പ്രവാസികള്‍ തിരിച്ചെത്തിയാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി:മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. കൂടുതല്‍ ആളുകള്‍ വരുന്നുണ്ടെങ്കില്‍ അവരെയും സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള സംവിധാനം തയാറാക്കിയിട്ടുണ്ടെന്നും കൊറോണ അവലോകനത്തിനുള്ള ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ ക്വാറന്റീന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കൊവിഡ് 19 ഒഴികെയുള്ള മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു തീരുമാനം ഉണ്ടാകുന്നതുവരെ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ പ്രവാസികള്‍ കഴിയണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ കാലഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്ട്സ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച്‌ പ്രവാസികള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.