കോഴിക്കോട്: മലയാളചലച്ചിത്ര താരം കലിംഗ ശശി(59) (വി. ചന്ദ്രകുമാര്‍)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500ലധികം നാടകങ്ങളില്‍ അഭിനയിച്ചു.
1998 ല്‍ പുറത്തിറങ്ങിയ തകരച്ചെണ്ടയെന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കലിംഗ ശശി പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തകരച്ചെണ്ടയ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ തിരിച്ച് നാടക രംഗത്തേക്ക്. പിന്നീട് രഞ്ജിത് ചിത്രമായ പാലേരി മാണിക്യത്തിലൂടെ വീണ്ടും സിനിമാ രംഗത്തേക്ക്. കാഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് കലിംഗ ശശി. പ്രഭാവതിയാണ് ഭാര്യ.











































