രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലേ?സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ സര്‍ക്കാറിനോട് ഹൈക്കോടതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്നും ഡാറ്റ സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജി ഓണ്‍ലൈനായാണ് പരിഗണിച്ചത്. കേസില്‍ സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല. രണ്ട് ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം പോലും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലേയെന്നും സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതുമായി ബന്ധപ്പെട്ട വ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ എന്തുകൊണ്ട് അംഗീകരിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു.

ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ സ്പ്രിന്‍ക്ലറിന് ഡാറ്റ കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവ് വേണം എന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. സെന്‍സിറ്റീവ് ഡാറ്റകള്‍ ഒന്നും സ്പ്രിന്‍ക്ലറിന് നല്‍കുന്നില്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിഷയത്തില്‍ വ്യക്തത വരുന്നതു വരെ ഡാറ്റ അപ്ലോഡ് ചെയ്യരുതെന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സർക്കാരിനായി അഡീഷണൽ എ ജിയാണ് കോടതിയിൽ ഹാജരായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് പ്രവർത്തിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. സെൻസിറ്റീവ് വിവരങ്ങൾ ഒന്നും ഇല്ല. അങ്ങനെ പറായാനാകില്ലെന്ന് പറഞ്ഞ കോടതി മെഡിക്കൽ വിവരങ്ങൾ സെൻസിറ്റീവ് മാത്രമല്ല അപകടകരവുമാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.