ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി; ഏപ്രില്‍ 20ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് ഇന്ന രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. കൊറോണയ്ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരും. അതുവരെ എല്ലാ ജില്ലകളും കര്‍ശനമായി നിരീക്ഷിക്കും. സാഹചര്യങ്ങള്‍ വിലയിരുത്തിയാകും നിയന്ത്രണങ്ങള്‍ നീക്കുന്നത്. കൊറോണയ്ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ്. ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു. ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിക്കുകയും ചില സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ നീട്ടുകയും ചെയ്തിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളോടെ വിപണി തുറന്നേക്കും എന്ന സൂചനയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ അടുത്ത മാസം ആദ്യത്തേക്ക് നീട്ടിയത്.