ആശ്വാസം; തൃശ്ശൂര്‍ ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ 15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. തുടര്‍ച്ചയായി മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്.ഇനിയുള്ള 15 ദിവസം കുട്ടി ചാലക്കുടിയിലെ വീട്ടില്‍ ചികിത്സയില്‍ തുടരും. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛനില്‍ നിന്നാണ് കുട്ടിക്ക് അസുഖം പകര്‍ന്നത്.

രണ്ടാമതും സാംപിള്‍ ഫലം നെഗറ്റീവായതോടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് തൃശ്ശൂരിലായിരുന്നു.10,030 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 11 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് പിന്തുണയേകുന്നതിനായി കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

അതേസമയം പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.