പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളം തയാറാണെങ്കിലോ എന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് 19 കാരണം ​ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ അകപ്പെ പ്രവാസികളെ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. പ്രവാസികൾക്ക് നിലവിൽ അവർ താമസിക്കുന്നിടത്ത് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും ഇതിനായി എംബസികൾക്ക് നിർദ്ദേശം നൽകിയതായും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ലോക്ഡൗൺ കാലയളവിൽ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾക്ക് ആശ്വാസം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. വിമാനക്കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

പ്രവാസികളെ കേരളം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അക്കാര്യം ആലോചിച്ചു കൂടേ എന്ന് കോടതി ചോദിച്ചു. ഗള്‍ഫിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് 21ന് വീണ്ടും പരിഗണിക്കും.

ക്വാറന്റൈൻ ഉറപ്പാക്കാതെ തിരികെ കൊണ്ടുവരാനാകില്ല: വി.മുരളീധരൻ

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ക്വാറന്റൈൻ ഉറപ്പാക്കാതെ പ്രവാസികളെ എത്തിക്കുന്നത്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഇതിനാലാണ്​ ഈ വിഷയത്തിൽ കേന്ദ്രം എടുത്തുചാടി തീരുമാനമെടുക്കാത്തത്​. ജനങ്ങളുടെ സുരക്ഷ ബലികൊടുത്ത്​ തീരുമാനമെടുക്കാനാവില്ല. പ്രവാസികളെ എത്തിക്കാൻ കേന്ദ്രം ശ്രമം തുടങ്ങിയെന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്​ടിക്കാനാണെന്നും മുരളീധരൻ​ പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ യാതൊരു അറിയിപ്പും ലഭിച്ചി​ട്ടെല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന്​ സംസ്ഥാനം അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്​തമായിരുന്നു.