയമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റില്‍ വാര്‍ത്താ വിതരണത്തിനായി നിരവധി വേദികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ടര്‍ക്കിയില്‍ എല്ലാവരും സോഷ്യല്‍ മീഡിയയുടെ ഉപഭോക്താക്കളാണ്. ഞങ്ങളാരും പത്രങ്ങള്‍ വായിക്കാറില്ല. വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ട്വിറ്റര്‍ സഹായിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ഗവണ്മെന്റിനു നിരവധി കേന്ദ്രങ്ങള്‍ തന്നെയുണ്ട്. ഇന്റര്‍നെറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ അവര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷെ ഗവണ്മെന്റിന്റെ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരേയൊരു ഉപാധിയായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു.

🌀 കുര്‍ദിസ്ഥാനിലെ ഉള്‍നാടന്‍ പട്ടണങ്ങളില്‍ പോലും ബിബിസി, സി എന്‍ എന്‍ മുതലായ മാധ്യമങ്ങളുടെ പ്രതിനിധികളെ കാണാനിടയായി. വിദേശ മാധ്യമങ്ങളും വാര്‍ത്തകള്‍ പുറത്തു വിടുന്നില്ലേ?

തീര്‍ച്ചയായും. പക്ഷെ ഈ മാധ്യമപ്രതിനിധികള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പരിമിതികളുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ലേഖനങ്ങള്‍ അവര്‍ നല്‍കിയേക്കാം. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ഇന്റര്‍നെറ്റിന്റെ പരിധികളില്ലാത്ത സാധ്യതകളെ ആശ്രയിക്കുന്നത്.

🌀 ടര്‍ക്കിയിലെ സിനിമയുടെ അവസ്ഥ എന്താണ്? കലയുടെ, കലാകാരന്‍മാരുടെ അവസ്ഥ എന്താണ്? ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കലാകാരന്മാര്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ? അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടോ?

എല്ലാ കലാരൂപങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനു അവരും ഇരയാകുന്നുണ്ട്. സിനിമകള്‍ കനത്ത സെന്‍സര്‍ഷിപ്പിനു വിധേയമാകുന്നു. ചിത്ര പ്രദര്‍ശനങ്ങള്‍ തീവ്ര സ്വഭാവവും ഭരണാധികാരികളെ പിന്തുണയ്ക്കുന്നതുമായ സംഘങ്ങളാല്‍ ആക്രമിക്കപ്പെടുന്നു. നാഷണലിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും മതഭ്രാന്തരുമായ തീവ്രവാദികള്‍ ശില്‍പ്പങ്ങള്‍ പോലും നശിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടര്‍ക്കിയുടെയും അര്‍മനിയയുടെയും അതിര്‍ത്തി പ്രദേശത്തു പ്രമുഖനായ ഒരു ടര്‍ക്കിഷ് ശില്‍പ്പി മനുഷ്യാവകാശങ്ങളെ വിഷയമാക്കിയുള്ള ഒരു വലിയ പ്രോജക്ട് ചെയ്യാന്‍ തുടങ്ങി. ആ സമയത്തു പ്രധാനമന്ത്രി ആയിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് എര്‍ദോഗാന്‍ ഇടപെടുകയും ആ പ്രോജക്ട് നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു. പകുതി പൂര്‍ത്തിയായിരുന്ന ആ മഹത്തായ ശില്‍പം നശിപ്പിക്കപ്പെട്ടു.ഇത്തരംഅനുഭവങ്ങളിലൂടെ ഭരണകൂടത്തെ വിമര്‍ശന മനോഭാവത്തോടെ സമീപിക്കുന്ന എല്ലാ കലാകാരന്മാരും കടന്നു പോവുന്നുണ്ട്.

🌀 ടര്‍ക്കിയിലെ ന്യൂനപക്ഷസമൂഹമായ കുര്‍ദുകളുടെ പ്രതിനിധി എന്ന നിലയില്‍ താങ്കള്‍ ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളെ എങ്ങനെ കാണുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

ലോകം മുഴുവന്‍ സമൂഹത്തിന്റെ ചില പൊതു സ്വഭാവങ്ങള്‍ക്കിരയായി രൂപം മാറിക്കൊണ്ടിരിക്കുകയാണ്. സമാനവും ഭൂരിപക്ഷ സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതുമായ ഭരണരീതികളാണ് ഇന്ന് മിക്ക രാജ്യങ്ങളിലെയും ഭരണാധികാരികള്‍ അവലംബിക്കുന്നത്. പുതിയ ഭരണാധികാരികള്‍ ഇത്തരം രീതികള്‍ പരസ്പരം പകര്‍ത്തുകയാണ്. എര്‍ദോഗാന്‍ വളാദിമിര്‍ പുടിനെ അനുകരിക്കുന്നു. മോദിയുടെ പരിഷ്‌കാരങ്ങള്‍ എര്‍ദോഗാനെ ഓര്‍മ്മിപ്പിക്കുന്നു. ട്രംപ് മോദിയുടെ രീതികള്‍ കടമെടുക്കുന്നു.. ബ്രസീലിലെ ബോല്‍സൊനാരോ, ഫിലിപ്പീന്‍സിലെ ഡ്യുച്ചെര്‍ത്തെ, ഹംഗറിയിലെ ഓര്‍ബാന്‍.. ഇവരെല്ലാം ഒരേ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നവരാണ്. ഭ്രാന്തരായ ഭരണാധികാരികളുടെ ഒരു സംഘം ഈ ഭൂമിയെ ശിഥിലീകരിക്കുകയാണ്.

ജനയുഗം ഞായർ പത്രം
thank u Jayan Madathil

ഒരാളെ സൂക്ഷ്മം ഓർമ്മിക്കും വിധം

വളരെ പരിചിതനായ ഒരാളെ

സൂക്ഷ്മം നിരീക്ഷിക്കുമ്പോൾ .

അയാൾ ജലം കൊണ്ടൊരു

മേലങ്കി മാത്രം പുതച്ചിരുന്നു .

ഉള്ളിലിരിപ്പിലൊന്നും

അയാൾ ചുമക്കുന്നതേയില്ല .

വെട്ടി ഒതുക്കിയ മുടിക്കിടയിൽ

ചുഴി കണ്ടെത്താൻ ശ്രമിച്ച്

നിങ്ങൾ പരാജയപ്പെടുന്നു .

ചിരിക്കാൻ മടിയുള്ള ചുണ്ടുകളൊന്നും

പറയാൻ ശ്രമിക്കുന്നതേയില്ല .

മുദ്രകാണിക്കാത്ത വിരൽ നഖം

ചെറുതായി പൊട്ടിയിട്ടുണ്ട് .

ഉള്ളങ്കയ്യിലെ മറുകിൽ നിന്ന്

സ്നേഹം വേരോടെ പിഴുതെടുക്കാം .

രേഖകളില്ലാത്ത കൈ .

ഭൂഖണ്ഡങ്ങൾ ഇല്ലാത്ത

നിറം കെട്ട ഗ്ലോബ് ആകുന്നു .

കുന്നിറങ്ങുമ്പോഴോ

മരം കയറുമ്പോഴോ

വീണു പൊട്ടിയ പാടുകൾ

നിങ്ങളുടെ കണ്ണിലുടക്കുന്നു.

ഇത്ര കാലം അയാളെ ഓർക്കുമ്പോൾ

പച്ച നീളൻ കുപ്പായം .

മരനിറമുള്ള ചെരുപ്പും .

മാത്രമായിരുന്നു .

ഒരാളെ എത്ര സുക്ഷ്മമായി

ഓർക്കാനാകും ?