കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാള്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു

കോഴിക്കോട്: എടച്ചേരിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ക്വാറന്റൈന്‍ കാലയളവ് പിന്നിട്ടയാളാണെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് മാര്‍ച്ച് 18-ാം തീയതി നാട്ടിലെത്തിയ ഇദ്ദേഹം ക്വാറന്റൈനിലായിരുന്നു. ശനിയാഴ്ച ഇദ്ദേഹത്തിന്റെ 67-കാരനായ അച്ഛനും 19-കാരിയായ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇവര്‍ക്ക് മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചത് അന്തരിച്ച മാഹി സ്വദേശിയില്‍ നിന്നാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമികനിഗമനം. 67-കാരനും മാഹി സ്വദേശി മഹ്‌റൂഫും ഒരേ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.

ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ആള്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചത് ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ എന്നത്, ഹൈ റിസ്‌ക് മേഖലകളില്‍ നിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ക്വാറന്റൈനായി കേരളം ദീര്‍ഘിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം 24-ാം തീയതി തന്നെ ചെറിയ പനിയുമായി ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. എന്നാല്‍ എ ലെവലിലുള്ള പനി മാത്രമേയുള്ളൂ എന്നതിനാല്‍, കൊവിഡ് പരിശോധനയ്ക്ക് വേണ്ട രോഗലക്ഷണങ്ങളില്ല എന്ന വിലയിരുത്തലില്‍ ഇദ്ദേഹത്തെ പരിശോധിക്കാതെ പറഞ്ഞുവിടുകയായിരുന്നു.

കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തിപ്രദേശമായ എടച്ചേരിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് പ്രദേശത്ത്.

അതേസമയം, കാസര്‍കോട് രോഗികളുടെ എണ്ണം നേരത്തേതു പോലെ ആനുപാതികമായി കൂടുന്നില്ല എന്നതിനൊപ്പം അതിര്‍ത്തിജില്ലയായ കണ്ണൂരില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നു എന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. കണ്ണൂരില്‍ ഇന്ന് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഏഴ് ദിവസമായി കണ്ണൂരില്‍ നിന്ന് കേസുകള്‍ തുടര്‍ച്ചയായി എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതും ഇതില്‍ അഞ്ച് ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കണ്ണൂരില്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ അതീവജാഗ്രത ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുന്നത്.

തലശ്ശേരി അടക്കമുള്ള മേഖലകളിലാണ് അതീവജാഗ്രത നിലനില്‍ക്കുന്നത്. ഇവിടെ അതീവശ്രദ്ധ വേണ്ട കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂര്‍ പഞ്ചായത്ത്, കോട്ടയം മലബാര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.