കോവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 50 ലക്ഷം രൂപ നല്‍കി. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന തുക മറ്റൊരു അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്നും ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയില്‍ സംഭാവന ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.അതേസമയം, കേരളത്തില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ കാസര്‍ഗോഡ് ജില്ലയിലാണ്. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.