ധാരാവി പൂര്‍ണമായും അടച്ചിടാന്‍ ആലോചന

മുംബൈ: കോവിഡ് ബാധിച്ച് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുംബൈയിലെ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച മാത്രം ആറു കേസുകളുണ്ടായി. ചേരിയില്‍ സാമൂഹിക വ്യാപനം നടന്നതായി സംശയമുണ്ടെന്ന് നേരത്തെ ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധാരാവിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള ഇയാള്‍ മരിക്കുകയും ചെയ്തു. ബുധനാഴ്ച 64 വയസുള്ള ഒരാള്‍കൂടി രോഗം ബാധിച്ച് മരിച്ചു. രണ്ടു മരണവും ബാലികാ നഗറിലാണ്. ഇവിടം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതി സങ്കീര്‍ണ്ണമാകും എന്നതാണ് സര്‍ക്കാറിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. അതിനിടെ, ബുധനാഴ്ച 117 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍്ട്ട് ചെയ്തത്. മൊത്തം കേസുകള്‍ 1135. 72 മരണങ്ങളുമുണ്ടായി.