കോവിഡ് 19: വിര്‍ജീനിയയിലെ ഒരൊറ്റ നഴ്‌സിങ് ഹോമില്‍ മാത്രം 42 മരണം

റിച്ചുമോണ്ട്(വിര്‍ജീനിയ): വിര്‍ജീനിയായിലെ റിച്ചുമോണ്ടിലുള്ള കാന്റര്‍ബറി റിഹാബിലിറ്റേഷനിലെ 163 അന്തേവാസികളില്‍ 127 പേരില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തുകയും 42 പേര്‍ മരിക്കുകയും ചെയ്തതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജയിംസ് റൈറ്റ് അറിയിച്ചു. കൊറോണ വൈറസ് അമേരിക്കയില്‍ വ്യാപകമായതിനു ശേഷം ഒരൊറ്റ നഴ്‌സിങ്ങ് ഹോമില്‍ ഇത്രയുംമധികം പേര്‍ മരിക്കുന്നത് ആദ്യ സംഭവമാണ്. ഇവിടെയുള്ള രോഗികള്‍ക്കു പുറമെ 35 സ്റ്റാഫ് അംഗങ്ങള്‍ക്കും വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ നഴ്‌സിങ് ഹോമില്‍ ഇനിയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായി ഡോ. ജയിംസ് റൈറ്റ് പറഞ്ഞു. പഴ്‌സനല്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ അപര്യാപ്തതയും മെഡിക്കല്‍ മാസ്‌ക്, ഗൗണ്‍ എന്നിവയുടെ കുറവും രോഗം പെട്ടെന്ന് വ്യാപിക്കുവാന്‍ ഇടയായെന്നും ഡോക്ടര്‍ പറഞ്ഞു.കൊറോണ വൈറസിന്റെ ആക്രമണത്തിനു ഇരയാകുന്നതില്‍ നല്ലൊരു ശതമാനം പ്രായമായവരാണ്.

പ്രത്യേകിച്ച് നഴ്‌സിങ് ഹോമില്‍ കഴിയുന്നവര്‍ രോഗപ്രതിരോധ ശക്തി കുറയുന്നതിനും മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇതിനുകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. അമേരിക്കയില്‍ ലഭ്യമായ കണക്കുകളനുസരിച്ച് കോവിഡ് 19 മൂലം മരിച്ചവരുടെ (നഴ്‌സിങ് ഹോം) എണ്ണം 3,621 ആണ്. നഴ്‌സിങ്ങ് ഹോമില്‍ കോവിഡ് 19 പരിശോധന നടത്താന്‍ കഴിയാതെ മരിച്ചവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍