കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍; റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദക്ഷിണ കൊറിയ

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ദക്ഷിണ കൊറിയ. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.
ഒദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല .

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.