ഒരുമിച്ചു നിൽക്കാം ,ഒന്നായി ചേരാം

ബിനു കാസിം

“വീണ്ടും ഒരുനാൾ വരും നമുക്കായി ഇതെല്ലം ഓര്മകളാക്കി
അതിജീവിക്കും ഇതും ഒരുമിച്ചു നിൽക്കാം ഒന്നായി ചേരാം”

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാമേവരും കേട്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ ആശങ്കാജനകമായ വാർത്തകൽ ആയിരിക്കാം. അതിനു വിഭിന്നമായി ഒരു പ്രഭാതം ഞ്യാൻ അനുഭവിച്ചാസ്വദിച്ചതു റാന്നിയിലെ തോമസ് മറിയാമ്മ ദമ്പതികളുടെ സുഖപ്രാപ്തി വിവരം കേട്ടുണർന്നാണ്.
കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരും നേഴ്സ്മാരും ചേർന്ന് ആദരപൂർവ്വം യാത്രയാക്കുമ്പോൾ, ആ മാതാപിതാക്കളുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം, നഴ്സുമാർ പാട്ടുപാടിയും കഥകൾ പറഞ്ഞും അവരെ സാന്ത്വനിപ്പിച്ചു. ഇത് അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവം. കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളജിലെ ആതുര സേവകരുടെ ഈ മഹനീയ മാതൃകയ്ക്ക് നമുക്ക് അഭിമാനിക്കാം .അപ്പോഴാണ് ശുശ്രൂഷരംഗത്തെ കാവൽ മാലാഖമാരോടുള്ള ആദരവ് എന്നിൽ ഇത് വർധിപ്പിക്കുന്നതിനോടൊപ്പം അവർക്കു പകരം എന്ത് നൽകാൻ സാധിക്കും എന്ന ഒരുചിന്ത ഉണ്ടായത് .

ഒരു കാലഘട്ടം അടയാളപ്പെടുത്തിയ ത്യാഗമനോഭാവം നിശബ്ദതയോടെ വിടപറയുന്നുവോ എന്ന് തോന്നിപ്പോയ ഒരു നിമിഷം. ലോകം മുഴുവൻ ഒരു മഹാമാരിയേ നേരിടുമ്പോൾ നിശബ്ദതയോടെ സ്വന്തം വീട്ടിൽ ഒതുങ്ങികൂടണോ അതോ മെഡിക്കൽ രംഗത്തെ കാവൽ മാലാഖാമാർക്കായി അവർ അനുഭവിക്കുന്ന മനോവിഷമത്തിൽ പങ്കുചേരണോ എന്നതിനെ കുറിച്ചുള്ള ഒരു ചിന്തയിൽ നിന്ന് ഒരു ആശയം രൂപം കൊണ്ടു.
എന്തുകൊണ്ട് ശുശ്രൂഷരംഗത്തെ കാവൽ മാലാഖാമാർക്കായി നമുക്ക് മാസ്ക് ഉണ്ടാക്കി കൊടുത്തുകൂടാ?

ഒരു ചോദ്യം പോലെ ഉയർന്നുവന്ന ആ ആശയത്തെ അറ്റ്ലാന്റയിലെ ഒരു സംഘം വീട്ടമ്മമാർ അത്യധികം ആവേശത്തെക്കാളുപരി ആദരവോടെ ഏറ്റെടുത്തപ്പോൾ, ഒരു വൻ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വിവിധ ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്ക് തെല്ലൊട്ടുമില്ല ആശ്വാസമേകിയത്. ഹൃദയത്തിൽ നന്മയുടെ നീരുറവുകൾ വറ്റാതെ സൂക്ഷിച്ച അറ്റ്ലാന്റയിലെ ഒരുസംഘം മലയാളി വനിതകൾ തങ്ങളുടെ മനസ്സിന്റെ ചൈതന്യത്തെ ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ , ഹോസ്പിറ്റൽരംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാഫുകൾക്ക് സമ്മാനിച്ചത് ആശ്വാസത്തിന്റെ ഒരു മധുരനൊമ്പരകാറ്റായിരുന്നു.

ഈ മനുഷ്യസ്‌നേഹത്തിന്റെ കൂട്ടായ്മയെ സഹായിക്കാനായി സമൂഹത്തിലെ നിരവധി സാധാരണക്കാരും സാംസകാരിക നായകന്മാരും അണിനിരന്നപ്പോൾ അന്യമായതു സാമ്പത്തിക ബാധ്യതയുടെ അതിവരമ്പുകളായിരുന്നു. ഇതിലൂടെ ആയിരത്തിഅഞ്ഞൂറിലധികം ഡോളറിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും , ഏകദേശം ഏഴുന്നൂറിലധികം കോട്ടൺ മാസ്‌ക്കുകൾ തുന്നി നൽകാനും സാധിച്ചു. അറ്റ്ലാന്റ ആസ്ഥാനമായുള്ള എമോറി ഹോസ്പിറ്റലിലെ സ്റ്റാഫുകളുടെ ദൈനദിനമായ ആവശ്യങ്ങൾക്കായി ആദ്യ സംഭാവന എന്ന നിലയിൽ ഇരുന്നൂറ്റിഅറുപതു മാസ്‌ക്കുകൾ ഈ കഴിഞ്ഞ വാരാന്ത്യത്തിൽ കൈമാറുകയുണ്ടായി. വരും ആഴ്ചകളിൽ ഈ കൂട്ടായ്മയുടെ ഫലമായി ഏഴുന്നൂറിലധികം മാസ്‌ക്കുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നു കരുതുന്നു.

അതിവേഗതയുടെ കാലഘട്ടത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്‌, മനസ്സ് നിറയെ നന്മയുടെ ചൈതന്യം കാത്തുസൂക്ഷിച്ച ഈ കൂട്ടയ്മയ്ക്ക് എത്ര നന്ദി പറഞ്ഞാലും ഈ അവസരത്തിൽ അധികമാവില്ല .
മരണമില്ലാത്ത ഈ ഓർമ്മകൾക്കു നേതൃത്വം നൽകിയത് തിരുവനന്തപുരം ഓൾ സൈന്റ്സ് കോളേജിലെ അധ്യാപികയായിരുന്ന ബീന ഫിലിപോസിനും, ഭർത്താവ് പ്രസാദ് ഫിലിപോസിനും, ഇതിൽ പങ്കാളികളായ നൂർജഹാൻ അബ്ദുൽ സലാം, ജെസ്‌ന ജോജിയും സുഹൃത്തുക്കളും, ഷീന ബിനു, ഉമാ അനിൽ, പ്രസീത സന്ദീപ്, അഞ്ചു രതീഷ്, ലീലാമ്മ ഈപ്പൻ, ദിവ്യ ലക്ഷ്മണൻ, ഗീത തോമസ്, കാമിനി റെഡ്‌ഡി, ഷോൺ ജേക്കബ് , ഷൈനി സന്തോഷ്, ലൈല മേലെത്തെ, സജിത ഉണ്ണി തുടങ്ങിയവരാണ് .